ഗുര്‍ഗാവ്: അഴിമതിയിലും ദുര്‍ഭരണത്തിലും മുങ്ങിക്കുളിച്ച കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്നും തൂത്തെറിയാനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങും.
തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് വൈകിട്ടോടെ അവസാനിക്കും. സംസ്ഥാനത്തെ മാഫിയകളുടെയും ക്രിമിനലുകളുടെയും ഭരണം അവസാനിപ്പിക്കണമെന്ന് മോദി ജനങ്ങളെ ആഹ്വാനം ചെയ്തു. ഹരിയാനയിലെ ഭരണം മക്കള്‍ക്കും മരുമക്കള്‍ക്കും വേണ്ടിയുള്ളതല്ലെന്ന് ആരുടെയും പേരെടുത്തു പറയാതെ അദ്ദേഹം പറഞ്ഞു. ഈ സംസ്ഥാനം ഇവിടുത്തെ ജനങ്ങളുടേതാണ്. ഏതെങ്കിലും ഒരു കുടുംബത്തിന്റെയല്ല. അതിനാല്‍ ദുര്‍ഭരണം അവസാനിപ്പിക്കുന്നതിനുള്ള ഒരു സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. അങ്ങനെ യഥോചിതം വിനിയോഗിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. കേന്ദ്രം നല്കുന്ന ജനോപകാരപ്രദങ്ങളായ കാര്യങ്ങള്‍ താഴെത്തട്ടില്‍ എത്തണമെങ്കില്‍ അഴിമതിരഹിതമായ ഒരു സംവിധാനം ഉണ്ടാകണം. ബിര്‍സ, ജിന്‍ഡ്, ഗുര്‍ഗാവ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭാരത്-പാക് അതിര്‍ത്തിയില്‍ നടക്കുന്ന വെടിവെയ്പ്പിനെപ്പോലും കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്നും അതിനു ചുട്ടമറുപടി നല്‍കിയതിന് മൗനമായിരുന്നു പ്രതികരണമെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് റാലികളില്‍ പ്രസംഗിക്കവെ പറഞ്ഞു. ഹരിയാനയുടെ സമഗ്രവികസനം എന്ന ലക്ഷ്യവുമായാണ് ബിജെപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്താനായത്. അദ്ദേഹം ചൂണ്ടിക്കാട്ടി. പെട്രോളിയം ഉത്പന്നങ്ങളുടെ വില മൂന്നുമാസത്തിനിടയില്‍ മൂന്നുതവണ കുറച്ചത് വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ സഹായകമായി. സാധാരണക്കാരന് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗുര്ഗാവിനെ ‘മിനി ഇന്ത്യ’ എന്നാണ് മോദി വിശേഷിപ്പിച്ചത്. ഭാരതത്തിന്റെ നാനാഭാഗത്തുനിന്നുമുള്ളവര് ഗുര്‍ഗാവില്‍ വന്നു ജീവിക്കുന്നു. എന്നാല്‍ ഹൈദരാബാദിനും ബംഗളൂരുവിനുമൊപ്പം എത്താന്‍ കഴിയാത്തതെ പോയത് കഴിഞ്ഞ കാലങ്ങളിലെ കോണ്‍ഗ്രസ് -ഐഎന്‍എല്‍ ദുര്‍ഭരണം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, വെള്ളം, റോഡ്, ജോലി എന്നീ കാര്യങ്ങളില്‍ മുന്‍ സര്‍ക്കാരുകള്‍ പരാജയമായിരുന്നു. ഇതില്‍നിന്നും മുക്തമാകാന്‍ പതിനഞ്ചിലെ വോട്ടവകാശം വിനിയോഗിക്കണമെന്ന് മോദി ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: