ന്യൂദല്‍ഹി: നാനാജി ദേശ്മുഖിന്റെ രചനകളടങ്ങിയ വിരാട് പുരുഷ് നാനാജി എന്ന ഗ്രന്ഥ പരമ്പര നാനാജിയുടെ ജന്മദിനമായിരുന്ന ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തിറക്കുന്ന ആറു വോള്യം പുസ്തകമാണിത്.
സ്വജീവിതം സാമൂഹ്യക്ഷേമത്തിനും രാഷ്ട്രനിര്‍മ്മാണത്തിനും ഉഴിഞ്ഞുവെച്ചയാളായിരുന്നു നാനാജിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗോരഖ്പൂരില്‍ നാനാജി ആരംഭിച്ച ശിശുമന്ദിര്‍ ഇന്ന് ഭാരതമാകെ വ്യാപിച്ചു കിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായി മാറി.
പ്രായം അറുപതില്‍ നില്ക്കുമ്പോള് രാഷ്ട്രീയം വിടാനുള്ള നാനാജിയുടെ തീരുമാനം ഗ്രാമീണ മേഖലയുടെ വികസനത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കാനായിരുന്നു. നാനാജിയില്നിന്നുള്ള പ്രചോദനം കൊണ്ട്് ഒട്ടേറെ യുവദമ്പതികള്‍ സാമൂഹ്യ ക്ഷേമപ്രവര്ത്തനങ്ങള്ക്കിറങ്ങിയെന്നും മോദി അനുസ്മരിച്ചു.സാധാരണ ചെയ്യുന്നതിനപ്പുറം എന്തെങ്കിലും ചെയ്യുകയെന്നദ്ദേഹം പറയുമായിരുന്നു. നാനാജിക്ക് ജെപിയോടും തിരിച്ചും വലിയ ആദരമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ നാനാജി കൂട്ടുചേരലുണ്ടാക്കി, ഒന്നിച്ചുനിന്നു പോരാടണമെന്ന അദ്ദേഹത്തിന്റെ ആവശ്യമാണ് ജനതാപാര്ട്ടിയിലേക്കു വഴിവെച്ചത്. ഒരിക്കല്‍ രജുഭയ്യ എന്നോടു പറഞ്ഞു, നമ്മുടെ കൂട്ടത്തില്‍ ഏറ്റവും കരുത്തന് നാനാജിയാണെന്ന്്. അദ്ദേഹത്തിന്റെ ഗ്രാമവികസന സങ്കല്‍പ്പം ഏറെ സമഗ്രമായിരുന്നു, മോദി പറഞ്ഞു.
ഒട്ടേറെ വ്യവസായികളെ സാമൂഹ്യ ക്ഷേമപ്രവര്ത്തനങ്ങളിലേക്കു വഴിതിരിച്ചുവിട്ടത് നാനാജിയാണ്. ശാസ്ത്രം ആഗോളമാണെങ്കിലും സാങ്കേതികവിദ്യ പ്രദേശികമായിരിക്കണമെന്നു നാനാജി വിശ്വസിച്ചിരുന്നുവെന്നും മോദി അനുസ്മരിച്ചു. നാനാജിയുടെ ജന്മദിനത്തില് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്മരണക്കു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: