ന്യുദല്‍ഹി: ഭാരതത്തിന് ഭീഷണിയോ മുന്നറിപ്പോ നല്‍കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലൂടെ ഇന്ത്യ പദ്ധതിയിടുന്ന 2000 കിലോമീറ്റര്‍ റോഡ് നിര്‍മാണം ചൈന തടസ്സപ്പെടുത്തുമെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അതിര്‍ത്തിയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ വേണ്ടി റോഡ് നിര്‍മിക്കുമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു. ഇതിനെതിരെ അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ വഷളാക്കാന്‍ ശ്രമിക്കരുതെന്ന് ചൈന ഭാരതത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ അതിര്‍ത്തിയിലൂടെ റോഡുകളും റെയില്‍ ബന്ധങ്ങളും ചൈന സ്ഥാപിച്ചുകഴിഞ്ഞൂ. നമ്മുടെ ഭൂപ്രദേശത്ത് എന്തു നിര്‍മ്മിച്ചാലും അത് ചൈനയെ ബാധിക്കേണ്ടതില്ലെന്നും ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതര്‍ വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യയുടെ പ്രദേശങ്ങളിലേക്ക് ചൈന കടന്നു കയറിയിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായ നിലപാടെടുത്തതോടെ ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും ഒഴിഞ്ഞു പോയിരുന്നു.
















