ന്യൂദല്‍ഹി: രാജ്യത്തിന്റെ സാംസ്ക്കാരിക തലസ്ഥാനവും പുണ്യനഗരിയുമായ വാരാണസിയില്‍ നരേന്ദ്രമോദിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ വര്‍ദ്ധിത വീര്യത്തോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബിജെപി-സംഘപരിവാര്‍ കേന്ദ്രങ്ങള്‍ മുന്നോട്ട്. ചരിത്രപരമായ പ്രാധാന്യമാണ് മോദിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കാരണമായത്. രാജ്യത്തിന്റെ സര്വ്വപ്രതിസന്ധികള്ക്കും നിമിത്തമായ കോണ്‍ഗ്രസ് ദുഷ്ഭരണത്തെ തുടച്ചെറിയാന്‍ മോദി കാശിയില്‍നിന്നും തെരഞ്ഞെടുപ്പ് നയിക്കണമെന്ന് ഭൂരിപക്ഷം പ്രവര്‍ത്തകരും അനുഭാവികളും ആഗ്രഹിച്ചു.
മോദി വാരാണസിയില്‍ മത്സരിക്കണമെന്ന ആഗ്രഹം ഉത്തര്‍പ്രദേശ് സംസ്ഥാന ഘടകവും കാശി ഘടകവും നേരത്തെ തന്നെ ദേശീയ നേതൃത്വത്തിന് മുന്നില്‍വെച്ചിരുന്നു. കാശി ക്ഷേത്രീയ പ്രചാരക സ്ഥാനത്തു നിന്നും ബിജെപിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ചുമതലയിലേക്കെത്തിയ രാംലാല്ജിയോടായിരുന്നു കാശിയിലെ പ്രവര്‍ത്തകര്‍ ആഗ്രഹം വ്യക്തമാക്കിയത്. എന്നാല്‍ സിറ്റിംഗ് എംപിയായ മുതിര്‍ന്ന നേതാവ് മുരളീ മനോഹര്‍ ജോഷിയുടെ തീരുമാനത്തിന് ഇക്കാര്യം വിടാനായിരുന്നു കേന്ദ്രതെരഞ്ഞെടുപ്പ് സമിതി തീരുമാനം.
മൂന്ന് തെരഞ്ഞെടുപ്പ് സമിതി യോഗങ്ങളിലും ഉത്തര്‍പ്രദേശിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നില്ലെന്നിരിക്കെ മോദിയെ നിര്‍ത്തുന്നതില്‍ ജോഷിക്ക് എതിര്‍പ്പ് എന്ന നിലയില്‍ വാര്‍ത്തകളുമായി ദേശീയ മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു. ശനിയാഴ്ച നടന്ന യോഗത്തിലാണ് യു.പി,ദല്‍ഹി,ഛത്തീസ്ഗഡ് പട്ടിക തയ്യാറാക്കിയത്.
മോദി വാരാണസിയില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം മുരളീമനോഹര്‍ ജോഷി തന്നെയാണ് ശനിയാഴ്ചത്തെ യോഗത്തില്‍ മുന്നോട്ടു വെച്ചത്. ജോഷി,രാജ്നാഥ്സിങ്,ഉമാഭാരതി,അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയ നേതാക്കളുടെ സീറ്റുകളും തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ തീരുമാനിച്ചു. 93 ലോക്സഭാ സീറ്റുകളിലേയും അരുണാചല്‍ പ്രദേശിലെ 36 നിയമസഭാ സീറ്റുകളിലേയും ഒറീസയിലെ 33 നിയമസഭാ സീറ്റുകളിലേയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് രാത്രി 10 മണിയോടെയാണ് ബിജെപി കേന്ദ്രതെരഞ്ഞെടുപ്പ് സമിതി പിരിഞ്ഞത്.
ഉത്തര്‍പ്രദേശിലെ എല്ലാ മണ്ഡലങ്ങളിലും പ്രബലരായ സ്ഥാനാര്‍ത്ഥികളാണ്. ലക്നൗവില്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ്,ഝാന്‍സിയില്‍ ഉമാ ഭാരതി,കാണ്‍പൂരില്‍ മുരളീമനോഹര്‍ ജോഷി,സുല്‍ത്താന്‍പൂരില്‍ വരുണ്‍ ഗാന്ധി, പിലിഭിത്തില്‍ മേനകാ ഗാന്ധി,ഫൈസാബാദില്‍ മുന്‍ അയോദ്ധ്യ എംഎല്‍എയായ ലല്ലുസിങ്,ഗോരഖ്പൂരില്‍ യോഗി ആദിത്യനാഥ്,ജോന്‍പൂരില്‍ മുന്‍ ആഭ്യന്തര സെക്രട്ടറി കെ.പി സിങ് . യുപിയിലെ 53 മണ്ഡലങ്ങളിലെ പട്ടിക പ്രഖ്യാപിച്ചു.
ഛത്തീസ്ഗഡിലെ ബസ്തറില്‍ സിറ്റിംഗ് എംപിയായ ദിനേശ് കശ്യപ് ഉള്‍പ്പെടെ ആറ് എംപിമാര്‍ക്ക് സീറ്റ് വീണ്ടും നല്കി. ആകെയുള്ള 11 സീറ്റുകളിലെ ബിജെപി സ്ഥാനാര്‍ത്ഥികളില്‍ അഞ്ചുപേര്‍ പുതുമുഖങ്ങളാണ്. ഉത്തരാഖണ്ഡിലെ അഞ്ചു സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിദ്വാറില്‍ സിറ്റിംഗ് എംഎല്‍എ രമേശ് പൊഖൃയാലാണ് സ്ഥാനാര്‍ത്ഥി. ചണ്ഢീഗഡില്‍ കിരോണ്‍ ഖേരും അമൃതസറില്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലിയും മത്സരിക്കുന്നു. ബീഹാറിലെ പാട്ന സാഹിബില്‍ സിറ്റിംഗ് എംപിയായ ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് വീണ്ടും സീറ്റു നല്‍കിയിട്ടുണ്ട്. ദല്‍ഹിയിലെ 7ലും ആസാമിലെ ഒരു സീറ്റിലേയും ഹരിയാനയിലെ ഏഴ് സീറ്റിലേയും ഒറീസയിലെ 4 സീറ്റുകളിലേയും ബിജെപി സ്ഥാനാര്‍ത്ഥികളേയും ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചു. ഗുജറാത്ത് ഉള്‍പ്പെടെയുള്ള വടക്ക്- പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലെ പട്ടിക ഹോളിക്കു ശേഷം നടക്കുന്ന യോഗത്തില്‍ പുറത്തിറങ്ങും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: