ന്യൂദല്‍ഹി: രാജ്യത്ത് സമഗ്രമായ തൊഴില്‍ പരിഷ്‌ക്കരണങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. നാലേകാല്‍ കോടി പ്രൊവിഡന്റ്ഫണ്ട് അംഗങ്ങള്‍ക്ക് പ്രയോജനകരമായ ഏകീകൃത പി.എഫ് നമ്പര്‍ സംവിധാനവും വ്യാപാരം ആരംഭിക്കുന്നതിനാവശ്യമായ 16ഇന ഫോമുകള്‍ക്ക് പകരം ഒരു ഫോം മാത്രമാക്കി ചുരുക്കിയും കേന്ദ്രസര്‍ക്കാര്‍ നയം വ്യക്തമാക്കി.
തൊഴില്‍ രംഗത്തെ ‘ഇന്‍സ്‌പെക്ടര്‍ രാജ്’ സംവിധാനത്തിന് അവസാനമായെന്ന് പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ശ്രമേവ് ജയതേ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഏകീകൃത തൊഴിലാളി പോര്‍ട്ടലായ ശ്രം സുവിധ, സുതാര്യമായ തൊഴില്‍ പരിശോധനാ പദ്ധതി, അപ്രന്റൈസ് പ്രോല്‍സാഹന്‍ യോജന, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി തയ്യാറാക്കിയ രാഷ്‌ട്രീയ സ്വാസ്ത്യ ബീമ യോജന (ആര്‍എസ്ബിവൈ) തുടങ്ങിയ പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
രാജ്യത്തെ തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് തൊഴിലാളികളുടെ ഭാഗത്തുനിന്നുകൊണ്ടുള്ള പരിഹാരങ്ങള്‍ കാണുമെന്നും തൊഴിലാളികളെ രാഷ്‌ട്രനിര്‍മ്മാതാക്കളാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു തൊഴില്‍ സ്ഥാപനം ആരംഭിക്കുന്നതിനായി അമ്പത് വകുപ്പുകള്‍ കയറിയിറങ്ങി അമ്പതു ഫോമുകള്‍ പൂരിപ്പിച്ചുനല്‍കുന്ന കാലം കഴിഞ്ഞിരിക്കുന്നു. ലോകം മുഴുവന്‍ മാറുകയാണ്. ഒരു ഫോമിലൂടെ സംരംഭങ്ങള്‍ക്ക് തുടക്കമിടാനാവുമെന്ന പുതിയ സംവിധാനം ആരംഭിക്കുകയാണ്. ഇതുസംബന്ധിച്ച പരാതികള്‍ രേഖപ്പെടുത്തുന്നതിനായി തൊഴില്‍ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. 72 മണിക്കൂറിനുള്ളില്‍ പരാതിക്കു പരിഹാരം ഉണ്ടാക്കും. ചെറിയ സര്‍ക്കാര്‍ പരമാവധി ഭരണം എന്ന സങ്കല്‍പ്പം ഇങ്ങനെ മാത്രമേ യാഥാര്‍ത്ഥ്യമാകൂ, മോദി പറഞ്ഞു. ശ്രം സുവിധാ പോര്‍ട്ടല്‍ വഴി 16 തൊഴില്‍ നിയമങ്ങളാണ് ഒരു ഓണ്‍ലൈന്‍ ഫോമിലൂടെ ലഘൂകരിക്കപ്പെട്ടിരിക്കുന്നത്. പുതിയ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുംവിധം തൊഴിലാളികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും.
രാജ്യത്ത് ഏകീകൃത പിഎഫ് അക്കൗണ്ട് നമ്പര്‍ സംവിധാനം നിലവില്‍ വന്നതോടെ തൊഴില്‍സ്ഥാപനം മാറിയാലും അംഗങ്ങള്‍ക്ക് ഇനി പിഎഫ് അക്കൗണ്ട് മാറേണ്ടതില്ല. പുതിയ സംവിധാനത്തില്‍ തൊഴിലാളികള്‍ക്ക് 12 അക്ക ഏകീകൃത പിഎഫ് അക്കൗണ്ട് നമ്പര്‍ ലഭിക്കും. തൊഴിലുടമ നല്‍കുന്ന ഏകീകൃത നമ്പര്‍ ഉപയോഗിച്ച് തൊഴില്‍മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ ജീവനക്കാര്‍ക്ക് സ്വന്തം പിഎഫ് അക്കൗണ്ടിന്റെ വിവരങ്ങള്‍ ലഭ്യമാകും. പാസ്ബുക്കും ഇതേ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ കിടക്കുന്ന 27,000 കോടി രൂപ അതിന്റെ അവകാശികള്‍ക്ക് തിരികെ നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പാവപ്പെട്ടവരുടെ പണമാണത്. അതു തിരികെ നല്‍കുമെന്നും നരേന്ദ്രമോദി പറഞ്ഞു. കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമര്‍, കല്‍രാജ് മിശ്ര എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
















