ന്യൂദല്‍ഹി: ആഗോള ഭീകരന് ഒസാമാ ബിന്‍ ലാദനെ പിടികൂടിയത് ആരാണ്? അമേരിക്കന്‍ സൈനികര്‍ എന്ന് പറയാമെങ്കിലും കൃത്യമായി പറഞ്ഞാല്‍ അതില്‍ ഹീറോകള്‍ അമേരിക്കന്‍ സൈന്യത്തിലെ പ്രത്യേക പരിശീലനം കിട്ടിയ നായകളാണ്. അവരാണ് അല്‍ ഖ്വയ്ദ തലവനായിരുന്ന, ഒസാമയെ ആരും കണ്ടുപിടിക്കില്ലെന്നു വിശ്വസിച്ചിരുന്ന ഒൡത്താവളത്തില് ചെന്ന് കണ്ടെത്തിയത്.
ആ പ്രത്യേക വിഭാഗത്തെ ഭാരതത്തിന്റെ സുരക്ഷാ സംവിധാനമായ എന്‍എസ്ജിയില്‍ ഉള്‍പ്പെടുത്തുന്നു. ഇതിനായി ഒരു ഡസനോളം ബള്‍ഗേറിയന്‍ മാലിനോയിസ് ഇനത്തില്‍ പെടുന്ന ഈ നായകളെ പരിശീലിപ്പിച്ച് ഇവയെ വൈകാതെ സേനയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
നാഷണല്‍ സുരക്ഷാ ഗാര്‍ഡ് (എന്‍എസ്ജി) സംവിധാനത്തിലെ കരിമ്പൂച്ചകള്ക്കൊപ്പം ഈ വിദഗ്ദ്ധരായ നായകളും പ്രവര്‍ത്തിക്കും.ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സേനാ സംവിധാനത്തിനെ സഹായിക്കുകയാണ് ഈ വിദഗദ്ധ നായകളുടെ സേവനം.
”ഈ വിഭാഗം വിദഗ്ദ്ധനായകളുടെ സുരക്ഷാ സംവിധാനത്തിലെ ആവശ്യകത ഇന്ന് ലോകമാകെ സമ്മതിച്ചുകഴിഞ്ഞിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ പരിശീലനം നേടിയ നായകളെ എന്‍എസ്ജിയില്‍ ഉള്പ്പെടുത്തുകയാ”ണെന്ന് ഡോഗ് സ്ക്വാഡ് കെ9 വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
നീണ്ട മൂക്കും വലിയ തലയുമുള്ള ഈ വര്‍ഗ്ഗത്തിലുള്ള നായകള്‍ക്ക് സ്ഫോടക വസ്തുക്കള്‍ കണ്ടെത്താനുള്ള ശേഷി കൂടുതലാണ്. മനുഷ്യരുടെ ഗന്ധം അതി സൂക്ഷ്മമായി തിരിച്ചറിയാനും കഴിവ് ഏറെയാണ്. കുരച്ചോ മറ്റോ ഒരു ശബ്ദവുമുണ്ടാക്കി പ്രതികരിക്കാത്ത ഈ ഇനം നായകളില്‍ വിവര ശേഖരണത്തിനുള്ള സാങ്കേതിക ഉപകരണങ്ങള്‍ ഘടിപ്പിച്ചാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിവര ശേഖരണം എളുപ്പമാകും.
നിലവില്‍ കരിമ്പൂച്ചകളെ (ബ്ലാക് ക്യാറ്റ്) സഹായിക്കാനുള്ള ഡോഗ് സ്ക്വാഡില്‍ ജര്‍മ്മന്‍ ഷെപ്പേഡ്, ലാബ്രഡോര്‍സ് വിഭാഗത്തില്‍ പെട്ട നായകളാണുള്ളത്. പുതിയ ഈ കൂട്ടര്‍കൂടി ആകുമ്പോള്‍ സുരക്ഷാ കാര്യങ്ങളില്‍ മികച്ച മേല്‍ക്കൈ നേടാന്‍ കഴിയുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശ്വാസം പ്രകടിപ്പിച്ചു.
ഈ പ്രത്യേക പരിശീലനം നേടിയ നായകളുടെ ശുശ്രൂഷയ്ക്കും മറ്റുമായി പ്രത്യേക സേനാ വിഭാഗത്തെ സജ്ജമാക്കിയിട്ടുണ്ട്.
ഇസ്രയേല്‍- അമേരിക്കന്‍ നായകളുടെ സങ്കരമാണ് മാലിനോയിസ്. 2001-ല്‍ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ അതീവ രഹസ്യമായി ഒളിച്ചുകഴിഞ്ഞിരുന്ന ബിന്‍ ലാദനെ പിടികൂടുന്നതില്‍ മാലിനോയിസ് പങ്കുവഹിച്ചുവെന്ന് ലോകം അറിഞ്ഞപ്പോള്‍ മുതലേ ഈ മിടുക്കന്മാരുടെ വിഭാഗം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഭാരതത്തില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ ഈ നായകളുടെ ഒരു വിഭാഗത്തെ 2011-ല്‍തന്നെ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ എന്‍എസ്ജിയുടെ ഭാഗമായ മാലിനോയിസ് കുടുതല്‍ പ്രത്യേക പരിശീലനം നേടിയവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: