കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം നില്ക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. 2000 വരെ ഉത്തര്‍ പ്രദേശിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ഈ പ്രദേശത്തിന്റെ അവികസനം മുന്‍നിര്‍ത്തി, പ്രത്യേക സംസ്ഥാന രൂപവത്കരണത്തിനു വേണ്ടിയുള്ള വാദം ശക്തമായിരുന്നു. നിരവധി പ്രക്ഷോഭങ്ങളും ഇതിന്റെ പേരില്‍ നടന്നു. 2000 നവംബര്‍ 9 ന് ഉത്തരാഞ്ചല്‍ എന്ന പേരിലാണ് സംസ്ഥാനം നിലവില്‍ വരുന്നത്. 2006 ല്‍ ഉത്തര്‍ഖണ്ഡ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.
ഹരിദ്വാറും ഋഷികേശും ഒക്കെയുള്ള ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന് വിളിക്കപ്പെടുന്ന,ബദരീനാഥ്, കേഥാര്‍നാഥ് തുടങ്ങിയ ക്ഷേത്രങ്ങള്‍ ഉള്ള ഉത്തര്ഖണ്ഢിന് പുരാതന ഭാരത ചരിത്രത്തില്‍ തന്നെ വലിയ സ്ഥാനമുണ്ട്.
ഹിമാലയന്‍ മലനിരകളാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. ഗംഗയുടെയും യമുനയുടേയും ഉത്ഭവും ഈ സംസ്ഥാനത്തുള്ള ഗംഗോത്രി, യമുനോത്രി എന്നീ പ്രദേശങ്ങളാണ്.
2002 ല്‍ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു ഭൂരിപക്ഷം. കേവലം ഒരു സീറ്റിന്റെ ഭൂരിപക്ഷം കോണ്‍ഗ്രസിന് 70 ല്‍ 36 സീറ്റ്. ബിജെപിക്ക് 19 സീറ്റ്, ബിഎസ്പിക്ക് 7 സീറ്റ്, മറ്റുള്ളവര്‍ക്ക് ഏഴ് എന്നതായിരുന്നു കക്ഷിനില. രണ്ടുവര്‍ഷത്തിനുശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായിരുന്നു നേട്ടം. അഞ്ചില്‍ നാലിടത്തും താമര വിരിഞ്ഞു. കോണ്‍ഗ്രസിനും സമാജ് വാദിക്കും ഓരോ സീറ്റുകള്‍. 2007 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കുതന്നെയായിരുന്നു നേട്ടം. 34 സീറ്റുമായി അധികാരം പിടിച്ചു. 2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പക്ഷേ ബിജെപിക്ക് തിരിച്ചടിയേറ്റും. ആകെയുള്ള അഞ്ച് സീറ്റും കോണ്‍ഗ്രസിന്.
രണ്ടുവര്‍ഷത്തിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. കോണ്‍ഗ്രസിന് 32, ബിജെപി 31, ബിഎസ്പിയുടെയും സ്വതന്ത്രന്ത്രന്മാരുടെയും പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തി. വിജയ് ബഹുഗുണയെ മുഖ്യമന്ത്രിയാക്കി. ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ തുടക്കം മുതലെ എതിര്‍ത്തിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 24 പേരും ബഹുഗുണയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെ രണ്ടുവര്‍ഷം ഭരിച്ച ബഹുഗുണയെ അടുത്തയിടെ മാറ്റി. പകരം ഹരീഷ് റാവത്തിനെ മുഖ്യമന്ത്രിയാക്കി.
രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയുടെ പശ്ചാത്തലത്തിലായിരുന്നു ഉത്തരാഖണ്ഡിലെയും നേതൃമാറ്റം.
ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നാണ് വിലയിരുത്തല്‍. അഞ്ചുസീറ്റും ബിജെപി തൂത്തുവാരുമെന്ന് തെരഞ്ഞെടുപ്പ് സര്‍വേകള്‍ വ്യക്തമാകുന്നുമുണ്ട്. കോണ്‍ഗ്രസിലെ തമ്മിലടി മാത്രമല്ല കാരണം. കഴിഞ്ഞ ജൂണില്‍ സര്‍വനാശം വിതച്ച പ്രളയക്കെടുത്തിക്ക് കാരണം പ്രകൃതിയുടെ വിളയാട്ടമാണെങ്കിലും സാധാരണ ജനങ്ങള്‍ക്ക് ഇത് ഭരണവര്‍ഗ്ഗത്തോടുള്ള വിദ്വേഷമായി മാറിയിട്ടുണ്ട്. ‘രാജാവ് നന്നായില്ലേല്‍ പ്രജകള്‍ക്ക് ദുരിതം’ എന്ന വിശ്വാസം ശക്തമായി അലയടിക്കുന്നു.
അതിനാല്‍ തന്നെ ബിജെപി ഒരു തൂത്തുവാരന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മോദിതരംഗം അലയടിക്കുന്ന സംസ്ഥാനംകൂടിയാണിത്. പ്രളയദുരന്തം ഉണ്ടായപ്പോള്‍ മോദി നേരിട്ടെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
കഴിഞ്ഞ മെയില്‍ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ഉജ്വലവിജയം നേടിയിരുന്നു. പകുതിയിലധികം പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുത്തു. ആകെയുള്ള 6 നഗരസഭകളില്‍ നാലും സ്വന്തമാക്കി. മുന്‍ മുഖ്യമന്ത്രിമാരായ നിത്യാനന്ദസ്വാമി, ബി.സി.ഖണ്ഡൂരി, രമേശ് പോക്രിയില് നിഷാന്ത് എന്നിവര്‍ ബിജെപിക്കുവേണ്ടിയും വിജയ് ബഹുഗുണയും ഹരീഷ് റാവത്തും കോണ്‍ഗ്രസിനുവേണ്ടിയും തേര്‍തെളിക്കും. ബിഎസ്പിക്കും എസ്പിക്കും പുറമെ ഉത്തരാഖണ്ഡ് ക്രാന്തിദള്‍ എന്ന പാര്‍ട്ടിയും ഇവിടെ സ്വാധീനമുള്ള രാഷ്ട്രിയപ്രസ്ഥാനങ്ങളാണ്.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: