ന്യൂദല്‍ഹി: എഎപിയുടെ സ്വാധീനം ഏറെയുണ്ടെന്ന് പറയുന്ന ദല്‍ഹിയില്‍ ശക്തി പരീക്ഷിക്കാന്‍ ബിജെപിയുടെ സുബ്രഹ്മണ്യന്‍സ്വാമി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ അജയ് മാക്കനെതിരെ ന്യൂദല്‍ഹി മണ്ഡലത്തില്‍ മത്സരിക്കുന്നത് സുബ്രഹ്മണ്യന് സ്വാമിയായിരിക്കും. മാക്കന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസും സ്വാമിയുടേത് ബിജെപിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇവര്‍ തമ്മിലായിരിക്കും പോരാട്ടമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ആഷിഷ് ഖേരന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
അജയ് മാക്കനാണ് മണ്ഡലത്തിലെ എം പി. 2004 ലും 2008 ലും വിജയിച്ച മണ്ഡലത്തില്‍ മൂന്നാമതും മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് ക്ഷീണമാണ്. എന്നാല്‍ മാക്കന് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യസംയോജകരില് ഒരാളാണ്. തോല്‍വി ഭയക്കുന്ന മാക്കന് അക്കാരണം പറഞ്ഞ് മാറിനില്ക്കാന് തയ്യാറായേക്കുമെന്നാണ് സൂചനകള്‍. പക്ഷേ, അതു തോല്‍വി സമ്മതിക്കലാകുമെന്ന കാരണത്താല്‍ മത്സരിച്ചേക്കുമെന്നും പറയുന്നു.
സുബ്രഹ്മണ്യന്‍സ്വാമി ന്യൂദല്‍ഹിയില്‍ സ്ഥാനാര്ത്ഥിയാകുമെന്നുതന്നെയാണ് ബിജെപിയുടെ വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നത്. സ്വാമിയുടെ ദല്‍ഹിയിലെ സാന്നിദ്ധ്യം പലര്‍ക്കും രാഷ്ട്രീയ ഭീഷണിയാകും. സോണിയയെ രാഷ്ട്രീയമായി എതിര്‍ക്കുന്ന ദൗത്യം ഇക്കുറി സവാമി നേരിട്ട് ഏറ്റെടുക്കുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസിന്റെ പ്രമുഖന്മാര്ക്ക് ഉറക്കം കെടുത്തുന്നതിനുള്ള പ്രചാരണ സാമഗ്രികളുമായാണ് സ്വാമി ദല്‍ഹിയില്‍ തങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: