ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ മൂന്നാംമുന്നണിയെന്ന സിപിഎമ്മിന്റെ എക്കാലത്തേയും സ്വപ്നം ഇത്തവണയും തകര്‍ന്നു വീണു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങ ളിലുണ്ടായിരുന്ന ഇടതുസഖ്യങ്ങളിലെ തകര്‍ച്ച അതിലും വലിയ ആഘാതമായി മാറി.
നിലപരുങ്ങലിലായ പശ്ചിമബംഗാളിലെ ക്ഷീണം കേരളത്തില്‍നിന്നും ലഭിക്കുന്ന സീറ്റുകളിലൂടെ മറികടക്കാമെന്ന സിപിഎം കേന്ദ്രനേതൃത്വത്തിന്റെ കണക്കുകൂട്ടലുകളാണ് കേരളത്തിലെ ഇടതുമുന്നണിയിലെ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ പിഴച്ചിരിക്കുന്നത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 16 സീറ്റുകള്‍ എങ്കിലും ഇത്തവണ ലഭിച്ചില്ലെങ്കില്‍ ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ അപ്രസക്തമാകുമെന്ന തിരിച്ചറിവിലാണ് സിപിഎം കേന്ദ്രനേതൃത്വം. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഉടലെടുത്ത മുന്നണിയിലെ പ്രശ്നങ്ങള്‍ കേരളത്തിലെ സാധ്യതകള്‍ക്ക് വലിയ മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
2009ല്‍ പശ്ചിമ ബംഗാളില്‍ നിന്നും സിപിഎമ്മിനു ലഭിച്ചത് കേവലം ഒമ്പതു സീറ്റുകള്‍ മാത്രമാണ്. കേരളത്തില്‍ ആറ്റിങ്ങല്‍,ആലത്തൂര്‍,പാലക്കാട്, കാസര്‍കോട് എന്നിങ്ങനെ നാലും ത്രിപുരയിലെ രണ്ടു സീറ്റുകളും സിപിഎമ്മിനു ലഭിച്ചു. ഇതിനു പുറമേ എഐഎഡിഎംകെയുടെ പിന്തുണയോടെ കോയമ്പത്തൂരില്‍ നിന്നും പി.ആര്. നടരാജനും ലോക്സഭയിലെത്തി.
2005ലെ പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തുമ്പോള്‍ ലോക്സഭയില്‍ സിപിഎം അംഗങ്ങളുടെ എണ്ണം 42 ആയിരുന്നു. കേരളത്തിലേയും പശ്ചിമബംഗാളിലേയും ഒട്ടുമിക്ക സീറ്റുകളും കൈവശം വെച്ചിരുന്ന പാര്‍ട്ടിക്ക് കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ ഇരു സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. 2009ല്‍ കേരളത്തിലെ വിജയം നാലു സീറ്റിലൊതുങ്ങിയപ്പോള്‍ പശ്ചിമബംഗാളില്‍ ഇടതുമുന്നണിക്ക് വിജയിക്കാനായത് 42ല്‍ 15 സീറ്റുകളിലാണ്. ആര്‍എസ്പി,ഫോര്‍വേഡ് ബ്ലോക്ക്, സിപിഐ എന്നിവര്‍ക്ക് 2009ല്‍ ബംഗാളില്‍ രണ്ടു വീതം സീറ്റു ലഭിച്ചിരുന്നു.
ബംഗാളില്‍ ഇത്തവണ സിപിഎമ്മിന് പത്തു സീറ്റ് തികച്ച് ലഭിക്കില്ലെന്ന് എല്ലാ സര്‍വ്വേ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു. കേരളത്തില്‍ മികച്ച വിജയം പ്രതീക്ഷിച്ച പാര്‍ട്ടി തെരഞ്ഞെടുപ്പിന് നാലാഴ്ച മാത്രം ശേഷിക്കെ ആത്മവിശ്വാസക്കുറവ് പ്രകടിപ്പിച്ചുകഴിഞ്ഞു. കുറഞ്ഞത് 30 അംഗങ്ങളെയെങ്കിലും ലോക്സഭയിലെത്തിച്ചാല് മാത്രമേ ദേശീയ തലത്തില്‍ ബദല്‍ മുന്നണിക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്താനാവൂ എന്ന കാര്യം സിപിഎമ്മിനറിയാം.
മൂന്നാംമുന്നണിയ്ക്കു വേണ്ടി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം ചിലപ്പോള്‍ കാര്യങ്ങള്‍ അനുകൂലമായി വരുമെന്ന പ്രതീക്ഷ ഇടയ്ക്ക് കേന്ദ്രനേതൃത്വം വച്ചുപുലര്‍ത്തിയതാണ്. എന്നാല്‍ കേരളത്തിലെ ഇടതുമുന്നണിയിലെ പൊട്ടിത്തെറിയും ബംഗാളിലെ ഇടതു സഖ്യത്തിന്റെ ദൗര്‍ബല്യവും പാര്‍ട്ടിക്ക് കനത്ത ആശങ്ക സൃഷ്ടിക്കുന്നു.
ബംഗാളിലും കേരളത്തിലും സിപിഐ ഇടതുമുന്നണിയില്‍ത്തന്നെ ഉറച്ചു നില്ക്കുമ്പോള് കേരളത്തില്‍ ഇടതുസഖ്യമുപേക്ഷിച്ച ആര്‍എസ്പി ബംഗാളില്‍ സിപിഎമ്മിനൊപ്പമുണ്ട്. ഫോര്‍വേഡ് ബ്ലോക്ക് ബംഗാളില്‍ ഇടതു ക്യാമ്പില്ത്തന്നെയാണെങ്കിലും കേരളത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിനെതിരെ കൊല്ലത്ത് മത്സരിക്കുന്നു.
മൂന്നാംമുന്നണിക്കായി ഫെബ്രുവരി 25ന് ദല്‍ഹിയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്ന ജയലളിത പ്രതിനിധിയെ മാത്രമയച്ചപ്പോള് തന്നെ സിപിഎമ്മിന് അപകടം മണത്തിരുന്നു. ബീഹാറില്‍ കേവലം അഞ്ചില്‍ താഴെ മാത്രം സീറ്റുകളിലേക്ക് ഒതുങ്ങുമെന്ന് സര്‍വ്വേകള്‍ പ്രവചിക്കുന്ന ജെ ഡി യുവിനെ മുന്നില്‍ നിര്‍ത്തി നീങ്ങുന്നതില്‍ വലിയ കാര്യമില്ലെന്നും സിപിഎമ്മിന് ബോധ്യമുണ്ട്. എങ്കിലും മതേതരപാര്‍ട്ടികളുടെ മുന്നണിക്കായി ജെഡിയു അനിവാര്യ ഘടകമാണ്. ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും അസംഗണപരിഷത്തും ബിജെപിയോടൊപ്പം പോയയും ഒറീസയിലെ ബിജു ജനതാദള്‍ വീണ്ടും എന്‍ഡിഎയിലേക്ക് നീങ്ങുന്നതും സിപിഎം നേതാക്കളെ നിരാശരാക്കിയിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടിയുടെ സ്ഥിതി ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം മാത്രമേ വ്യക്തമാകൂ. വലിയ തിരിച്ചടിയാണ് എസ്.പി കാത്തിരിക്കുന്നതെന്നാണ് യുപിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
അതിനു പുറമേയാണ് ബദ്ധശത്രുവായ മമത ബാനര്‍ജിയും ജയലളിതും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകള്‍. രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് ആസന്നമായെന്ന് ജനത്തെ അറിയിക്കുന്നതിനുള്ള ഒരു പ്രതിഭാസം മാത്രമാണ് മൂന്നാംമുന്നണി രൂപീകരണ പ്രഖ്യാപനമെന്ന പരിഹാസത്തിന് ഇത്തവണയും സിപിഎം വിധേയമാകേണ്ടി വരികയാണ്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: