ആലപ്പുഴ: ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അനാസ്ഥയും കാരണം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികളില്‍ അഞ്ച് ശതമാനം പേരും മരണത്തിന് കീഴടങ്ങുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
വിവരാവകാശ നിയമപ്രകാരം ആശുപത്രി അധികൃതര്‍ നല്കിയ രേഖയിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ വര്‍ഷം 57112 പേര് ചികിത്സക്കെത്തിയതില്‍ 2628 പേര് മരിച്ചു. ഇതില്‍ 2484 പേരും വാര്‍ഡില്‍ കിടത്തിചികിത്സക്ക് പ്രവേശിപ്പിക്കപ്പെട്ടവരാണ്. മുന്‍ വര്‍ഷം 53,234 പേ ര്‍ ചികിത്സക്കെത്തിയതില്‍ 2290 പേര് മരണത്തിന് കീഴടങ്ങി.
ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും കുറവുമാണ് ഇത്രയുമധികം മരണം സംഭവിക്കാന്‍ കാരണമെന്ന് കേരള പേഷ്യന്റ്സ് വെല്‍ഫയര്‍ ഫോറം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കാഷ്വാലിറ്റിയിലും ട്രോമാകെയര്‍ യൂണിറ്റിലും വാര്‍ഡുകളിലും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉച്ച കഴിഞ്ഞ് ലഭ്യമല്ല. ഇതിനാല്‍ ചികിത്സ കിട്ടാതെ പല രോഗികളും മരിച്ചു.
കാഷ്വാലിറ്റിയിലും ട്രോമാകെയര്‍ യൂണിറ്റിലും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ല. എമര്‍ജന്‍സി ലാബുകളില്ലാത്തതിനാല്‍ രക്തപരിശോധനക്കായി രോഗികള്‍ നെട്ടോട്ടമോടണം. ആവശ്യത്തിന് വീല്ചെയറില്ലാത്തതിനാല് കാഷ്വാലിറ്റിയില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റുന്ന രോഗികള്‍ മണിക്കൂറുകളോളം വീല്‍ചെയറിനായി കാത്തുനില്‍ക്കേണ്ട സ്ഥിതിയാണുള്ളത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപര്യാപ്തതകള്‍ക്ക് പരിഹാരം കാണണമെന്നും ഡോക്ടര്‍മാരുടെയും പാരമെഡിക്കല്‍ ജീവനക്കാരുടെയും ഒഴിവുകള്‍ നികത്തണമെന്നും ആവശ്യപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു.
ആശുപത്രിയുടെ പുരോഗതിക്കും വികസനത്തിനും വേണ്ട നടപടികള്‍സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാവശ്യപ്പെട്ട് പേഷ്യന്‍സ് വെല്‍ഫെയര്‍ ഫോറം ആഭിമുഖ്യത്തില്‍ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കുമെന്നും അവര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ അസോസിയേഷന് സംസ്ഥാന വൈസ്പ്രസിഡന്റ് പി. പുഷ്പരാജന്‍, ജനറല്‍സെക്രട്ടറി വിശ്വനാഥന് പാലത്തിങ്കല്‍, കെ. ഗോപിനാഥന്, അഡ്വ. ബി. സുരേഷ്, മധു വണ്ടാനം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: