ന്യൂദല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി അവതരിപ്പിച്ച ബദല്രേഖയിന്മേല് കേന്ദ്രകമ്മറ്റി ചര്‍ച്ച തുടങ്ങി. ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും അതിനു ശേഷം അടവുനയ അവലോകന രേഖയ്ക്ക് അന്തിമ രൂപം നല്‍കുമെന്നും സിപിഎം കേന്ദ്രനേതൃത്വം വ്യക്തമാക്കി.
വ്യക്തിയധിഷ്ഠിത നിലപാടുകള്‍ പാര്‍ട്ടിക്കു തിരിച്ചടി നല്‍കിയെന്ന വിമര്‍ശനം കേന്ദ്രകമ്മറ്റിയംഗങ്ങള്ക്ക് വിതരണം ചെയ്ത യെച്ചൂരിയുടെ ബദല്രേഖയിലുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ ലക്ഷ്യമിട്ടുള്ള വിമര്‍ശനമാണിത്. കഴിഞ്ഞ പത്തുവര്‍ഷം അടവുനയം പ്രയോഗിക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. അടവുനയം നടപ്പിലാക്കുമ്പോള്‍ സ്വീകരിക്കേണ്ട കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിന് വീഴ്ച സംഭവിച്ചു.
ഭൂരിപക്ഷ തീരുമാനങ്ങള്‍ മറികടന്ന് പാര്‍ട്ടിയില്‍ തീരുമാനങ്ങളുണ്ടായി. ഇതു സിപിഎം ഭരണഘടനയ്ക്ക് എതിരാണ്. ഇത്തരം തീരുമാനങ്ങള്‍ സ്വീകരിച്ചതു വഴി പാര്‍ട്ടിയുടെ സംഘടനാ തലത്തില്‍ വലിയ ദൗര്ബല്യങ്ങളുണ്ടായെന്നും ബദല്‍രേഖയില്‍ സീതാറാം യെച്ചൂരി പറയുന്നു.
മറ്റൊരു പോളിറ്റ് ബ്യൂറോ അംഗമായ രാഘവലുവും പോളിറ്റ് ബ്യൂറോയുടെ കരടുരാഷ്ട്രീയ നയരേഖയ്ക്ക് തിരുത്തലുമായി രംഗത്തുണ്ട്. സീതാറം യെച്ചൂരിയെക്കൂടാതെ കൂടുതല്‍ പേര് ഇത്തരത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതെല്ലാം കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്യുമെന്നുമുള്ള കേന്ദ്രനിലപാടിനു വേണ്ടിയാണ് രാഘവലുവിന്റെ അഭിപ്രായങ്ങള്‍കൂടി ചര്‍ച്ചയ്ക്കെടുക്കാന്‍ കാരണം.
ഈമാസം 13,14 തീയതികളില്‍ ദല്‍ഹിയില്‍ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ തയ്യാറാക്കിയ കരടു രാഷ്ട്രീയ നയരേഖ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കേന്ദ്രകമ്മറ്റി ആരംഭിച്ച ഇന്നലെ യോഗത്തില്‍ അവതരിപ്പിച്ചു. ബൂര്‍ഷ്വാ പാര്‍ട്ടികളുമായുള്ള സഖ്യങ്ങളാണ് പാര്‍ട്ടിയുടെ പരാജയത്തിനു കാരണമെന്നാണ് കാരാട്ട് അവതരിപ്പിച്ച നയരേഖയിലുള്ളത്. എന്നാല്‍ ഈ നയരേഖയില്‍ എന്തെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍ വരുത്തേണ്ടിവന്നാല്‍ അതു സീതാറാം യെച്ചൂരിയുടെ വിജയമാണ്.
പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയ 2004 മുതലാണ് പാര്‍ട്ടിക്കു വലിയ വീഴ്ചകള്‍ വന്നു തുടങ്ങിയതെന്ന് സ്ഥാപിക്കലാകും അതെന്നും വിലയിരുത്തപ്പെടുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയില്‍ കാലാവധി തികച്ച കാരാട്ടിനു പകരം ജനറല്‍ സെക്രട്ടറി പദവിയിലേക്ക് എത്തുന്നതിനുള്ള ശ്രമങ്ങളാണ് സീതാറാം യെച്ചൂരിയുടേതെന്ന വിമര്‍ശനം കേരളത്തില്‍ നിന്നുള്ള കേന്ദ്രകമ്മറ്റിയംഗങ്ങള്ക്കിടയിലുണ്ട്. 29ന് കേന്ദ്രകമ്മറ്റി സമാപിക്കുമ്പോള്‍ പിബിയുടെ രാഷ്ട്രീയ അടവുനയരേഖ അംഗീകരിക്കുമോ അതോ യെച്ചൂരി ആവശ്യപ്പെട്ട തിരുത്തലുകള്‍ ഉണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: