ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ശേഷം വിവിധ മാധ്യമസ്ഥാപനങ്ങള്‍ പുറത്തുവിട്ട എക്സിറ്റ് പോളുകളാണ് ബിജെപി ഇരു സംസ്ഥാനങ്ങളിലും വന്‍വിജയം നേടുമെന്ന് വ്യക്തമാക്കുന്നത്.
64 ശതമാനം വോട്ടിംഗ് നടന്ന മഹാരാഷ്ട്രയിലും 72 ശതമാനം വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തിയ ഹരിയാനയിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ചാണക്യ-ന്യൂസ് 24, ടൈംസ് നൗ-സീ വോട്ടര്‍, എബിപി ന്യൂസ്-നീല്‍സണ്‍ എക്സിറ്റ്പോളുകള് പറയുന്നു.
ചാണക്യ-ന്യൂസ്24 മഹാരാഷ്ട്രയില്‍ ബിജെപിക്ക് 151 സീറ്റുകള്‍ പ്രവചിക്കുന്നു. ശിവസേനയ്ക്ക് 71ഉം കോണ്‍ഗ്രസിന് 27ഉം എന്‍സിപിക്ക് 28 സിറ്റുകളുമാണ് ചാണക്യ-ന്യൂസ്24ന്റെ പ്രവചനം. ഹരിയാനയില്‍ ബിജെപി 52 സീറ്റുകള്‍ നേടുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ 23 സീറ്റുകളും കോണ്‍ഗ്രസ് 10 സീറ്റുകളും മറ്റുള്ളവര്‍ 5 സീറ്റുകളിലും വിജയിക്കും.
ടൈംസ് നൗ-സീ വോട്ടര്‍ മഹാരാഷ്ട്രയില്‍ ബിജെപിക്ക് 129 സീറ്റുകള്‍ ലഭിക്കുമെന്ന് പറയുന്നു. ശിവസേന 56 സീറ്റിലും കോണ്‍ഗ്രസ് 43 സീറ്റിലും എന്‍സിപി 36 സീറ്റിലും വിജയിക്കും. ഹരിയാനയില്‍ ബിജെപിക്ക് 37, കോണ്‍ഗ്രസ് 15, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ 28, മറ്റുള്ളവര്‍ 10 എന്നിങ്ങനെയും ടൈംസ് നൗ-സീവോട്ടര്‍ എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു.
എബിപി ന്യൂസ്-നീല്‍സണ്‍ എക്സിറ്റ്പോള്‍ ബിജെപി മഹാരാഷ്ട്രയില്‍ 127ലധികം സീറ്റുകള്‍ നേടുമെന്ന് വ്യക്തമാക്കുന്നു. ശിവസേന 77 സീറ്റുകളില്‍ വിജയിക്കും. കോണ്‍ഗ്രസിന് 40 സീറ്റുകളും എന്‍സിപിക്ക് 34 സീറ്റുകളും എബിപി ന്യൂസ് പ്രവചിക്കുന്നു. ഹരിയാനയില്‍ 46 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ 29 സീറ്റുകളിലും കോണ്‍ഗ്രസ്10 സീറ്റിലും ഇവിടെ വിജയിക്കുമെന്ന് എബിപി ന്യൂസ്-നീല്‍സണ്‍ എക്സിറ്റ്പോള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിലും ഹരിയാനയിലും നിലവില്‍ പത്തുവര്‍ഷമായി കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് ഭരണത്തിലുള്ളത്. ആകെയുള്ള 288 സീറ്റില്‍ കോണ്‍ഗ്രസ് 82 സീറ്റിലും എന്‍സിപി 62 സീറ്റിലും വിജയിച്ചാണ് 2009ല്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയത്. ഹരിയാനയില്‍ കോണ്‍ഗ്രസിന് 40 സീറ്റുകളും ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന് 31 സീറ്റുകളുമാണ് 2009ല്‍ ലഭിച്ചത്. ഇരു സംസ്ഥാനങ്ങളിലേക്കും നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നെന്ന് പുറത്തുവന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനായി മഹാരാഷ്ട്രയിലേയും ഹരിയാനയിലേയും ജനങ്ങള്‍ പൂര്‍ണ്ണമായും പോളിംഗ് ബൂത്തുകളിലേക്ക് ഇറങ്ങണമെന്നും യുവജനങ്ങള്‍ ഇരുസംസ്ഥാനങ്ങളിലും റെക്കോര്‍ഡ് പോളിംഗ് നടക്കാന്‍ ഉത്സാഹിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാവിലെ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരുന്നു. മുംബൈയില്‍ ബോളിവുഡ് താരങ്ങളുടെ നീണ്ട നിരയും വോട്ടിംഗില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: