അഭ്രപാളിയില്‍ നിന്നും അരങ്ങത്തേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ചില നായികമാര്‍. സിനിമയില്‍ രാഷ്ട്രീയക്കാരായും, വക്കീലായും, ഡോക്ടറായുമൊക്കെ അഭിനയിച്ച നായികമാര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ മത്സരത്തിനിറങ്ങുകയാണ്. അതിഥി വേഷങ്ങളില്‍ ചില സിനിമകളില്‍ അഭിനയിക്കുന്നതു പോലെയാണ് രാഷ്ട്രീയത്തില്‍ ഈ നായികമാരുടെയൊക്കെ കടന്നുവരവെങ്കിലും ദേശീയ രാഷ്ട്രീയത്തിലെ ഇവരുടെ കടന്നുവരവ് ഏറെ ചര്‍ച്ചചെയ്യപ്പെടുമെന്നത് ശ്രദ്ധേയം.
1960-മുതല്‍ സിനിമാക്കാരുടെ രാഷ്ട്രീയ പ്രവേശമുണ്ടെങ്കിലും വനിതകള്‍ ഈ രംഗത്ത് അത്ര സജീവമായിരുന്നില്ല. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയാകട്ടെ മികച്ച നടിയെന്ന ഖ്യാതി നേടിയതിനുശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. ബച്ചന് കുടുംബത്തില്‍ നിന്നും ജയാബച്ചനും, നടി വിജയ ശാന്തിയുമൊക്കെ സിനിമാടിക്കറ്റില്‍ കയറിവന്നവരാണ്.
സത്യജിത്ത് റേ ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ് ഏതു ഭാഷകള്‍ താരതമ്യം ചെയ്താലും ഏറ്റവും സുന്ദരിയായ നടി ജയപ്രദയാണെന്ന്. കഴിഞ്ഞ 35 വര്‍ഷമായി തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം തുടങ്ങീ ഭാഷകളില്‍ മികവ് പുലര്‍ത്തുന്ന ജയപ്രദയുടെ സജീവരാഷ്ട്രീയ സാന്നിധ്യം 10 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. സമാജ്വാദി പാര്‍ട്ടിയിലായിരുന്ന ജയ ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മൊറാദാബാദിലാണ് മത്സരിക്കുക. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും ആരംഭിച്ചു കഴിഞ്ഞു.
ആന്ധ്രാപ്രദേശില്‍ നിന്നും ദേശീയ രാഷ്ട്രീയത്തിലെത്തിയ ജയപ്രദ 1996 -ല്‍ എന്‍ഡിഎയുടെ ഭരണകാലത്താണ് രാജ്യസഭയിലെത്തിയത്. മൊറാദാബാദില്‍ ജയപ്രദയുടെ വിജയ പ്രതീക്ഷയിലാണ് പാര്‍ട്ടി പ്രചാരണം ആരംഭിച്ചിരിക്കുന്നത്.
നടി സുചിത്രസെന്നിന്റെ മകള്‍ മുണ്‍മൂണ്‍ സെന്‍ മത്സരിക്കുന്നത് സിപിഎം ശക്തികേന്ദ്രമായ ബങ്കുറ മണ്ഡലത്തിലാണ്. ബംഗാളികളുടെ ഹരമായ സിനിമ-സീരിയല്‍ താരംകൂടിയായ മുണ്മൂണിനെ തെരഞ്ഞെടുപ്പിലേക്ക് ക്ഷണിച്ചത് തൃണമൂല്‍ അദ്ധ്യക്ഷ മമതാ ബാനര്‍ജിയാണ്. ഏറെ പ്രതീക്ഷയിലാണ് മമത.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടിആര്എസിലായിരുന്ന നടി വിജയശാന്തി കഴിഞ്ഞ പാര്‍ലമെന്റ് സമ്മേനങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലങ്കാന ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ സഭയിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ ആക്ഷന്‍ സിനിമയിലെ നായികയെപ്പോലെ പൊട്ടിത്തെറിച്ച വിജയശാന്തിയെ ആരും മറന്നിട്ടുണ്ടാകില്ല. മലയാളത്തിലടക്കം വിവിധ ഭാഷകളില്‍ അഭിനയിച്ച വിജയശാന്തി തെലങ്കാന സമരത്തെതുടര്‍ന്ന് എംപി സ്ഥാനം രാജിവെക്കുകയായിരുന്നു. ബിജെപിയിലൂടെ രാഷ്ട്രീയത്തിലെത്തിയതെങ്കിലും ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റിലാണ് മത്സരിക്കുന്നത്.
ഏറ്റവും പ്രായം കുറഞ്ഞ എംപി എന്നനിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വനിതാ അംഗമായിരുന്നു നടി രമ്യ. കേവലം രണ്ടുവര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പരിചയസമ്പത്തുകൊണ്ടുമാത്രം കഴിഞ്ഞ ലോക്സഭയില്‍ കടന്നുവന്ന വനിതാഅംഗം. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നുള്ള കോണ്‍ഗ്രസ് സിറ്റിംഗ് എംപി ഇത്തവണയും അതേസീറ്റില്‍ പോരാട്ടത്തിനിറങ്ങും.
ഉത്തര്‍പ്രദേശിലെ മധുരയില്‍ മത്സരിക്കുന്നത് ബോളിവുഡ് സുന്ദരി ഹേമമാലിനിയാണ്. ബിജെപി ടിക്കറ്റിലാണ് നടിയുടെ മത്സരം. ദക്ഷിണേന്ത്യന്‍ സിനിമകളിലെ മിന്നും താരമായ നഗ്മയെ ഉത്തര്‍പ്രദേശിലെ ഫൂല്പൂര് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്. എഐസിസി അംഗംകൂടിയായിരുന്ന നഗ്മ 2004-ലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുന്‍നിരയിലുണ്ടായിരുന്നു. 2009-ല്‍ മുംബൈയില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: