ന്യൂദല്‍ഹി: ലോധി റോഡിലെ പോസ്റ്റ് ഓഫീസില്‍ ഇന്നലെ രാവിലെ അപ്രതീക്ഷിത അതിഥിയായി എത്തിയത് പോസ്റ്റല്‍ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നടത്തിയ മിന്നല്‍ സന്ദര്‍ശനത്തില്‍ വൃത്തിഹീനമായ പോസ്റ്റ് ഓഫീസാണ് മന്ത്രിയെ വരവേറ്റത്. ഗോള്ഡക്ക് ഖാനയിലെ പോസ്റ്റോഫീസിലും ഇതേ അവസ്ഥ. എത്രയും വേഗം ഓഫീസുകള്‍ ശുചീകരിക്കാന്‍ നിര്‍ദ്ദേശിച്ചാണ് മന്ത്രി മടങ്ങിയത്.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിടുന്ന സ്വച്ഛ് ഭാരത് ശുചീകരണ പദ്ധതിയുടെ മുന്നോടിയായിട്ടായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ സന്ദര്‍ശനം. ഫയലുകള്‍ വൃത്തിയായി സൂക്ഷിച്ചില്ലെന്നും മേശകളും കബോര്‍ഡുകളുമെല്ലാം വരിച്ചുവാരിയിട്ട നിലയിലായിരുന്നെന്നും രവിശങ്കര്‍ പ്രസാദ് പിന്നീട് പറഞ്ഞു.
രാജ്യതലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ എല്ലാം മന്ത്രിമാരുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ്. വാരിവലിച്ചിട്ട ഓഫീസ് ഫയലുകളും മുറുക്കിത്തുപ്പി വൃത്തികേടാക്കിയിട്ടിരിക്കുന്ന ഭിത്തികളുമൊന്നും ഇനി ദല്‍ഹിയിലെ ഓഫീസുകളിലുണ്ടാകില്ല. പുതിയ ഷെല്‍ഫുകള്‍ വാങ്ങി ഫയലുകള്‍ അടുക്കിവെയ്ക്കാനും ഭിത്തികള്‍ ചായംപൂശി ഭംഗിയുള്ളതാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജീവനക്കാര്‍ കൃത്യസമയത്ത് ഓഫീസിലെത്തുന്നതു മാത്രമല്ല, ഓഫീസ് മുറികളുടെ ഭംഗിയും ശുചിത്വവും നല്ല ക്രമീകരണവും ആവശ്യമാണെന്നാണ് കേന്ദ്രമന്ത്രിമാര്‍ നല്കുന്ന നിര്‍ദ്ദേശം. സര്‍ക്കാര്‍ നിര്‍ദ്ദേശം താഴേത്തട്ടിലേക്ക് നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് അപ്രതീക്ഷിത സന്ദര്‍ശനങ്ങളുമായി കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ രംഗത്തിറങ്ങുന്നത്. മിക്ക മന്ത്രിമാരും ഇതിനകം തന്നെ മന്ത്രാലയങ്ങളുടെ ശുചീകരണത്തിനായി ചൂലെടുത്തിറങ്ങിക്കഴിഞ്ഞു.
കേന്ദ്രമാനവ വിഭവ ശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനിയാണ് മന്ത്രാലയ ശുചീകരണത്തിനായി ആദ്യം ചൂലെടുത്തിറങ്ങിയത്. തുടര്‍ന്ന് ഉമാഭാരതി, പ്രകാശ് ജാവ്ദേക്കര്‍, രാംവിലാസ് പാസ്വാന്, നരേന്ദ്രസിങ് തോമര്‍ തുടങ്ങിയ മന്ത്രിമാരെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. നഗരത്തിലെ നിരത്തുകള്‍ ശുചീകരിച്ചുകൊണ്ട് ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന് ഇന്നലെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: