ബാഗ്പത് (യുപി) : ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസിനും സമാജ്വാദി പാര്‍ട്ടിക്കും രൂക്ഷ വിമര്‍ശനം. ബാഗ്പതില്‍ നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണ റാലിയിലാണ് മോദി കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസ്സും സമാജ് വാദി പാര്‍ട്ടിയും ഇന്ത്യയിലെ കര്‍ഷകര്‍ക്കും സ്ത്രീ സുരക്ഷയ്ക്കുമായി ഒന്നും ചെയ്തില്ലെന്നും കുറ്റപ്പെടുത്തി.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ താമരയുടേയും മോദിയുടേയും ഭരണമാകുമെന്നും പറഞ്ഞ അദ്ദേഹം 1857ലെ ഒന്നാം സ്വാതന്ത്യ സമരത്തില്‍ ബാഗ്പതിന്റെ പങ്ക് ശ്രദ്ധേയമാണെന്നും പറഞ്ഞു. അന്ന് ജനങ്ങള്‍ ഒന്നടങ്കം സ്വാരാജ്യത്തിനായി സമരം ചെയ്ത് ബ്രിട്ടീഷുകാരെ നാടു കടത്തുകയും ചെയ്തു. ഇന്ന് സദ്ഭരണത്തിനായി ഓരോരുത്തരും പോരാടേണ്ടതുണ്ടെന്നും കോണ്‍ഗ്രസ്സിനെ ഇന്ത്യയില്‍ നിന്നും പറിച്ചെറിയണമെന്നത്ഓരോരുത്തരുടേയും കടമയാണെന്നും മോദി പറഞ്ഞു.
തെരഞ്ഞടുപ്പ് പ്രകടന പത്രികയിലൂടെ കോണ്‍ഗ്രസ്സിന് വാഗ്ദാനങ്ങള്‍ നല്കാനല്ലാതെ ഒന്നും നിറവേറ്റാന്‍ അറിയില്ലെന്നും മോദി വിമര്‍ശിച്ചു. രാജ്യത്തിനും ജനങ്ങള്‍ക്കുമായി സ്വന്തം ജീവന് ബലിയര്‍പ്പിക്കുന്ന സൈനികര്‍ക്കായും യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും, പാക്കിസ്ഥാന് ഇന്ത്യന്‍ സൈനികരുടെ ശിരസ്സറുത്തപ്പോള്‍ രാജ്യം കലാപകലുഷിതമായി നില്ക്കുന്ന അവസ്ഥയില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എന്തുകൊണ്ട് തടഞ്ഞില്ലെന്നു ചോദിച്ച മോദി ചോദിച്ചു. സ്വതന്ത്യ ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മുദ്രാവാക്യം ജെയ് ജവാന് ജയ് കിസാന്‍ ആണെങ്കില്‍ കോണ്‍ഗ്രസ്സിന്റേത് മര് ജവാന് മര് കിസാന്‍ ആണെന്നും യുപിഎ ഭരണത്തില്‍ കര്‍ഷകരെല്ലാം ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമാജ് വാദി പാര്‍ട്ടിയേയും അഖിലേഷ് യാദവിന്റെ ഭരണത്തേയും വിമര്‍ശിച്ച അദ്ദേഹം സ്ത്രീ സുരക്ഷയ്ക്കായി എന്ത് നിയമമാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും ചോദിച്ചു. അഖിലേഷ് യാദവിന്റെ സര്‍ക്കാര്‍ ചുമതലയേറ്റതില്‍ പിന്നെ സംസ്ഥാനത്ത് 150 കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: