ആലപ്പുഴ: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ കെപിസിസിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ഐ വിഭാഗം നേതാക്കളുടെ ഇഷ്ടക്കാരെ നിയമിക്കുന്നതിനെതിരെ പരാതിയുമായി എ ഗ്രൂപ്പ് രംഗത്ത്. ആലപ്പുഴ നഗരസഭ പരിധിയിലുള്ള നോര്‍ത്ത്, സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള മണ്ഡലം ഭാരവാഹികളുടെ നിയമനത്തിനെതിരെയാണ് കെപിസിസി പ്രസിഡന്റ് വി.എം സുധീരന് പരാതി നല്‍കിയത്.
സ്വഭാവ ശുദ്ധിയുള്ളവരെ ഭാരവാഹികളാക്കുവാനും പത്ത് വര്‍ഷം പൂര്‍ത്തിയായവരെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കം ചെയ്യുവാനും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഗ്രൂപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രം ഭാരവാഹികളെ നിശ്ചയിക്കുന്ന രീതി മാറ്റണമെന്ന് കെപിസിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആലപ്പുഴ, നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളുടെ കീഴില്‍ വരുന്ന മണ്ഡലങ്ങളിലെ പ്രസിഡന്റുമാരായി നിയമിക്കാന്‍ ശ്രമിക്കുന്ന ഭൂരിഭാഗവും ഈ യോഗ്യത ഇല്ലാത്തവരാണെന്ന് പരാതിയില്‍ പറയുന്നു. കെ.സി. വേണുഗോപാല്‍ എംപിയുടെയും ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂറിന്റെയും ഇടപെടലുകളാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്.
കളര്‍കോട് മണ്ഡലം പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നയാള്‍ ആലപ്പുഴ നഗരസഭയ്ക്ക് പുറത്ത് പുന്നപ്ര വടക്ക് പഞ്ചായത്തിലെ സ്ഥിര താമസക്കാരനാണ്. അര്‍ഹരായ ഒട്ടേറെ നേതാക്കള്‍ ഈ മണ്ഡലം പരിധിയിലുള്ളപ്പോള്‍ നഗരസഭയ്ക്ക് പുറത്തുനിന്നുപോലും ഒരു നേതാവിനെ കെട്ടിയിറക്കിയത് ഐ ഗ്രൂപ്പ് നേതാക്കളുടെ താത്പ്പര്യമാണെന്ന് പരാതിയില്‍ പറയുന്നു. പവര്‍ഹൗസ് മണ്ഡലത്തില്‍ പ്രസിഡന്റാകാന്‍ നീക്കം നടത്തുന്നയാള്‍ ആ മണ്ഡലത്തിലെ താമസക്കാരനല്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആലപ്പുഴ നഗരസഭാംഗവുമായ സുനില്‍ ജോര്‍ജിനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെയാണ് പവര്‍ഹൗസ് മണ്ഡലത്തില്‍ പ്രസഡന്റാക്കുവാന് ഒരു വിഭാഗം നീക്കം നടത്തുന്നത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ റിബലായി മത്സരിച്ച് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുവാനും ശ്രമിച്ചതാണ് ഇയാള്‍. കൂടാതെ വ്യാപാരി വ്യവസായി സംഘടനയെ കബളിപ്പിച്ച് സാമ്പത്തിക അപഹരണം നടത്തിയ കേസില്‍ വിചാരണ നേരിടുന്ന വ്യക്തിയുമാണ് ഇയാളെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ കൊറ്റംകുളങ്ങര മണ്ഡലം പ്രസിഡന്റിനെ മാറ്റി സ്വഭാവ ശുദ്ധിയില്ലാത്ത മുന്‍ നഗരസഭാ കൗണ്‍സിലറെ പ്രസിഡന്റാക്കാന്‍ നീക്കമുള്ളതായും ആക്ഷേപമുണ്ട്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്ന നടപടികളാണെന്ന് പരാതിയില്‍ പറയുന്നു.
ബ്ലോക്ക് മണ്ഡലം ഭാരവാഹികളുമായി ആലോചനകള്‍ നടത്താതെയും കെപിസിസിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയും തന്നിഷ്ടക്കാരെ നിയമിക്കാനായി ചിലര്‍ നടത്തുന്ന നീക്കങ്ങളില്‍ വി.എം. സുധീരന് ഇടപെടണമെന്ന് എ ഗ്രൂപ്പ് നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: