ചേര്‍ത്തല: സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമായി തണ്ണീര്‍മുക്കം ബണ്ട്. രാത്രികാലങ്ങളില്‍ ബണ്ടിലൂടെ യാത്രചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് സമീപവാസികള്‍. ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ഒന്നര കിലോമീറ്ററോളം നീളം വരുന്ന തണ്ണീര്‍മുക്കം ബണ്ട് രണ്ട് പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ്.
തണ്ണീര്‍മുക്കത്തു നിന്ന് ബണ്ട് തുടങ്ങുന്ന ഭാഗം മുതല്‍ നടുക്കുള്ള മണ്‍ചിറ വരെ മുഹമ്മ പോലീസ് സ്റ്റേഷന്റെ പരിധിയിലും തുടര്‍ന്ന് വെച്ചൂരില്‍ അവസാനിക്കുന്ന ഭാഗം വരെ വൈക്കം പോലീസ് സ്റ്റേഷന്റെ പരിധിയിലുമാണ്. പോലീസ് സ്റ്റേഷനുകള്‍ ബണ്ടില്‍ നിന്ന് കിലോമീറ്ററുകള്‍ ദൂരെയായതിനാല്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടുതലാണെന്നാണ് നാട്ടുകാരുടെ പരാതി. പരാതി ഏറിയിട്ടും രണ്ട് സ്റ്റേഷനുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഇങ്ങോട്ടുതിരിഞ്ഞ് നോക്കാറില്ലെന്ന ആക്ഷേപവും വ്യാപകമായി. മുന്‍ കാലങ്ങളില്‍ ബണ്ടിന് പരിസരത്തുനിന്ന് മണല്‍ വാരുന്നുവെന്ന പരാതി ഏറിയപ്പോള്‍ രാത്രി കാലങ്ങളില്‍ ഇവിടെ പോലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. എന്നാല്‍ പട്രോളിങ് നിലച്ചതോടെ സാമൂഹ്യവിരുദ്ധരുടെയും ഗുണ്ടാ സംഘങ്ങളുടെയും താവളമായി ബണ്ട് മാറി.
ബണ്ടില്‍ വഴിയോരക്കച്ചവടം നടത്തുന്നവരെ ആക്രമിക്കുന്നതും പിടിച്ചുപറിയും മോഷണവും ഇവിടെ പതിവായി. ഇരുചക്രവാഹനക്കാരെയും മത്സ്യതൊഴിലാളികളെയും ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കായല്‍തീരത്ത് അടുപ്പിച്ചിട്ടിരുന്ന വെച്ചൂര്‍ സ്വദേശി ഷൈജുവിന്റെ ബോട്ട് അക്രമികള്‍ നശിപ്പിച്ച് കായലില്‍ താഴ്ത്താന്‍ ശ്രമം നടത്തിയിരുന്നു. മാസങ്ങളായി ബണ്ടില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും ഗുണ്ടകളുടെ അഴിഞ്ഞാട്ടങ്ങള്‍ക്കുമെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: