ന്യൂദല്‍ഹി: സൗജന്യമായി മരുന്നും ഇന്‍ഷുറന്‍സ് പരിരക്ഷയും രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ഉറപ്പുനല്‍കുന്ന ആരോഗ്യ പരിരക്ഷാ പദ്ധതി ഉടന്‍ നടപ്പാക്കിത്തുടങ്ങും. ആരോഗ്യസുരക്ഷാ പദ്ധതി ആരംഭിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി ആരോഗ്യമന്ത്രാലയത്തിന്റെ നൂറുദിന നേട്ടങ്ങള്‍ വിശദീകരിച്ചു നടത്തിയ പത്രസമ്മേളനത്തില്‍ ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ദ്ധന് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യപദ്ധതിയാണ് ആരോഗ്യപരിരക്ഷാ പദ്ധതി( യുഎച്ച്എഎം) യെന്നും ഡോ.ഹര്ഷവര്ദ്ധന് പറഞ്ഞു.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കാണ് സൗജന്യമായി ഇന്‍ഷുറന്‍സ് പിരരക്ഷ ഏര്‍പ്പെടുത്തുന്നത്. മറ്റു വിഭാഗക്കാര്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാകാന്‍ ചെറിയ തുക നല്കിയാല് മതിയാകും. ഇത്തരത്തില്‍ എല്ലാവിഭാഗം ജനങ്ങളേയും ആരോഗ്യപരിരക്ഷാ പദ്ധതിക്കു കീഴില്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അമ്പതോളം അവശ്യമരുന്നുകളാണ് സൗജന്യമാക്കുന്നത്. മുപ്പതോളം ആയുഷ് മരുന്നുകളും പരിശോധനാ സാമഗ്രികളുമടക്കം സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കും, കേന്ദ്രമന്ത്രി പറഞ്ഞു.
ആരോഗ്യപരിരക്ഷാ പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച എട്ടംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഒക്ടോബര്‍ 9ന് ദല്‍ഹിയില്‍ നടക്കുന്ന സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ അവതരിപ്പിക്കും. എയിംസ് മാതൃകയിലുള്ള ആശുപത്രികള്‍ കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലും സ്ഥാപിക്കാനാണ് കേന്ദ്രസ്രര്‍ക്കാര്‍ തീരുമാനം.
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിനൊപ്പം തന്നെ ഗ്രാമങ്ങളില്‍ സേവനം നടത്തണമെന്നതു നിര്‍ബന്ധമാക്കുകയാണ്. സുതാര്യമല്ലാത്ത പ്രവര്‍ത്തനം നടത്തുന്ന മെഡിക്കല്‍ വിദ്യാഭ്യാസ മേല്‍നോട്ട സമിതികളായ ഡിസിഐ, എംസിഐ എന്നിവയുടെ പ്രവര്‍ത്തനം ഉടച്ചുവാര്‍ക്കും.
ആരോഗ്യ പരിരക്ഷാ പദ്ധതികള്‍ക്ക് കോര്‍പ്പറേറ്റുകളുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തം തേടും. ആരോഗ്യ രംഗത്തെ ഗവേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഊന്നല്‍ നല്‍കും. ആരോഗ്യ മേഖലയില്‍ മൂന്നു പ്രധാനപ്പെട്ട ബില്ലുകള്‍ കൊണ്ടു വരും. ദി ബയോമെഡിക്കല്‍ ആന്റ് ഹെല്‍ത്ത് റിസര്‍ച്ച് റെഗുലേഷന് ബില്‍2014, ദി അസിസ്റ്റഡ് റീ പ്രൊഡക്്ടീവ് ടെക്നോളജി (റെഗുലേഷന്) ബില്‍2014, ദി റെക്കഗനേഷന്‍ ഓഫ് ന്യൂ സിസ്റ്റംസ് ഓഫ് മെഡിസിന് ബില്‍ 2014 എന്നിവ നിലവില്‍ വരും.
ദേശീയ ക്യാന്‍സര്‍ ദിനം, ദേശീയ അതിസമ്മര്‍ദ്ദ ദിനം എന്നിവ ആചരിക്കാനും ആയുര്‍വ്വേദം പ്രോത്സാഹിപ്പിക്കാന്‍ മുന്‍ഗണന നല്‍കാനുമാണ് ആരോഗ്യമന്ത്രാലയ തീരുമാനം. ദല്‍ഹിയില്‍ ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വ്വേദ ഉടന്‍ സ്ഥാപിക്കും. ലോക ആയുര്‍വ്വേദ കോണ്‍ഗ്രസ് നവംബര്‍ 6 മുതല്‍ 9 വരെ ദല്‍ഹിയില്‍ നടക്കുമ്പോള്‍ ആരോഗ്യമന്ത്രാലയത്തിന്റെപരിപൂര്ണ്ണ സഹകരണം സംരംഭത്തിനുണ്ട്. 40 രാജ്യങ്ങളില്‍ നിന്നായി 24 മന്ത്രിമാരും നാലായിരത്തിലേറെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ഡോ. ഹര്ഷവര്ദ്ധന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: