തെക്കുകിഴക്കന്‍ ജില്ലകളെ ഒരുമിച്ചു ചേര്‍ത്ത് 2000 നവംബര്‍ 1ന് ഛത്തീസ്ഗഡ് എന്ന പുതിയ സംസ്ഥാനം രൂപീകരിക്കുമ്പോള്‍ മധ്യപ്രദേശ് ഭരിക്കുന്നത് കോണ്‍ഗ്രസ്. 1998ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡ് റീജിയണില്‍ നിന്നും 45 ശതമാനം സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് കിട്ടിയത്. അതിനാല്‍ത്തന്നെ പുതിയ സംസ്ഥാനം രൂപീകൃതമായപ്പോള്‍ എംഎല്‍എമാരുടെ എണ്ണത്തില്‍ മുന്നിലുള്ള കോണ്‍ഗ്രസ് അജിത് ജോഗിയെന്ന മാര്‍വാഹി ട്രൈബല്‍ വിഭാഗക്കാരനായ പഴയ ഐഎഎസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയാക്കി ഇന്ത്യയില്‍ ഏറ്റവുമധികം ആദിവാസി ജനസംഖ്യയുള്ള സംസ്ഥാനത്തിന്റെ ചുമതലയും നല്കി.
എന്നാല്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ എക്കാലവും അവഗണിക്കപ്പെട്ടു കിടന്ന പഴയ ദണ്ഢകാരണ്യവനപ്രദേശത്തേക്ക് വികസനത്തിന്റെ സന്ദേശമെത്തിക്കാന്‍ അജിത്ജോഗിക്കായില്ല. ഫലമോ സംസ്ഥാനം രൂപീകൃതമായതിനു ശേഷം 2003ല്‍ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 90ല്‍ 50 സീറ്റുകളും നേടി ആയുര്‍വേദ ഡോക്ടറായ രമണ്‍സിങ്ങിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാരുണ്ടാക്കി.
കേരളത്തേക്കാള്‍ വലുപ്പമുള്ള ബസ്തര്‍ വനമേഖല ഉള്‍പ്പെടുന്ന, ജനസംഖ്യയുടെ തൊണ്ണൂറ് ശതമാനവും ആദിവാസി ജനസമൂഹത്തെ ഉള്‍ക്കൊള്ളുന്ന സംസ്ഥാനത്തിന്റെ ഭരണനിര്‍വഹണം അത്ര എളുപ്പമായിരുന്നില്ല. കൂടാതെ ചൂഷണവും ദാരിദ്ര്യവും വികസനപ്രവര്‍ത്തനങ്ങളുടെ അഭാവവുമെല്ലാം ആദിവാസികളെ നക്സല്‍ പ്രവര്ത്തനങ്ങളിലേക്കെത്തിച്ചിരുന്നു അതിനകം. ഒരു കിലോ ഉപ്പിനു വേണ്ടി ആയിരക്കണക്കിനു രൂപ പുറംലോകത്ത് വിലയുള്ള വനവിഭവങ്ങള്‍ വിറ്റിരുന്ന നിരക്ഷര ജനത. ഈ ജീവിത സാഹചര്യങ്ങളിലേക്കാണ് രമണ്‍സിങ്ങിന്റെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുമായി ഇറങ്ങിച്ചെന്നത്. ഫലം അത്ഭുതാവഹമായ മാറ്റമായിരുന്നു. ജനങ്ങള്‍ക്കും ബിജെപിക്കും.
പിന്നീടു നടന്ന 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 11 മണ്ഡലങ്ങളില്‍ പത്തും ബിജെപി വിജയിച്ചു. തോറ്റത് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ വി.സി ശുക്ല മത്സരിച്ച മഹാസമുദില്‍ മാത്രം. 1957മുതല്‍ മഹാസമുദില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്ന ശുക്ലയുടെ സീറ്റ് അജിത് ജോഗി തട്ടിയെടുത്തതിനെ തുടര്‍ന്നായിരുന്നു ശുക്ലയുടെ ബിജെപി പ്രവേശനം. മറ്റു സീറ്റുകളിലെല്ലാം അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപി ജയിച്ചു.
ബസ്തറില്‍ നിന്നും കോണ്‍ഗ്രസിന്റെ ആദിവാസി നേതാവ് മഹേന്ദ്രകര്‍മ്മയെ 54,373 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് ബലിറാം കശ്യപും ഡോ.ചരണ്‍ദാസ് മഹന്തിനെ തോല്‍പ്പിച്ച് കരുണാ ശുക്ലയുമെല്ലാം 2004ല്‍ ലോക്സഭയിലെത്തി. ബിലാസ്പൂര്‍,ദുര്‍ഗ്,കാങ്കര്‍,റായ്പൂര്‍,രാജ്നന്ദ്ഗാവ് എന്നിവയൊക്കെ ബിജെപിയോടൊപ്പമായി.
2009ലും ഫലം ആവര്‍ത്തിച്ചു. 11ല്‍ പത്തും ബിജെപിക്കു തന്നെ. മഹാസമുദ് തിരിച്ചു പിടിച്ച ബിജെപിക്ക് ആകെ നഷ്ടമായത് പുതിയ മണ്ഡലമായ കോര്‍ബ മാത്രം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഡോ.ചരണ്‍ദാസ് മഹന്താണ് അവിടെ ജയിച്ചത്. ബസ്തറില്‍ നിന്ന് ആദിവാസികള്‍ക്കിടയിലെ അതിശക്തനായ ബിജെപി നേതാവ് ബലിറാം കശ്യപും വടക്കന്‍ ഛത്തീസ്ഗട്ടിലെ അവസാന വാക്കായ ദിലീപ് സിങ് ജുദേവ് ബിലാസ്പൂരില്‍ നിന്നും ലോക്സഭയിലെത്തി. 2009ലും ബിജെപിക്ക് തുണയായത് ഡോ.രമണ്സിങ്ങെന്ന മികച്ച ഭരണാധികാരിയുടെ ജനപ്രിയതയും സദ്ഭരണവുമാണ്. രാജ്യത്തിനു മാതൃകയായി ഭക്ഷ്യപൊതുവിതരണ പദ്ധതി ആദ്യമായി വിജയകരമായി നടപ്പിലാക്കിയതും പുതിയ രായ്പ്പൂര് നഗരത്തിന്റെ നിര്‍മ്മാണവുമെല്ലാം രമണ്സിങ്ങെന്ന മുഖ്യമന്ത്രിയുടെ നേട്ടങ്ങളായി. 2003,2008 എന്നീ വര്‍ഷങ്ങള്‍ക്ക് പിന്നാലെ 2013ല്‍ മൂന്നാംവട്ടവുംരമണ്സിങ്ങിനെ ഛത്തീസ്ഗട്ടിന്റെ സാരഥ്യമേല്പ്പിക്കാന് അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. 2013ല്‍ 90ല്‍ 48 സീറ്റുകള്‍ നേടി ഹാട്രിക് തികച്ച രമണ്‍സിങ്ങിന്റെ നേതൃത്വത്തില്‍ ലോക്സഭയിലേക്കുള്ള 11 സീറ്റുകളും നേടാനാവുമെന്നാണ് ബിജെപി ക്യാമ്പിന്റെ പ്രതീക്ഷ.
മറുവശത്ത് ജീരംഘാട്ടിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ കൊലപാതകത്തിന്റെ സഹതാപതരംഗം നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു സഹായകരമായില്ലെന്ന തിരിച്ചറിവില്‍ പുതു മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് അജിത്ജോഗിയും കൂട്ടരും.
മൂന്നൂ ഘട്ടങ്ങളിലായാണ് ഛത്തീസ്ഗഡിലെ 11 മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാവോയിസ്റ്റ് സ്വാധീനം ഏറെയുള്ള ബസ്തര്‍ മണ്ഡലത്തില്‍ ഏപ്രില്‍ 10ന് തെരഞ്ഞെടുപ്പ് നടക്കും. കാങ്കര്‍,മഹാസമുദ്,രാജ്നന്ദഗാവ് എന്നീ മൂന്ന് ലോക്സഭാ മണ്ഡലങ്ങളില്‍ ഏപ്രില്‍ 17നാണ് തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും സുരക്ഷാ പ്രശ്നങ്ങള്‍ രൂക്ഷമാണ്. സുര്‍ഗുജ,രായ്ഗട്ട്,ചമ്പ,കോര്‍ബ,ബിലാസ്പൂര്‍,ദുര്‍ഗ്ഗ്,റായ്പൂര്‍ എന്നീ 7 മണ്ഡലങ്ങളില്‍ ഏപ്രില്‍ 24ന് മൂന്നാംഘട്ടവും നടക്കും.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി, ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ്, മുഖ്യമന്ത്രി രമണ്‍സിങ് തുടങ്ങിയ നേതാക്കള്‍ ഛത്തീസ്ഗട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രചാരണത്തിനായി എത്തിച്ചേരുന്നുണ്ട്. മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും ബിജെപി ഏറെ മുന്നിലാണ്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ അജിത്ജോഗിയെ കേന്ദ്രീകരിച്ചു മാത്രമാണ് മുന്നേറുന്നതെന്ന പോരായ്മ പരിഹരിക്കാന്‍ ഇത്തവണയും കോണ്‍ഗ്രസിന് സംസ്ഥാനത്ത് സാധിക്കുന്നില്ല.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: