മാങ്കുളം : വനവാസികളുടെ ഭൂമി പിടിച്ചെടുത്ത് നിര്‍മ്മിച്ച പള്ളി വെഞ്ചരിക്കുന്നത് ജില്ല ഭരണകൂടം തടഞ്ഞു. മാങ്കുളം ചിക്കന്നാംകുടി വനവാസി കോളനിയിലാണ് നിയമം കാറ്റില്‍ പറത്തി പള്ളി നിര്‍മ്മിച്ചത്. സിഎസ്ഐ സഭയുടെ ബിഷപ്പിനെക്കൊണ്ട് ഇന്നലെ പള്ളി വെഞ്ചരിക്കാന്‍ സഭാ നേതാക്കള്‍ നീക്കം നടത്തിയിരുന്നു. എന്തുവില കൊടുത്തും പള്ളിയുടെ വെഞ്ചരിപ്പ് തടയുമെന്ന് ഹിന്ദുഐക്യവേദി ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ദേവികുളം സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ മാങ്കുളത്തെത്തിയിരുന്നു. വനവാസി കോളനിയില്‍ നിയമം ലംഘിച്ച് പള്ളി വെഞ്ചരിപ്പ് നടത്തുന്നത് സംഘര്‍ഷത്തിന് കാരണമാകുമെന്ന് ഇന്റലിജന്‍സും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജില്ലാ ഭരണകൂടം പള്ളി അധികൃതര്‍ക്കെതിരെ നിലപാട് സ്വീകരിച്ചതോടെ പള്ളിവെഞ്ചിരിപ്പ് ഉപേക്ഷിക്കുകയായിരുന്നു. കൃത്യമായ രേഖകളില്ലാതെ ചിക്കന്നാംകുടി കോളനിയിലെ വിവാദ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എട്ട് വര്‍ഷം മുന്‍പ് അങ്കണവാടിയുടെ മറപിടിച്ചാണ് വനഭൂമിയില്‍ പള്ളി നിര്‍മ്മാണം തുടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ ദത്തെടുത്ത കുടിയാണിത്. പള്ളിവെഞ്ചരിപ്പ് നടന്നാല്‍ തടയുന്നതിനായി നൂറോളം ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ മാങ്കുളത്തെത്തിയിരുന്നു. ഹിന്ദുഐക്യവേദി ജില്ല സംഘടന സെക്രട്ടറി കെ.പി സജീവന്, താലൂക്ക് പ്രസിഡന്റ് സജി മാങ്കുളം, ജനറല്‍ സെക്രട്ടറി സനീഷ്, സംഘടനാ സെക്രട്ടറി സന്തോഷ് എന്നിവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: