ന്യൂദല്‍ഹി: മഹാരാഷ്‌ട്രയില്‍ സഖ്യം പിരിഞ്ഞ കോണ്‍ഗ്രസും എന്‍സിപിയും തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെ പഴിച്ച് എന്‍സിപി രംഗത്തെത്തി. ഇരു പാര്‍ട്ടികളുടെയും തിരിച്ചടിക്കു കാരണം ചവാനാണന്ന് എന്‍സിപി നേതാവ് നവാബ് മാലിക് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനെ വിട്ടുപിരിഞ്ഞതിനാലാണ് ഇരു പാര്‍ട്ടികള്‍ക്കും ഇത്രയും വലിയ തിരിച്ചടി നേരിടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്‌ട്രയിലെ നിലവിലെ സംഭവവികാസങ്ങള്‍ ചവാന്‍ മനസിലാക്കിയിരുന്നില്ല. ശരിയായ തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ചെയ്യേണ്ട സമയങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളൊന്നും ചവാന്‍ നടപ്പാക്കിയില്ലെന്നും ഇതിന്റെ അനന്തരഫലമാണ് ഇപ്പോള്‍ പ്രകടമായിരിക്കുന്നതെന്നും നവാബ് മാലിക് പറഞ്ഞു.
പുതിയ റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തും എന്‍സിപി നാലാമതുമാണ്. 125 സീറ്റില്‍ ബിജെപിയും ശിവസേന 63 സീറ്റിലും മുന്നിട്ടുനില്ക്കുകയാണ്.
















