കൊല്‍ക്കത്ത: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലി മഴയും കാറ്റും കാരണം അലങ്കോലപ്പെട്ടു. ശക്തമായ മഴയിലും കാറ്റിലും കൊല്‍ക്കത്തയിലെ കോണ്‍ഗ്രസ് വേദി പൂര്‍ണമായി തകരുകയും നിരവധി സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാതെ രാഹുലിന് മടങ്ങേണ്ടി വന്നു.
ഹൈടെക് വേദിയായിരുന്നു ഒരുക്കിയിരുന്നത്. വ്യക്തവും ദൃഢതയുമുള്ള ശബ്ദസംവിധാനം, ലക്ഷങ്ങള്‍ ചെലവഴിച്ച അലങ്കാരപ്പണികള്‍ വേദിയിലും പുറത്തുമായി പലനിറത്തിലുള്ള ലൈറ്റുകള്‍… കോടികള്‍ ചെലവിട്ടാണ് വേദി തയ്യാറാക്കിയത്. വൈകുന്നേരം അഞ്ചിന് തുടങ്ങുന്ന റാലിയില്‍ കൃത്യ സമയം പാലിച്ച് രാഹുലും വേദിയിലെത്തി.
രാഹുല്‍ വേദിയില്‍ കാലെടുത്ത് കുത്തിയതോടെ അതുവരെ തെളിഞ്ഞ് നിന്ന അന്തരീക്ഷം ഇരുണ്ടു. ആകാശം കറുത്തു,പെട്ടെന്ന് ഇടിയോടുകൂടി ശക്തമായ മഴതുടങ്ങി. കോണ്‍ഗ്രസിന്റെ ഹൈടെക് വേദി ചോര്‍ന്നു തുടങ്ങി. പ്രവര്‍ത്തകര്‍ സ്വന്തം കസേര കുടയാക്കി. പിന്മാറാന് തയ്യാറല്ലെന്ന മട്ടില്‍ രാഹുല്‍ മൈക്കിനടുത്തേക്ക് എത്തിയതും ശബ്ദസംവിധാനവും പണിമുടക്കി. രാഹുല്‍ വേദിയില്‍ നിന്നും ഇറങ്ങി പ്രവര്‍ത്തകര്‍ക്ക് കൈകൊടുക്കുകയും സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്ത് തുടങ്ങി. ഉടന്‍ തന്നെ അതിശക്തമായ കാറ്റും വീശാന്‍ തുടങ്ങി. ഇനിയും നില്‍ക്കുന്നത് പന്തികേടാണെന്ന് മനസ്സിലാക്കിയ രാഹുല്‍ ഉടന്‍ വേദി വിട്ടു. ഇതോടെ കോണ്‍ഗ്രസ് റാലി പൂര്‍ണമായി അലങ്കോലപ്പെട്ടു.
ശബ്ദസംവിധാനം താറുമാറാകാന്‍ കാരണം ഷോട്ട് സര്‍ക്യൂട്ടാണെന്നും മോശമായ കാലാവസ്ഥ കാരണം റാലി മാറ്റിവച്ചതായും സംസ്ഥാന കോണ്‍ഗ്രസ് നേതാവ് പ്രദീപ് ഭട്ടാചാര്യ അറിയിച്ചു. രാഹുലിന്റെ വരവ് പ്രകൃതിക്കുപോലും ഇഷ്ടപ്പെട്ടില്ലെന്നാണ് ഇപ്പോള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അടക്കംപറച്ചില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: