കൊട്ടാരക്കര: ശക്തവും, ചടുലവുമായ കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജന്മം നല്കിയ കൊട്ടാരക്കര ശ്രീധരന് നായര്‍ എന്ന മഹാനടന് ഓര്‍മ്മയായിട്ട് 28വര്‍ഷം പിന്നിടുന്നു. 1922 സെപ്തംബര്‍ 11 ന് ജനിച്ച് 1986 ഒക്ടോബര്‍ 19 നാണ് ശ്രീധരന് നായര്‍ ചമയങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയാകുന്നത്.
സിനിമാലോകം മാത്രമല്ല കലാകേരളം തന്നെയും ഈ നടന് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ല. ചെമ്മീനിലെ ചെമ്പന്‍കുഞ്ഞും, അരനാഴികനേരത്തിലെ കുഞ്ഞോനച്ചനും, വേലുതമ്പിയും, കുഞ്ഞാലിമരക്കാരും പഴശ്ശിരാജയും എല്ലാം ഈ മഹാനടനിലൂടെ പുനര്‍ജനിക്കുകയായിരുന്നു. ഇവരൊക്കെയും കേവലം കഥാപാത്രങ്ങള്‍ മാത്രമായിരുന്നില്ല ശ്രീധരന് നായര്‍ക്ക് എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്തിനേക്കാളുമേറെ കലയെ സ്നേഹിച്ച് പ്രസന്നയില്‍ തുടങ്ങി മിഴിനീര്‍പൂവുകളില്‍ വരെ വില്ലനായും, നായകനായും പ്രേക്ഷകമനസ്സിനെ കീഴടക്കിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
1970 ല്‍ അരനാഴിക നേരത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന് മികച്ച നടനുള്ള അവാര്‍ഡും, 1969 ല്‍ രണ്ടാമത്തെ നടനുള്ള പുരസ്കാരവും കൊട്ടാരക്കരയെ തേടിയെത്തി. ചെമ്മീനിലെ അഭിനയത്തിന് രാഷ്ട്രപതിയുടേ സ്വര്‍ണ്ണ മെഡലും കരസ്ഥമാക്കി. കാന്‍, ചിക്കാഗോ ഫെസ്റ്റിവലുകളിലും ഈ സിനിമ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. അരനാഴികനേരത്തിന്റെ സെറ്റില്‍ നിന്നും വേഷമഴിക്കാതെ വീട്ടിലെത്തിയ ശ്രീധരന്‍നായരെ കണ്ട് മക്കള്‍ പോലും ഒരപ്പൂപ്പന്‍ വീട്ടിലെത്തി എന്ന് പറഞ്ഞത് വേഷത്തോടുള്ള അദ്ദേഹത്തിന്റെ സത്യസന്ധതയ്ക്ക് ദൃഷ്ടാന്തമാണ്.
160 ലധികം ചിത്രങ്ങളില്‍ കഥാപാത്രത്തോട് പുര്‍ണ്ണമായും നീതി പുലര്‍ത്തി തന്റെ അഭിനയ മികവ് അദ്ദേഹം തെളിയിച്ചു. മൈഡിയര്‍ കുട്ടിചാത്തനിലെ മന്ത്രവാദിയെ കുട്ടികള്‍ ഇന്നും ഓര്‍ക്കുന്നത് അതുകൊണ്ടാണ്. ചരിത്ര കഥാപാത്രങ്ങളോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് കൊട്ടാരക്കരയുടെ പ്രത്യേകത. സാങ്കേതിക സംവിധാനങ്ങള്‍ ഏറെ വളര്‍ന്ന കാലത്ത് പുറത്തിറങ്ങിയ പഴശ്ശിരാജയെക്കാള്‍ ശ്രീധരന് നായരുടെ പഴശിരാജ ആളുകള്‍ ഇന്നും ചര്‍ച്ച ചെയ്യുന്നത് അതിനാലാണ്.
ഒരുകാലത്ത് കൊല്ലം-ചെങ്കോട്ട മീറ്റര്‍ഗേജ് പാതയിലൂടെ സിനിമാക്കാരുടെ തട്ടകമായ പഴയ മദ്രാസ് നഗരത്തിലേക്കുള്ള യാത്രയില്‍ നടീനടന്മാരുടെ ഒരു ഇടത്താവളമായിരുന്നു കൊട്ടാരക്കര റെയില്‍വേസ്റ്റേഷനു സമീപത്തുള്ള ഇദ്ദേഹത്തിന്റെ വീട്.
പഴയകാല മിക്ക നടീനടന്മാരുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും ഒത്തുകൂടല്‍ ഒരു ഉത്സവാഘോഷം പോലെയായിരുന്നെന്ന് നാട്ടുകാര്‍ ഓര്‍ക്കുന്നു. എന്നാല്‍ ഇതില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് അദ്ദേഹം മരിച്ചപ്പോള്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയത് എന്നത് ഇന്നും പലരുടേയും സ്മൃതിപഥത്തില്‍ വേദനയായി അവശേഷിക്കുന്നു.
ലൈബ്രറി കൗണ്‍സിലിന്റ വകയായുള്ള ആസ്ഥാന മന്ദിരത്തിന് ശ്രീധരന്‍നായരുടെ പേര് നല്കി എന്നത് മാത്രമാണ് സിനിമയിലെ പൗരുഷശബ്ദത്തിന്റ ആകെയുള്ള സ്മാരകം. നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് 2012 ല്‍ രൂപം നല്കിയ ശ്രീധരന് നായര്‍ ഫൗണ്ടേഷന് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നതിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആദ്യപടിയായി സിനിമ, നാടക, കഥകളി രംഗത്തുള്ളവരെ അനുസ്മരണ ദിനത്തില്‍ ആദരിക്കുന്ന ചടങ്ങ് നടത്തിയിരുന്നു.
ഇത്തവണ മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മ,തലവടി അരവിന്ദന്, കൈനകരി തങ്കരാജ് എന്നിവരെയാണ് ആദരിക്കുന്നത്. പുതുതലമുറക്കായി ഈ രംഗങ്ങളില്‍ അഭിനയ കളരി പോലെയുള്ള വലിയ പദ്ധതികള്‍ അണിയറയില്‍ രൂപം നല്കി വരികയാണ്.
നിരവധി ചലചിത്ര പ്രവര്‍ത്തകരാണ് കുടുംബത്തില്‍ നിന്ന് അദ്ദേഹത്തിന്റ പാതയിലൂടെ സഞ്ചരിക്കുന്നത്. മകന് സായികുമാര്‍, മകള്‍ ശോഭാമോഹന്‍, വിനുമോഹന്‍, വിദ്യാ വിനു, അനുമോഹന്‍, ബീനയുടെ മകള്‍ കല്യാണി എന്നിവരാണ്.
അദ്ദേഹത്തിന്റെ ഭാര്യയായ വിജയലക്ഷ്മി ഗണപതിക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ മകള്‍ക്കും മരുമകന് അഡ്വ: കൃഷ്ണകുമാറിനും ഒപ്പമാണ് താമസം.
ഒരാണും ഏഴുപെണ്ണും ഉള്‍പ്പെട്ട എട്ട് മക്കളായിരുന്നു ഇവര്‍ക്ക്. 1986 ഒക്ടോബര്‍ 19 ന് ഓര്‍മ്മയായ ശ്രീധരന് നായര്‍ക്ക് ഇനിയെങ്കിലും കലാകേരളം അര്‍ഹിക്കുന്ന പരിഗണന നല്‍കും എന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: