കിഴക്കമ്പലം: ജില്ലയിലെ കുന്നത്തുനാട് പഞ്ചായത്തിലെ ചെറുഗ്രാമമായ എരുമേലി സ്വദേശി പാറാട്ട് ശ്രീജേഷിനെ തേടി അഭിനന്ദന പ്രവാഹം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, എംഎല്‍എമാരായ ബന്നിബഹനാന്‍, വി.ഡി.സതീശന് എറണാകുളം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ ശ്രീജേഷിന്റെ അച്ഛന് രവീന്ദ്രനെ ഫോണില്‍വിളിച്ച് അഭിനന്ദനം അറിയിച്ചു.
കുട്ടിക്കാലംമുതല്‍ പിച്ചവച്ച് നടന്ന എരുമേലിയെന്ന ചെറുഗ്രാമത്തെ ലോകപ്രശസ്തമാക്കിയ ശ്രീജേഷിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ പതിനാറുവര്ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഏഷ്യന്‍ഗെയിംസില്‍ ഇന്ത്യ കിരീടം നേടുന്നത്. ടീമിന്റെ നിര്‍ണ്ണായക സാന്നിദ്ധ്യമായ ശ്രീജേഷിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ബദ്ധവൈരികളായ പാക്കിസ്ഥാനെ നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ച ഇന്ത്യന്ടീം ഇന്നലെ കളിക്കിറങ്ങുന്നതിനുമുമ്പ് തന്നെ ശ്രീജേഷിന്റെ വീട്ടുകാര്‍ പ്രാര്‍ത്ഥനയിലായിരുന്നു.
ശ്രീജേഷിന്റെ വീടിനടുത്തുള്ള എരുമേലി ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകള്‍ നടത്തിയതിനുശേഷമാണ് ഇവര്‍ വീട്ടിലിരുന്ന് കളികണ്ടത്. കളിതുടങ്ങുന്നതിന് മുമ്പ് ശ്രീജേഷ് വീട്ടിലേയ്ക്ക് ഫോണ്‍ചെയ്തിരുന്നു. അച്ഛനോടും അമ്മയോടും ഭാര്യയോടും സംസാരിച്ചതിനുശേഷം നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ കാതില്‍ ഫോണ്കൊടുത്തു. അച്ഛന്റെ സംസാരംകേട്ട് എല്ലാം മനസിലായമട്ടില്‍ തലയാട്ടുകയും ചെയ്തതായി ഭാര്യ ഡോ.മനീഷ പറഞ്ഞു.
ഇന്ത്യന്‍ ഹോക്കിയുടെ അഭിമാനമായ ശ്രീജേഷിനെ കേരളം ഓര്‍ക്കുന്നത് ഇന്ത്യന്ടീം മഹത്തായ വിജയങ്ങള്‍ നേടുമ്പോള്‍ മൂന്ന് കൊല്ലംമുമ്പ്. ഇന്ത്യനേടിയ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ശ്രീജേഷിന് കേരള സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെയത് നല്കാന് കൂട്ടാക്കാതെ ശ്രീജേഷിനെ മറക്കുകയാണ് ചെയ്തത്. കേരള സര്‍ക്കാരിന്റെ ഈ പ്രവൃത്തിയില്‍ വളരെ വിഷമമുണ്ടെന്ന് കുറച്ച് ദിവസങ്ങള്‍ക്ക്മുമ്പ് ടെലിവിഷന്‍ അഭിമുഖത്തില്‍ ശ്രീജേഷ് വികാരഭരിതനായി പറഞ്ഞിരുന്നു. കേരളത്തിന്റെ പ്രശസ്തി വാനോളം ഉയര്‍ത്തിയ ശ്രീജേഷിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടില്‍തന്നെ ജോലിചെയ്യാനുള്ള അവസരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ഏഷ്യന്‍ ഗെയിംസില്‍ ഹോക്കിയില്‍ ബദ്ധവൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിനെയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച കേരളത്തിന്റെ അഭിമാനമായ ശ്രീജേഷിനെയും ബിജെപി കിഴക്കമ്പലം പഞ്ചായത്ത് കമ്മറ്റി ആശംസകള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: