ന്യൂദല്‍ഹി: മതേതരമെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍ ബിജെപിക്കെതിരെ പ്രചരിപ്പിച്ചതെല്ലാം പച്ചക്കള്ളങ്ങളാണെന്ന് തിരിച്ചറിഞ്ഞ് മുസ്ലീംസമൂഹം ബിജെപിയുമായി അടുക്കുന്നു. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നരേന്ദ്രമോദിയേയും ബിജെപിയേയും അനുകൂലിച്ച് രംഗത്തെത്തുന്ന മുസ്ലീംമതനേതാക്കളുടെയും മുസ്ലീംസമുദായത്തിലെ പ്രമുഖരുടേയും എണ്ണം വര്‍ദ്ധിച്ചുവരികയാണ്. മുസ്ലീംസമൂഹം നരേന്ദ്രമോദിയോടും ബിജെപിയോടും കാലങ്ങളായി വച്ചുപുലര്‍ത്തിയിരുന്ന അകലം മറന്നു തുടങ്ങിയിരിക്കുകയാണ്. ഹിന്ദുവും മുസ്ലീമും പരസ്പരമല്ല, ദാരിദ്ര്യത്തോടാണ് പോരാടേണ്ടതെന്ന സന്ദേശം നല്കുന്ന നരേന്ദ്രമോദിയുടെ പ്രസംഗങ്ങളാണ് പുതിയ മാറ്റത്തിന് പ്രധാന കാരണം.
ഗുജറാത്ത് കലാപത്തിന്റെ പേരില്‍ വിവിധ കോടതികളും അന്വേഷണ ഏജന്‍സികളും പലവട്ടം മോദിയെ കുറ്റവിമുക്തനാക്കിയ സാഹചര്യവും പന്ത്രണ്ട് വര്‍ഷമായി ഗുജറാത്തില്‍ ഒരു വര്‍ഗ്ഗീയ കലാപം പോലും നടക്കാത്തതും മോദി ഭരണത്തിന്‍കീഴില്‍ എല്ലാ വിഭാഗം ജനങ്ങളും പുരോഗതിയിലേക്ക് നീങ്ങുന്നതുമെല്ലാം മുസ്ലീംസമൂഹത്തിന്റെ മനംമാറ്റത്തിന് കാരണമായി മാറിയിട്ടുണ്ട്.
പ്രമുഖ മാധ്യമപ്രവര്ത്തകന് എം.ജെ അക്ബര്‍, സിനിമാ താരം സല്‍മാന്‍ഖാന്റെ പിതാവ് സലിംഖാന്, രാജ്യസഭയിലെ ജെഡിയു എംപിയായ സാബിര്‍ അലി എന്നിവരെല്ലാം ഒരാഴ്ചയ്ക്കകം നരേന്ദ്രമോദിയെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയ പ്രമുഖരാണ്. ഗുജറാത്തില്‍ നിരവധി മുസ്ലീംമതസ്ഥര് ബിജെപിയുടെ ജനപ്രതിനിധികളാണ്. ന്യൂനപക്ഷ മോര്‍ച്ചയുടെ പ്രവര്‍ത്തനം സജീവമാക്കിയതും പാര്‍ട്ടിയും മതന്യൂനപക്ഷങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ സഹായകമായി. ബിജെപി ഇതര രാഷ്ട്രീയ പാര്‍ട്ടികളാണ് വോട്ടിനു വേണ്ടി മതവേര്തിരിവുകള് മനപ്പൂര്‍വ്വം സൃഷ്ടിക്കുന്നതെന്ന യാഥാര്‍ത്ഥ്യവും ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മോദിയെ മരണത്തിന്റെ വ്യാപാരിയെന്നും കശാപ്പുകാരനെന്നും വിളിച്ച് നിരന്തരമായി നടത്തുന്ന പ്രസംഗങ്ങളുടെ വീഡിയോ പുറത്തുവിട്ട് മതഭിന്നിപ്പിന് കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങള്‍ ബിജെപി ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടി. യമരാജനെന്ന് റഷീദ് ആല്‍വി വിളിച്ചതും രാവണനെന്ന് ദിഗ് വിജയ്സിങ് വിശേഷിപ്പിച്ചതുമെല്ലാം മതങ്ങള്‍ തമ്മിലുള്ള വേര്‍തിരിവിനാണ് ഉപയോഗിക്കുന്നതെന്ന് ബിജെപി പറയുന്നു.
ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ തുണ്ടം തുണ്ടമാക്കുമെന്ന് ഉത്തര്‍പ്രദേശിലെ ഷഹരണ്പുര് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന് മസൂദ് ഇന്നലെ നടത്തിയ പ്രസംഗവും ബിജെപി മാധ്യമപ്രവര്‍ത്തകരെ കാണിച്ചു. മസൂദിന്റെ പ്രസംഗത്തെ അപലപിച്ച് ഇസ്ലാമിക പണ്ഡിതന് മൗലാന ഖാലിദ് റഷീദ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.
വാരണാസിയില്‍ മോദിവിരോധം പറഞ്ഞ് മുസ്ലീംകളെ മാത്രമായി സ്വാധീനിക്കുന്നതിനായി ശ്രമിച്ച എഎപി,കോണ്‍ഗ്രസ്,സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. മണ്ഡലത്തിലെ മൂന്ന് ലക്ഷം മുസ്ലീംവോട്ടുകള്‍ ലക്ഷ്യമിട്ട് മതവിവേചനം സൃഷ്ടിക്കാനുള്ള ശ്രമത്തിന് തുടക്കത്തില്‍ത്തന്നെ തിരിച്ചടി ലഭിച്ചിട്ടുണ്ട്. അരലക്ഷത്തോളം വരുന്ന ഷിയ മുസ്ലീംകള്‍ നരേന്ദ്രമോദിക്ക് വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ഷിയാ മുസ്ലീംകളുടെ നേതാവ് ബാഖര്‍ ബാല്യവി ഇത്തവണ മോദിയെ പിന്തുണയ്ക്കുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. സുന്നി വിഭാഗം മുസ്ലീംകളും മോദിക്കുവേണ്ടി രംഗത്തെത്തി. സൂറത്തിലെ നെയ്ത്ത് മേഖലയുടെ വികസം ഉദാഹരണമാക്കി വികസനപദ്ധതികള്‍ പ്രഖ്യാപിച്ച് നരേന്ദ്രമോദി നടത്തിയ പ്രസംഗങ്ങള്‍ നെയ്ത്തു ജോലികള്‍ ചെയ്തു ജീവിക്കുന്ന വാരണാസിയിലെ മുസ്ലീംവിഭാഗങ്ങളെ വലിയ തോതില്‍ ആകര്‍ഷിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: