ന്യൂദല്‍ഹി: ശ്രീമദ് ഭഗവദ്ഗീതയുടെ 5151-ാം വാര്‍ഷികാഘോഷ പരിപാടി ഡിസംബര്‍ രണ്ടുമുതല്‍ ഏഴുവരെ ന്യൂദല്‍ഹിയിലെ ചെങ്കോട്ടയില്‍ നടക്കും. ഗ്ലോബല്‍ ഇന്‍സ്പിരേഷന്‍ ആന്‍ഡ് എന്‍ലൈറ്റെന്‍മെന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഗീത (ഗീയോ ഗീത)യാണ് സംഘാടകര്‍.
ആര്‍എസ്എസിന്റെ മുതിര്‍ന്ന ഭാരവാഹികളും പ്രധാനമന്ത്രി നരേന്ദ്രമോദിയും പരിപാടികളില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ് തുടങ്ങിയവര്‍ സാന്നിദ്ധ്യം സമ്മതിച്ചുകഴിഞ്ഞു. രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ രാഷ്‌ട്രപതി ഡോ. കലാം, പ്രധാനമന്ത്രി എന്നിവരുടെ സമ്മതം കാത്തിരിക്കുകയാണ്, ഗീയോ ഗീത സെക്രട്ടറി ജനറല്‍ കേശവ് ഗുപ്ത പറഞ്ഞു.
ആറുദിവസത്തെ പരിപാടിയില്‍ പ്രമുഖ മതനേതാക്കള്‍ ഭഗവദ്ഗീതാ പ്രഭാഷണങ്ങള്‍ നടത്തും. സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, ആഗോള മതമേധാവികള്‍ തുടങ്ങിയവര്‍ സാന്നിധ്യ സമ്മതം അറിയിച്ചുകഴിഞ്ഞു.
ഡിസംബര്‍ രണ്ടിനാണ് ഗീതാജയന്തി. ഇതാദ്യമായാണ് ഇത്രയും വിപുലമായ തോതില്‍ ഗീതാ ജയന്തി ആഘോഷിക്കുന്നത്. 2014 കലിയുഗം കണക്കാക്കിയാല്‍ 5116-ാം വര്‍ഷമാണ്. അതിനും 35 വര്‍ഷം മുമ്പാണ് കര്‍മ്മശങ്കയില്‍ വിഷാദിയായി നിന്ന അര്‍ജ്ജുനന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയെന്ന കര്‍മ്മോപദേശം നല്‍കിയതെന്നാണ് കണക്കാക്കിപ്പോരുന്നത്.
















