കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയപ്പോള്‍ ബി.ജെ.പിയുടെ ‘ബലൂണ്‍ പൊട്ടും എന്ന ശുഭാപ്തി വിശ്വാസമായിരുന്നു രാഹുല്‍ഗാന്ധിക്ക്.
അഭിപ്രായ വോട്ടെടുപ്പ് തെറ്റാകുമെന്നായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റിന്റെ വിശ്വാസം. ഞാനും അഭിപ്രായ വോട്ടെടുപ്പിന് അനുകൂലമല്ലായിരുന്നു. എന്നാല്‍, വിശ്വാസയോഗ്യമായ സംഘടനകളുടെ അഭിപ്രായവോട്ടെടുപ്പ് ജനങ്ങളുടെ വികാരത്തെ സ്വാധീനിക്കുന്ന ഒന്നാണ്. അഭിപ്രായ വോട്ടെടുപ്പുകള്‍ തെളിയിക്കുന്നത് കോണ്‍ഗ്രസ് സ്വാധീനം ദക്ഷിണേന്ത്യയില്‍ മാത്രം ഒതുങ്ങിനില്‍ക്കുമെന്നും ആ പാര്‍ട്ടിയുടെ സംഖ്യ രണ്ടക്കത്തില്‍ മാത്രം ഒതുങ്ങുമെന്നുമാണ്. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ ഇത്തവണ ബി.ജെ.പി ആയിരിക്കും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുക എന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത്.
മോദിയെ ഒരു ബലൂണിനോട് ഉപമിക്കുകയും അത് തിരഞ്ഞെടുപ്പിനു ശേഷം തകരുകയും ചെയ്യും എന്ന ആശയം രാഹുല്‍ഗാന്ധിക്ക് എവിടെ നിന്നാണ് ലഭിച്ചതെന്നറിയില്ല. തന്റെ തിരഞ്ഞെടുപ്പുറാലികളെ മോദിയുടെ റാലികളുമായി താരതമ്യം ചെയ്യാന്‍ അദ്ദേഹത്തിനു കഴിയുമോ? ബി.ജെ.പി. ടിക്കറ്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ഉത്സാഹത്തെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ വിസമ്മതിക്കുന്ന ആള്‍ക്കാരുമായി അദ്ദേഹത്തിന് താരതമ്യം ചെയ്യാനാകുമോ? ഡി.എം.കെ., ടി.ആര്.എസ്., എല്‍.ജെ.പി., ടി.എം.സി., പി.എം.കെ., എം.ഡി.എം.കെ. എന്നീ കക്ഷികള്‍ കോണ്‍ഗ്രസിനെ വിട്ടുപോയി. ആ യാഥാര്‍ത്ഥ്യം അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുമോ? അദ്ദേഹം ഇപ്പോഴും വിശ്വസിക്കുന്നത് തന്റെ സഖ്യകക്ഷികള്‍ക്ക് കോട്ടം തട്ടിയിട്ടില്ല എന്നാണ്. 2004ലും 2009ലും തമിഴ്നാട്ടില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നുമാണ് യു.പി.എ.യ്്ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്. എന്നാല്‍, ഇത്തവണ ഈ രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മൂക്കുകുത്തി വീഴും.
കോണ്‍ഗ്രസ്സുകാര്‍ക്ക് എല്ലാ കാര്യങ്ങളോടും നിഷേധാത്മക സമീപനമാണ് ഇന്നുള്ളത്. ധനകാര്യമന്ത്രി പി. ചിദംബരത്തിന്റെ അഭിപ്രായത്തില്‍ വിദേശ നിക്ഷേപകര്‍ വീണ്ടും നിക്ഷേപം നടത്തുന്നത് യു.പി.എ. സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ കാരണമാണെന്നാണ്. ആഗോള വിശകലനം അനുസരിച്ച് ന്യൂഡല്‍ഹിയില്‍ മോദി സര്‍ക്കാരിലൂടെ ഉണ്ടാകുന്ന ഭരണമാറ്റം നിക്ഷേപകര്‍ക്കിടയില്‍ കൂടുതല്‍ ഉണര്‍വ്വ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യകാല യു.പി.എ. സര്‍ക്കാരിന്റെ ഭരണസമയത്തെ മൊത്ത ആഭ്യന്തര ഉല്പന്നത്തിലുണ്ടായിരുന്ന വര്‍ദ്ധനവ് 8.5 ശതമാനമായിരുന്നത് അവരുടെ ഭരണത്തിന്റെ അവസാന കാലത്ത് അത് 4.5 ശതമാനമായി കുറയുകയാണുണ്ടായത്. സ്വയം രാജാവു ചമഞ്ഞു നടക്കുന്നവര്‍ക്ക് അവരുടെ ഭരണരംഗത്ത് പരാജയങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനുവേണ്ടി ഞാന്‍ തിരികെ അമൃത്സറിലെത്തിക്കഴിഞ്ഞു. ഓരോ ദിവസവും തികച്ചും ധിക്കാരപരമായ പ്രസ്താവനകളാണ് എന്റെ എതിരാളി നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെയും നേട്ടങ്ങളെയും കുറിച്ച് ഞാന്‍ പഠിക്കുകയായിരുന്നു. അതനുസരിച്ച് 2005ലെ സര്‍ക്കാര്‍ എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് ലൂധിയാന നഗരത്തിലെ ഒരു പ്രോജക്ടിന് അനുമതി നല്‍കിയതിന് വിജിലന്‍സ് ബ്യൂറോ നല്കിയ ചാര്‍ജ്ഷീറ്റ് ഞാന്‍ കാണാനിടയായി. ഇംപ്രൂവ്മെന്റ് ട്രസ്റ്റിന്റെ ചെയര്‍മാനെ മാറ്റുന്നതിന് മുഖ്യമന്ത്രി നേരിട്ട് നിര്‍ദ്ദേശിക്കുകയും ആ സ്ഥാനത്ത് തനിക്കു വേണ്ടപ്പെട്ട ആളിനെ നിയമിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. നിയമാനുസൃതമായിട്ടല്ലായിരുന്നു മേല്‍പ്പറഞ്ഞ പ്രോജക്ടിന്റെ പണി ആരംഭിച്ചത്.
ലേലവ്യവസ്ഥകള്‍ നിയമപരമായല്ല നടത്തിയിരുന്നത്. ഒരു തത്പരകക്ഷിക്കു വേണ്ടി ലേലവ്യവസ്ഥകള്‍ മാറ്റിമറിച്ചു. ലേലത്തില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് അധികാരികള്‍ക്ക് അറിയാമായിരുന്നെങ്കിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ തന്നെ നടന്നു. അംഗീകരിക്കപ്പെടാത്ത രൂപകല്പനയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ചിരുന്നത്. അങ്ങനെ സ്വകാര്യ വ്യക്തിയുടെ നേട്ടത്തിനുവേണ്ടി തന്റെ ഔദ്യോഗികസ്ഥാനം ദുരുപയോഗപ്പെടുത്തുകയാണുണ്ടായത്.
ചാര്‍ജ്ഷീറ്റില്‍ പറയുന്നതു പ്രകാരം, ആ സ്വകാര്യവ്യക്തി ഒരു ഇടനിലക്കാരനിലൂടെ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും പണം നല്‍കിയിരുന്നു. മുഖസ്തുതി പറയാന്‍ വേണ്ടി ഒന്നുംതന്നെ ആ ചാര്‍ജ് ഷീറ്റില്‍ ഉണ്ടായിരുന്നില്ല. അന്നത്തെ മുഖ്യമന്ത്രി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ യാതൊരു നടപടിയും എടുക്കാതെ തന്റെ കൈവശം സൂക്ഷിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതാണ് കോണ്‍ഗ്രസിന്റെ സത്യസന്ധത.
പൊതുരംഗത്തുള്ളവര്‍ സത്യസന്ധരായിരിക്കണം. മുന്‍കാല ഭരണാധികാരികളും മഹരാജാക്കന്മാരും ഇന്നത്തെ ഭരണവര്‍ഗ്ഗത്തെ അപേക്ഷിച്ച് സത്യസന്ധരും സുതാര്യ മനഃസ്ഥിതി ഉള്ളവരുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: