ഓരോ തെരഞ്ഞെടുപ്പുകളും അപൂര്‍വ്വതകളുടെ സഞ്ചയമാണ്. സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടികളുടെയും മുന്നണികളുടെയും ജയപരാജയകണക്കുകള്ക്കപ്പുറം ചില രസകരമായ വസ്തുതകള്‍ അവയില്‍ ഒളിഞ്ഞു കിടപ്പുണ്ട്. ആരും അത്രയൊന്നും ശ്രദ്ധിക്കാത്ത അത്തരത്തില്‍ ചിലതിലേക്ക് ഒരെത്തിനോട്ടം.
ബാലറ്റും വെള്ളപ്പന്തും
ബാലറ്റ് പേപ്പറുകള്‍ തെരഞ്ഞെടുപ്പുകളുടെ അവിഭാജ്യ ഘടകം തന്നെ. വോട്ടുചീട്ടെന്ന് ഇതിനെ വേണമെങ്കില്‍ മലയാളമാക്കാം. ബാലറ്റ് എന്ന വാക്ക് രൂപം കൊണ്ടത് ‘ബോള്‍സി’ല്‍ നിന്നാണ്. പണ്ടു കാലത്ത് ഗ്രീക്കുകാര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തിരുന്നത് പന്തുകള്‍ ഉപയോഗിച്ചായിരുന്നു.
പിന്തുണയ്ക്കു സ്ഥാനാര്‍ത്ഥിക്കുവേണ്ടി വെള്ളപ്പന്തുകള്‍ എറിയും. കറുത്ത പന്ത് ഉപയോഗിച്ചാല്‍ സ്ഥാനാര്‍ത്ഥിയെ എതിര്‍ക്കുന്നെന്ന് അര്‍ത്ഥം. 1950കളില്‍ ഇന്ത്യയില്‍ വോട്ടെടുപ്പിന് അനേകം ബാലറ്റ് പെട്ടികള്‍ ഉപയോഗിച്ചിരുന്നു. ഒരു ബാലറ്റ് പേപ്പറില്‍ വോട്ടു രേഖപ്പെടുത്തുന്നതിനു പകരം ഓരോ സ്ഥാനാര്ത്ഥിക്കുംവേണ്ടി ഓരോ പെട്ടിവച്ചു. പെട്ടികള്ക്കെല്ലാം വ്യത്യസ്ത നിറങ്ങളും നല്കി.
ആന
മായവതിയുടെ ബിഎസ്പിക്കും മുന്‍ അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് ബുഷിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഒരു സമാനതയുണ്ട്, രണ്ടു കക്ഷികളുടെയും ചിഹ്നം ഒന്നാണ്; ആന. 1996ല്‍ തമിഴ്നാട്ടിലെ മോദക്കുറിച്ചി നിയമസഭാ മണ്ഡലത്തില്‍ വലിയ അത്ഭുതം സംഭവിച്ചു. അത്തവണ അവിടെ മത്സരിച്ചത് 1033 പേര്. ബുക്ക്ലെറ്റിന്റെ രൂപത്തില്‍ ബാലറ്റ് പേപ്പര്‍ തയ്യാറാക്കേണ്ടിവന്നു അധികൃതര്‍ക്ക്.
വോട്ടു ചെയ്തത് മൂന്നു പേര്
രാജ്യചരിത്രത്തില്‍ ഏറ്റവും കുറച്ചുപേര്‍ വോട്ടു രേഖപ്പെടുത്തപ്പെട്ട ഇടം എന്ന മോശംപേര് അരുണാചല്‍ പ്രദേശിലെ ബോംദില്ലാ ജില്ലയിലെ പോളിങ് സ്റ്റേഷന്റെ അക്കൗണ്ടിലണ്. ഒരിക്കല്‍ അവിടെ സമ്മതിദാനാവകാശം വിനിയോഗിച്ചത് വെറും മൂന്നു പേര്.
അച്ഛനെയും അമ്മയെയും മകനെയും ലോക്സഭയിലെത്തിച്ചെന്ന പെരുമ മധ്യപ്രദേശിലെ രാജ്നന്ദ് ഗാവോണിനു മാത്രം സ്വന്തം. കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള സംസ്ഥാനമായിരുന്നു ഉത്തര്‍ പ്രദേശ്. പക്ഷേ, 1988ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും നേടാതെ കോണ്‍ഗ്രസ് നാണംകെട്ടു. അതിനും പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം തമിഴ്നാടിലും പശ്ചിമ ബംഗാളിലും ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നു.
അടല്‍ജി
നാലു വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് (യുപി, ഗുജറാത്ത്, മധ്യപ്രദേശ്, ദല്‍ഹി) തെരഞ്ഞെടുക്കപ്പെട്ട ഏക പാര്ലമെന്റേറിയന് എന്ന റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ പേരിലാണ്. ആറു വിഭിന്നങ്ങളായ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചയാള്‍ എന്ന പെരുമയും അടല്‍ജിക്കു തന്നെ.
ബല്‍റാംപുര്‍ (1957, 67), ഗ്വാളിയര്‍ (1971), ന്യൂദല്‍ഹി (1977, 80), വിദിഷ (1991), ഗാന്ധിനഗര്‍ (1996), ലക്നൗ (1991, 96, 98) എന്നിവടങ്ങളില്‍ അദ്ദേഹം വിജയക്കൊടി പാറിച്ചു. 1984ലെ തെരഞ്ഞെടുപ്പില്‍ രാജ്യ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തപ്പെടുകയുണ്ടായി, 63.56.
എസ്. പി. വിനോദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: