ന്യൂദല്‍ഹി: ഭാരതവും കാനഡയും തമ്മില്‍ യൂറേനിയം കൈമാറുന്നതിനുള്ള ആണവ കരാറില്‍ ഒപ്പിട്ടു. ഈകരാറിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്ന് കനേഡിയന്‍ വിദേശകാര്യമന്ത്രി ജോണ്‍ ബയാര്‍ഡ് അഭിപ്രായപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി രണ്ടുവട്ടം നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ദല്‍ഹിയില്‍ കരാറിലൊപ്പിട്ടത്.
വര്‍ഷങ്ങള്‍ക്കുശേഷമാണ് കാനഡയുമായുള്ള ന്യൂക്ലിയര്‍ സഹകരണം വീണ്ടും ആരംഭിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ ഉടമ്പടി അസാധാരണ വേഗതയിലാണ് നടന്നത്. ഭാരതവും അമേരിക്കയും തമ്മിലുള്ള ഇക്കാര്യത്തിലുള്ള സഹകരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. ആസ്‌ട്രേലിയയുമായുള്ള ഉടമ്പടിക്ക് എല്ലാവിധ ധാരണകളും പൂര്‍ത്തിയായി.
ഭാരതത്തെ ആണവവിതരണ ഗ്രൂപ്പില്‍ അംഗത്വം ലഭിക്കുന്നതിന് കാനഡ പരിപൂര്‍ണ സഹകരണവും വാഗ്ദാനം ചെയ്തു. ഉന്നതനിലവാരത്തിലുള്ള ന്യൂക്ലിയര്‍ റിയാക്‌ടേഴ്‌സ് നിര്‍മാണത്തിന് ഇരുരാജ്യങ്ങളും സഹകരണമുണ്ടാക്കും. കനേഡിയന്‍ മോഡലിലായിരിക്കും ഭാരതത്തില്‍ റിയാക്ടറുകള്‍ സ്ഥാപിക്കുക. ഇവ 200 മെഗാവാട്ടില്‍നിന്നും 750 മെഗാവാട്ട് ആയി ഉയര്‍ത്താനും തത്വത്തില്‍ തീരുമാനമായി. ബയാര്‍ഡും സുഷമസ്വരാജും തമ്മിലുള്ള ചര്‍ച്ചയില്‍ വികസനകാര്യങ്ങളും ഉയര്‍ന്നുവന്നു.
പതിനഞ്ച് രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആണവ സുരക്ഷ ശില്‍പ്പശാല ഭാരതത്തില്‍ നടത്തുവാനും തീരുമാനമായി. ഇത്തരത്തില്‍ ഒരു ശില്‍പ്പശാല ആദ്യമായി ഇവിടെ സംഘടിപ്പിക്കുന്നത്.
ബ്രിസ്‌ബെയ്‌നില്‍ ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്‌ക്കിടയില്‍ മോദിയെ കാനഡ സന്ദര്‍ശിക്കുന്നതിനായി ബെയാര്‍ഡ് ക്ഷണിക്കുകയുണ്ടായി. യാതൊരുതരത്തിലുള്ള വിസ പ്രശ്‌നങ്ങളും ഇല്ലാത്തതിനാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ അദ്ദേഹത്തെ ഞങ്ങള്‍ കാനഡയിലേക്ക് ക്ഷണിച്ചിരുന്നതാണെന്ന് ബയാര്‍ഡ് ചൂണ്ടിക്കാട്ടി. നിരവധി മന്ത്രിമാരും പാര്‍ലമെന്റംഗങ്ങളും ഗുജറാത്തില്‍നിന്നും കാനഡ സന്ദര്‍ശിക്കുകയുണ്ടായി.
ഇരുരാജ്യങ്ങളും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് ഭീകരവാദം. അത് തരണം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ഇന്നത്തെ തലമുറ നേരിടുന്ന പ്രശ്‌നമാണ് ഭീകരവാദമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ഇറാക്കില്‍ കണ്ടുകൊണ്ടിരിക്കുന്നതും അതാണ്. ഭാരതത്തിന്റെ പുരോഗതിയിലേക്കുള്ള വൈദഗ്‌ദ്ധ്യത്തില്‍ നിന്നും കാനഡയ്‌ക്ക് പഠിക്കാനുണ്ടെന്ന് എംഇഎ വക്താവ് സയിദ് അക്ബറുദ്ദീന്‍ പറഞ്ഞു.
ഹൈഡ്രോ കാര്‍ബണ്‍, ജലവിനിയോഗം എന്നീ മേഖലകള്‍ ഇതിലുള്‍പ്പെടും. ഭാരതത്തിന്റെ പുരോഗതിയിലേക്കുള്ള മാര്‍ഗ്ഗത്തില്‍ ഓയില്‍, ഗ്യാസ് എന്നിവയുടെ വിതരണം അനിവാര്യമാണ്. ഇക്കാര്യത്തില്‍ കാനഡയുടെ ഭാഗത്തുനിന്നും പരിപൂര്‍ണ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.
നേരത്തെ ബയാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. വാണിജ്യ ബന്ധവും സാമ്പത്തിക സഹകരണവും കൃഷി, സിവില്‍ ന്യൂക്ലിയര്‍ എനര്‍ജി, വിദ്യാഭ്യാസം, സയന്‍സ്, സാങ്കേതിക വിദ്യ എന്നീ രംഗങ്ങളില്‍ കൂടുതല്‍ ബന്ധം ഊട്ടിയുറപ്പിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള കുറിപ്പില്‍ പറഞ്ഞു.
















