കോട്ടയം: സ്കൂളില്‍ മലയാളം സംസാരിച്ചതിന് കുട്ടികളില്‍ നിന്നും പിഴ ഇടാക്കിയിട്ടുണ്ടെന്നും എന്നാല്‍ അത് രക്ഷിതാക്കളും പ്രിന്‍സിപ്പലും അദ്ധ്യാപകരും ചേര്‍ന്ന് എടുത്ത തീരുമാനമാണെന്നും സ്കൂള്‍ നടത്തിപ്പുകാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വാകത്താനം നാലുന്നാക്കലുള്ള ഗ്രിഗോറിയന്‍ സെന്‍ട്രല്‍ സ്കൂള്‍ ആന്റ് ജൂനിയര്‍ കോളേജിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും മലയാളം സംസാരിച്ചതിന് പിഴയീടാക്കിയെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സ്കൂള്‍ അധികൃതരുടെ വെളിപ്പെടുത്തല്‍. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായി ചര്‍ച്ച നടത്തിയശേഷം തങ്ങളുടെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി സിബിഎസ്ഇ നിഷ്കര്ഷിച്ചതുപോലെ കുട്ടികള്‍ ഇംഗ്ലീഷില്‍ തന്നെ സംസാരിക്കണമെന്നും അപ്രകാരം പ്രവര്‍ത്തിക്കാത്ത കുട്ടികളില്‍ നിന്നും പിഴ ഈടാക്കാനുമാണ് തീരുമാനമെടുത്തത്. അതിന്റെ ഉദ്ദേശശുദ്ധി ഗ്രഹിക്കാത്ത കുട്ടികളില്‍ വീണ്ടും അതുണര്ത്തിക്കാന് 250 രൂപ പിഴനല്കിയെങ്കില് അവരറിയാതെ അത് രക്ഷിതാക്കള്‍ക്ക് തിരികെ നല്‍കാനുള്ള ഏര്‍പ്പാട് പ്രിന്‍സിപ്പല്‍ ചെയ്തിട്ടുണ്ടെന്നും സ്കൂള്‍ ചെയര്‍മാനും പ്രിന്‍സിപ്പലും അടക്കമുള്ളവര്‍ പറഞ്ഞു.
പിഴ അടയ്ക്കാത്ത വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല എന്ന ആക്ഷേപത്തിന് സ്കൂള്‍ അധികൃതര്‍ നല്കിയ മറുപടി ഇപ്രകാരം. സ്കൂളിന്റെ അച്ചടക്കത്തിന് വിധേയമായി ചില പിഴകള്‍ ഈടാക്കിയെങ്കിലും പ്രിന്‍സിപ്പലിനെ കണ്ട് അനുവാദം വാങ്ങിയശേഷം ഇംഗ്ലീഷ് പരീക്ഷ എഴുതണമെന്ന് പന്ത്രണ്ടാം ക്ലാസ് അദ്ധ്യാപകന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കുട്ടികള്‍ സ്വന്തം പിതാവിനെപ്പോലെ സ്നേഹിക്കുന്ന തങ്ങളുടെ പ്രിന്‍സിപ്പലിനെ എങ്ങിനെ വിഷമിപ്പിക്കും എന്ന ചിന്തകൊണ്ട് പ്രിന്‍സിപ്പലിനെ കാണാതിരിക്കുകയും പരീക്ഷ എഴുതാതിരിക്കുകയുമാണുണ്ടായത്.
കുട്ടികളെ വെയിലത്തു നിര്‍ത്തി എന്ന പരാതിക്കും സ്കൂള്‍ അധികൃതര്‍ക്ക് മറുപടിയുണ്ട്. അതിങ്ങനെ. വിദ്യാര്‍ത്ഥികളുടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് സ്കൂളിലെ ഫോണ്‍ ഉപയോഗിക്കാമെന്നിരിക്കെ അതുപയോഗിക്കാതെ പിഴയടക്കാനുള്ള ക്രമീകരണത്തിനായി സ്കൂളിനടത്തുള്ള കടയെ സമീപിച്ചപ്പോള്‍ സ്കൂള്‍ നിയമമനുസരിച്ച് ക്യൂവിന് പ്രകാരം കുട്ടികള്‍ നിരനിരയായി നില്ക്കാന് സാദ്ധ്യതയുള്ളതിനാല്‍ ചില കുട്ടികള്‍ കുറച്ചുസമയമെങ്കിലും വെയില് കൊള്ളാന്‍ സാദ്ധ്യതയുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും പിഴയായി ഈടാക്കുന്ന തുക കൊണ്ട് കേരളത്തിന്റെ തനതായ ഭക്ഷണങ്ങളുണ്ടാക്കി അവര്‍ക്കുതന്നെ നല്‍കുകയാണെന്നും അധികൃതര്‍ പറയുന്നു. മലയാളം സംസാരിച്ചതിന് 250 രൂപ പിഴയീടാക്കുന്നതിനും സ്കൂള്‍ അധികൃതര്‍ക്ക് ന്യായീകരണമുണ്ട്. 25 രൂപ പിഴ ചുമത്തിയാല്‍ രക്ഷിതാക്കള്‍ അറിയാതെ കുട്ടികള്‍ക്ക് ഈ തുക കണ്ടെത്താന്‍ കഴിയും. അതിനാല്‍ മലയാളത്തില്‍ സംസാരിക്കുന്ന വിവരം മാതാപിതാക്കള്‍ക്ക് ലഭ്യമാകില്ല. എന്നാല്‍ 250 രൂപ പോലുള്ള കൂടിയ തുകകള്‍ രക്ഷിതാക്കളില്‍ നിന്നുമാത്രമേ ലഭ്യമാകൂ എന്നതിനാല്‍ അവര്‍ ഇക്കാര്യം അറിയുകയും ഇംഗ്ലീഷില്‍ സംസാരിക്കണമെന്ന് ഉപദേശം കുട്ടികള്‍ക്ക് നല്‍കുകയും ചെയ്യുമെന്നാണ് അധികൃതരുടെ ന്യായം. പത്രസമ്മേളനത്തില്‍ ചെയര്മാന് വി.ടി സ്കറിയ, സെക്രട്ടറി സേവ്യര്‍ ചാക്കോ, ബോര്‍ഡ്മെമ്പര്‍ ബെന്നി പി. തോമസ്, പ്രിന്‍സിപ്പല്‍, ഫാ. ജോഷ്വാ ജോണ്‍, സ്റ്റാഫ് സെക്രട്ടറി ഷൈനി ബിനോയ്, അധ്യാപക പ്രതിനിധികളായ ഷൈല ആല്‍ബര്‍ട്ട്, ഉഷാ രാജശേഖരന്, റെനി റേച്ചല്‍ വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: