വാഷിംഗ്ടണ്‍: വിദേശ ഇന്ത്യക്കാര്‍ പലരും ഇക്കുറി വിമാനത്തില്‍ സീറ്റുറപ്പിച്ചു കഴിഞ്ഞു, വോട്ടെടുപ്പുകാലത്തു നാട്ടിലെത്താന്‍. ഇതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ചിലരുടെ സീറ്റുറപ്പാക്കും, ചിലര്‍ക്കു സീറ്റു നഷ്ടമാക്കും. എന്തായാലും ഇക്കുറി എന്ആര്െഐകള് കൂട്ടത്തോടെ ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
ചില എന്‍ആര്‍ഐകള്‍ക്ക് ഇത് നിര്‍ണായക തെരഞ്ഞെടുപ്പാണ്. ചിലര്‍ക്ക് ഈ വമ്പന്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നത് ഒരു രസമാണ്. ചിലരാകട്ടെ ആദര്‍ശത്തിന്റെ പേരില്‍ വോട്ടുകുത്താന്‍ എത്തുന്നവരുമാണ്. എന്നാല്‍ മുമ്പൊരിക്കലും കാണാത്ത ആവേശം ഈ തെരഞ്ഞെടുപ്പില്‍ വിദേശ ഇന്ത്യക്കാരില്‍ ഉണ്ടെന്നതാണ് കൗതുകകരം.
ഒമാനില്‍നിന്നുള്ള സിവില്‍ എഞ്ചിനീയര്‍ കെ.പി. സുധീര്‍ വോട്ടിംഗില്‍ പങ്കെടുക്കാന്‍ പാകത്തില്‍ നാട്ടിലെത്താനാണ് വിമാനട്ടിക്കേറ്റ്ടുത്തിരിക്കുന്നത്.”ഈ തെരഞ്ഞെടുപ്പു വളരെ നിര്‍ണായകമാണ് പല വിധത്തില്‍. അതുകൊണ്ടു ഞാനതില്‍ പങ്കെടുക്കാന്‍ ഉറപ്പിച്ചിരിക്കുകയാണ്,” സുധീര്‍ പറയുന്നു.
ഒരു കോടി ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളിലായുണ്ട്. അവര്‍ക്ക് മിക്കവര്‍ക്കും വോട്ടുണ്ട്. ഇവരില്‍ 12,000 പേര് ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെത്തുമെന്നാണ് കണക്കുകള്‍.
ടെക്സാസില്‍ എഞ്ചിനീയറായ ഷറാദ് അമീന് 1973-ലാണ് ഇന്ത്യ വിട്ടത്. ഇതുവരെ തെരഞ്ഞെടുപ്പുകാലത്ത് ഇന്ത്യയില്‍ വന്നിട്ടില്ല. ഇക്കുറി തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വാര്‍ത്തകളറിഞ്ഞു കമ്പം കയറി ഷറാദ് വോട്ടുചെയ്യാനെത്തുകയാണ്.
വെറുതേ ഒരു രസം എന്നു പറയുന്നെങ്കിലും ഗുജറാത്തുകാരനായ ഷറാദ് പറയുന്നതിങ്ങനെ,” കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ 2011-ല്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. 2014-ലെ തെരഞ്ഞൈടുപ്പിനെക്കുറിച്ചു സംസാരിക്കവേ അദ്ദേഹം പറഞ്ഞു, “നമുക്കു ചില തമാശകള്‍ കാണാം,” എന്ന്. അതു കാണാന്‍ തന്നെയാണ് വരവ്.
ലണ്ടനില്‍ ഒരു റിക്രൂട്ട്മെന്റ് കമ്പനിയുടെ തലവനാണ് നചികേത് ജോഷി. അദ്ദേഹത്തിന്റെ പദ്ധതി പ്രകാരം വോട്ടിംഗിന് ആദ്യം അഹമ്മദാബാദിലെത്തും, വോട്ടുചെയ്യും. പിന്നെ നേരേ വാരാണസിയിലേക്ക്. അവിടെ മോദിക്കു വേണ്ടി പ്രചാരണം നടത്താനാണ് പരിപാടിയിട്ടിരിക്കുന്നത്.
“ഞാന്‍ മോദിയുടെ പ്രവര്‍ത്തന രീതി കണ്ട് ഏറെ ആകൃഷ്ടനായിരിക്കുകയാണ്. അദ്ദേഹത്തിന്റേ പ്രവൃത്തികള്‍ നേര് ദിശയിലുള്ളതും അടുക്കും ചിട്ടയുമുള്ളതുമാണ്. ജോഷി പറയുന്നത് ബ്രിട്ടണിലുള്ള വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്നാണ്.
കേരള മുസ്ലിം കള്‍ചര്‍ സെന്റര്‍ എയര്‍ ഇന്ത്യയുടെ ഒരു ചാര്‍ട്ടേഡ് വിമാനം 160 വോട്ടര്‍മാര്‍ക്കു വേണ്ടി ഏപ്രില്‍ ഏഴിന് പറത്തുന്നുണ്ട്. ദുബായില്‍നിന്ന് കോഴിക്കോട്ടേക്കാണു വിമാനം പോകുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റു നിരക്കില്‍ സബ്സിഡിയും കൊടുക്കുന്നുണ്ട്.
ഓവര്‍സീസ് ഫ്രണ്ഡ്സ് ഓഫ് ബിജെപി, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് എന്നീ സംഘടനകളും തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിലുണ്ട്. അവര്‍ വിവിധ വഴികളില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്.
ബിജെപി പ്രവര്‍ത്തനം അമേരിക്കക്കു പുറമേ കഴിഞ്ഞ മാസം തെരെഞ്ഞടുപ്പു പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് ഹോങ്കോങ്ങ്, ജപ്പാന്, മൗറീഷ്യസ് തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയിരുന്നു.
എന്നാല്‍ അമേരിക്ക, ബ്രിട്ടണ് തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യക്കാരെ പോലെ സമ്പന്നരല്ല ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാര്‍. അവര്‍ക്ക് ജനാധിപത്യ ബോധവും രാഷ്ട്രീയ ബോധവുമേറുമെങ്കിലും നാട്ടില്‍ വന്നു വോട്ടുചെയ്തു പോകാനുള്ള സാമ്പത്തിക ശേഷി ഉണ്ടാവില്ല. ഈ സാഹചര്യത്തില്‍ അതത് രാജ്യങ്ങളിലെ എംബസികളില്‍ വോട്ടുചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നാണ് വിദേശ ഇന്ത്യക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: