ന്യൂദല്‍ഹി: ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ദല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ ആദരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിനായി മെഡല്‍ നേടിയവരില്‍ ഭൂരിഭാഗം പേരും എത്തിയിരുന്നു.
സ്വാഭിമാനമില്ലാത്ത ഒരു രാഷ്ട്രവും പുരോഗതി പ്രാപിക്കില്ലെന്ന് ചടങ്ങില്‍ നരേന്ദ്ര മോദി പറഞ്ഞു. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ നാടിന്റെ അഭിമാനമാണ്. ഭാരതം പൗരാണികമായിത്തന്നെ കായിക ഇനങ്ങള്‍ക്ക് മുന്‍ തൂക്കം കൊടുത്തിരുന്നു. എങ്കിലും അന്താരാഷ്ട്ര വേദികളില്‍ മുന്നിലെത്താല്‍ നമുക്കാവുന്നില്ല. സമീപ ഭാവിയില്‍ തന്നെ മാറ്റങ്ങളുണ്ടാവുമെന്നും മോദി അഭിപ്രായപ്പെട്ടു . കേന്ദ്രസര്‍ക്കാരിനോടുള്ള കായിക താരങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ തന്നെ നേരിട്ട് വിളിച്ചറിയിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ് സനോവാള്‍,മന്ത്രിമാരായ കിരണ്‍ റിജു, ധ്യാന്‍ ചന്ദ് ഗലോട്ട്, സായ് ഡയറക്ടര്‍ ജിജി തോംസണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 20 ലക്ഷം രൂപയും വെള്ളിമെഡല്‍ ജേതാക്കള്‍ക്ക് 10 ലക്ഷവും വെങ്കലമെഡല്‍ ജേതാക്കള്‍ക്ക് ആറ് ലക്ഷവും ചടങ്ങില്‍ ഉപഹാരമായി നല്കി. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ കേന്ദ്രസര്ക്കാരൊരുക്കിയ അനുമോദന ചടങ്ങില്‍ ഉപഹാരം ഏറ്റ് വാങ്ങിയത്.
11 സ്വര്ണ്ണമോഡലുകളും 10 വെള്ളിമെഡലുകളും 36 വെങ്കലമെഡലുകളുമാണ് ഏഷ്യന്‍ ഗെയിംസില്‍ ഭാരതം സ്വന്തമാക്കിയത്. ടിന്റു ലൂക്ക ഒഴികയുള്ള മലയാളി താരങ്ങളും ചടങ്ങിന് എത്തിയിരുന്നു. ഏഷ്യന്‍ ഗെയിംസ് വിജയത്തിനൊപ്പം ജി വി രാജ പുരസ്കാരം കൂടി ലഭിച്ചത് ഇരട്ടി മധുരമായെന്ന് 1500 മീറ്ററിലെ വെങ്കല മെഡല്‍ ജേതാവ് ഒ പി ജെയ്ഷ പറഞ്ഞു .
















