കോളേജ് ഡേയുടെ ആഘോഷത്തിമിര്‍പ്പി ലായിരുന്നുവെങ്കിലും കോട്ടയം ബിസിഎം കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനികള്‍ തെരഞ്ഞെടുപ്പെന്ന് കേട്ടപ്പോഴേക്കും ആക്ടീവായി. ഞങ്ങള്‍ക്കും ചിലതൊക്കെ പറയാനുണ്ടെന്ന് തുറന്നടിച്ചാണ് ഈ മിടുക്കികള്‍ രംഗത്തെത്തിയത്. കന്നിവോട്ടര്‍മാരായ ഇവര്‍ക്ക് പറയാനുണ്ടായിരുന്നു നിരവധി കാര്യങ്ങള്‍.
യുവാക്കള്‍ തെരഞ്ഞെടുപ്പില്‍ കടന്നുവന്നതുകൊണ്ട് പ്രത്യേകിച്ച് തങ്ങള്‍ക്കൊന്നും കിട്ടാനില്ലെന്ന് ഇവര്‍ പറയുന്നു. യുവാവേശമല്ല, മറിച്ച് ന്യൂജനറേഷന് ആശയങ്ങളാണ് മുന്നോട്ടുവെക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടതെന്നാണ് അവരുടെ മതം. ഏതു മുന്നണി ഭരിച്ചാലും വാഗ്ദാനങ്ങള്‍ക്ക് ഒട്ടും കുറവില്ലെന്നും അവര്‍ പരിഭവപ്പെടുന്നു.
“ഓരോ തെരഞ്ഞെടുപ്പിലും പലരും വാഗ്ദാനങ്ങള്‍ പലതും മുന്നോട്ടുവെക്കും. എന്നാല്‍ അധികാരത്തിലേറിയാല്‍ ജനങ്ങളെ തിരിഞ്ഞുനോക്കാത്തവരാണ് രാഷ്ട്രീയക്കാര്‍. ജനങ്ങള്‍ക്കുവേണ്ടി ഒന്നും ഇവര്‍ ചെയ്യുന്നില്ല. പരസ്പരം പാരവെയ്പ്പും, കുതികാല്‍വെട്ടും മാത്രമാണ് ഇവരുടെ തൊഴില്‍. അത്തരക്കാര്‍ക്ക് ഞങ്ങളുടെ വോട്ട് ഉണ്ടാവില്ല”. സ്ത്രീ സുരക്ഷക്ക് അല്പ്പെമെങ്കിലും പ്രാധാന്യം നല്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും തങ്ങളുടെ വോട്ടെന്നാണ് ഇവര്‍ പറയുന്നത്. സമൂഹത്തില്‍ ഇന്നും സ്ത്രീ-പുരുഷ സമത്വം ഉണ്ടായിട്ടില്ലെന്നാണ് ഇവരുടെ അഭിപ്രായം.
രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ സത്യസന്ധത പുലര്‍ത്തുക, വാഗ്ദാനങ്ങള്‍ പാലിക്കുക, അനാവശ്യ സമരങ്ങള്‍ അവസാനിപ്പിക്കുക കന്നിവോട്ടര്മാരായതുകൊണ്ടുതന്നെ ഇങ്ങനെ ചുരുക്കം ചില ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചു. പാര്‍ട്ടി നോക്കി വോട്ട് ചെയ്യുന്ന നിലപാട് മാറ്റിയാലെ വികസനം ഉണ്ടാകൂ എന്ന പക്ഷക്കാരും ഇക്കൂട്ടത്തിലുണ്ട്. ഒരു വീട്ടില്‍ ഒരു പാര്‍ട്ടിക്കു മാത്രമേ വോട്ട് ചെയ്യൂ എന്ന നിലപാട് മാറ്റണമെന്നാണ് ഇവര്‍ പറയുന്നത്. പാര്‍ട്ടി നോക്കാതെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വോട്ടുചെയ്യുകയാണ് വേണ്ടതെന്നും ഈ മിടുക്കികള്‍ പറയുന്നു. സ്ത്രീകള്‍ക്ക് സംവരണം ഇല്ലെന്ന പരാതി ഉണ്ടെങ്കിലും അത് മാറ്റി നിര്‍ത്തി കഴിവ് തെളിയിക്കണമെന്നാണ് ഇവരുടെ അഭിപ്രായം…
തയ്യാറാക്കിയത് ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: