ന്യൂദല്‍ഹി: ടെലിവിഷന്‍ ഇന്റര്‍വ്യൂവിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ഗാന്ധി ഗൂഗിള്‍ ഹാങ്ങ്ഔട്ട് പരിപാടി ഉപേക്ഷിച്ചു. മാര്‍ച്ച് 21 ന് ഇന്റര്‍നെറ്റിലെ ഗൂഗിള്‍ ഹാങ്ങ്ഔട്ടില് രാഹുല്‍ ലോകത്തോട് സംസാരിക്കുന്നുവെന്നായിരുന്നു നേരത്തെ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ അബദ്ധമാകുമെന്ന് പലരും ഉപദേശിച്ചതിനെത്തുടര്‍ന്ന് പരിപാടി വേണ്ടെന്നുവെക്കുകയായിരുന്നു.
ടൈംസ് നൗ ടെലിവിഷന്‍ ചാനലിന് ജനുവരി 27 ന് രാഹുല്‍ നല്കിയ ഇന്റര്‍വ്യു വമ്പിച്ച പരാജയമായിരുന്നു. അരിയെത്ര എന്ന ചോദ്യത്തിനു പയറഞ്ഞാഴിയെന്ന മട്ടില്‍ രാഹുല്‍ നല്കിയ മറുപടികള്‍ പാര്‍ട്ടിയേയും ആ നേതാവിനേയും ജനങ്ങള്‍ക്കിടയില്‍ കോമാളിയാക്കിയെന്നാണ് വിമര്‍ശനം വന്നത്. രാഹുലിന്റെ പിടിപ്പുകേട് ലോകത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ട ആ ടിവി അഭിമുഖത്തിന്റെ മറ്റൊരു പതിപ്പാകും ഗൂഗിള്‍ ഹാങ്ങ്ഔട്ടെന്ന് പാര്‍ട്ടി ഭയക്കുന്നു. ടൈംസ് നൗവിലെ ഇന്റര്‍വ്യൂവിനു ശേഷം പല ടിവി ചാനലുകളും സമീപിച്ചെങ്കിലും രാഹുല്‍ ഇന്റര്‍വ്യൂ കൊടുക്കേണ്ടെന്ന് പാര്‍ട്ടിയുടെയും രാഹുലിന്റെയും തെരഞ്ഞെടുപ്പു പ്രചാരണ മാനേജര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അതേ സമയം പാര്‍ട്ടി ഭാരവാഹികള്‍ക്കു മാത്രമായി രാഹുല്‍ ഗൂഗിളില്‍ ഹാങ്ക്ഔട്ട് പരീക്ഷണം നടത്താന്‍ ആലോചിക്കുന്നുണ്ട്. അതിന്റെ വിജയം വിലയിരുത്തിയായിരിക്കും തുടര്‍പരിപാടി.
ലോകത്തിന്റെ ഏത് ഭാഗത്തുനിന്ന് ആര്‍ക്കും ചോദ്യം ചോദിക്കാവുന്ന പരിപാടിയാണത്. ചോദ്യങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്ക്കാന് രാഹുലിന് കഴിയില്ലെന്നാണ് രാഹുല്‍ പ്രചാരണ മാനേജര്‍മാര്‍ വിലയിരുത്തുന്നത്. അതിനാല്‍ നേരത്തെ പ്രഖ്യാപിച്ച പരിപാടി മാറ്റിവക്കുകയാണ്. 21 ലെ പരിപാടി വലിയ പ്രചാരണ കോലാഹലവുമായി അറിയിച്ച ഗൂഗിളിനുതന്നെ ഇപ്പോള്‍ മിണ്ടാട്ടമില്ല. ഊഹാപോഹങ്ങള്‍ പറയാനില്ലെന്നും സ്ഥിരീകരിക്കാത്ത കാര്യത്തില്‍ മറുപടിയില്ലെന്നുമാണ് ഗൂഗിള്‍ ഇന്ത്യാ വക്താവ് പരോമ റോയ് വിശദീകരിക്കുന്നത്.
അതേസമയം, മാര്‍ച്ച് 25 ന് പി. ചിദംബരം ഗൂഗിള്‍ ഹാങ്ങ്ഔട്ടില് വരുമെന്ന് കമ്പനി സ്ഥിരീകരിക്കുന്നുണ്ട്. ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി ഫേസ്ബുക്ക് ലൈവ് പരിപാടിയില്‍ വന്‍വിജയമായിരുന്നു. മാര്‍ച്ച് മൂന്നിനായിരുന്നു പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: