അരവിന്ദ് കേജ്രിവാളിന്റെ ചിഹ്നം ചൂലാണ്. അഴിമതിയെന്ന രാഷ്ട്രീയത്തിലെ മാലിന്യം തൂത്തു മാറ്റുന്നതിന്റെ പ്രതീകമായാണ് കേജ്രിവാളിന്റെ പാര്‍ട്ടി ചൂലെടുത്തത്. 2012 നവംബര്‍ 26ന് ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചു നടത്തിയ പ്രഖ്യാപനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിയെന്ന അര്‍ബുദം നീക്കലാണ് ലക്ഷ്യമെന്നാണ്. കോണ്‍ഗ്രസാണ് അഴിമതിയുടെ ചക്രവര്‍ത്തി. കേന്ദ്രവും ദല്‍ഹി സര്‍ക്കാരുകളും ഭരിച്ച് ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതിക്കഥയിലൂടെ വിദ്വേഷം പേറി നിന്ന ജനക്കൂട്ടത്തെ പാട്ടിലാക്കാന്‍ ആപ്പിനായി. അത് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയെ തോല്‍പ്പിച്ച് ‘ഹീറോ’ ആയ കേജ്രിവാള് വെറും ‘സീറോ’ ആയ മുഹൂര്‍ത്തമായിരുന്നു കോണ്‍ഗ്രസിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയായത്.
ആപ്പിന് രണ്ടാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ. 32 സീറ്റില്‍ വിജയിച്ച് ബിജെപിയാണ് ഒന്നാം കക്ഷി. ആരുടെ പിന്തുണയും സ്വീകരിക്കില്ലെന്നും ആരെയും പിന്തുണയ്ക്കില്ലെന്നും പ്രഖ്യാപിച്ച കേജ്രിവാള് ‘വാക്കല്ലേ മാറ്റാനൊക്കൂ’ എന്ന തത്ത്വത്തില്‍ തല പൂഴ്ത്തി. 28 സീറ്റുള്ള ആപ്പ് കോണ്‍ഗ്രസിന്റെ എട്ടുപേരെ കൂട്ടുപിടിച്ചാണ് മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിക്കസേരയിലിരുന്നു കോമാളി വേഷം കെട്ടിയാടിയ കേജ്രിവാള് 49-ാം ദിവസം രാജിവച്ചു. സൗജന്യ വൈദ്യുതി, സൗജന്യ കുടിവെള്ളം, ലളിത ജീവിതം, വിഐപി പരിഗണന വേണ്ട എന്നൊക്കെയുള്ള പ്രഖ്യാപനം കാറ്റില്‍ പറത്തി. ജനലോക്പാല്‍ ബില്ലെന്ന വാഗ്ദാനവും പാലിക്കാനായില്ല. സഭയില്‍ ബില്ലവതരിപ്പിക്കാന്‍ പോലും കൂട്ടാക്കാതെ ഒളിച്ചോടിയ കേജ്രിവാള് ഇന്നലെ എത്തിയത് വാരാണസിയിലാണ്.
വാരാണസിയില്‍ നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചത്. യോഗ്യതയുള്ള ആര്‍ക്കും എവിടെയും മത്സരിക്കാം. എന്നാല്‍ ലക്ഷ്യം എന്താണ് ? അഴിമതിയാണോ ? ഗുജറാത്തില്‍ ഒരു നാണയത്തുട്ടിന്റെ അഴിമതി പോലും ഇതുവരെ ആരും ചൂണ്ടിക്കാട്ടിയിട്ടില്ല. നരേന്ദ്രമോദി ഒരു വ്യാഴവട്ടമായി വേട്ടയാടപ്പെടുകയാണെങ്കിലും അതില്‍ അഴിമതി ആരോപണമില്ല. എന്നിട്ടും മോദിയെ നേരിടാന്‍ കേജ്രിവാള് രംഗത്തിറങ്ങുന്നതോടെ കാര്യം വ്യക്തമാണ്. പ്രശ്നം അഴിമതിയല്ല കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിനെ സഹായിക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിന്റെ ദത്തു പുത്രനാണ് കേജ്രിവാള് എന്ന് വ്യക്തമായി. കാക്ക കുളിച്ചാല്‍ കൊക്കാകില്ലെന്നതു പോലെ ഗംഗയില്‍ മുങ്ങിയതു കൊണ്ടൊന്നും കേജ്രിവാളിന് പുണ്യവാളനാകാനൊക്കില്ല.
കോണ്‍ഗ്രസ് വാരാണസിയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതിരിക്കുകയും കേജ്രിവാള് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുകയും ചെയ്തതോടെ കേജ്രിവാളിന്റെ ചൂല് കോണ്‍ഗ്രസിന്റെ കയ്യില്‍ ഭദ്രം എന്ന സ്ഥിതിയിലാകും. സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തും മുമ്പ് കേജ്രിവാള് ആടിയ നാടകമാണ് കൗതുകം.
ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ റോഡ് ഷോ നടത്തുന്നതിനിടയില്‍ ബിജെപിക്കാര്‍ മഷി കുടഞ്ഞെത്രെ. പിന്നെ ചീമുട്ടയേറും. ഇത്രയും ചെയ്തിട്ടും അക്രമികളെ കയ്യോടെ പിടികൂടണമെന്നു തോന്നിയില്ലെങ്കിലും ആരോപിക്കാന്‍ മറന്നില്ല. ‘മഷി എറിഞ്ഞതും മുട്ടയെറിഞ്ഞതും മോദിയുടെ ആള്ക്കാര്’. മഷിയും മുട്ടയും മറ്റാര്‍ക്ക് കിട്ടാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: