വിശാഖപട്ടണം: ഹുദ്ഹുദ് ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ ആന്ധ്രാപ്രദേശ് പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങുന്നു. വൈദ്യുതിയും കുടിവെള്ളവും വാര്‍ത്താവിനിമയ സൗകര്യങ്ങളും പുനസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍. കാറ്റിലുണ്ടായ നാശനഷ്ടം 70,000 കോടി കവിയുമെന്നാണ് കണക്കുകൂട്ടല്‍.
വിശാഖപട്ടണമടക്കം വടക്കന്‍ മേഖലയിലാണ് കൂടുതല്‍ നാശമുണ്ടായത്. രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ശ്രദ്ധ. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.
നാശനഷ്ടം വിലയിരുത്തുന്ന കേന്ദ്ര സംഘം രണ്ടു ദിവസത്തിനകം ആന്ധ്രയില്‍ എത്തും. കഴിഞ്ഞ ദിവസം ആന്ധ്ര സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരസഹായമായി ആയിരം കോടി അനുവദിച്ചിരുന്നു.
വിശാഖപട്ടണത്തെ വൈദ്യുതി ലൈനുകള്‍ കുറെയൊക്കെ പുനസ്ഥാപിച്ചു കഴിഞ്ഞു.ശ്രീകാകുളം,വിജയനഗരം എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിലും വൈദ്യുതി പുനസ്ഥാപിച്ചു. അരി, പരിപ്പ്, എണ്ണ, പച്ചക്കറി എന്നിവ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ലഭ്യമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റോഡുകള്‍ നന്നാക്കാനും മരങ്ങളും കെട്ടിടാവശിഷ്ടങ്ങളും നീക്കാനും സൈന്യവും ഇറങ്ങിയിട്ടുണ്ട്.മൂന്നു നഗരങ്ങളിലും ബസ് സര്‍വ്വീസുകള്‍ വീണ്ടും തുടങ്ങി.വിജയവാഡ വിശാഖപട്ടണം റൂട്ടില്‍ ട്രെയിനും പുനസ്ഥാപിച്ചു.
കൊടുങ്കാറ്റില്‍ 25 പേര്‍ മരിച്ചു. 1.35 ലക്ഷം പേരാണ് അഭയ കേന്ദ്രങ്ങളില്‍ കഴിയുന്നത്.
















