ന്യൂദല്‍ഹി: അതേ…. വാജ്പേയി കാത്തിരിക്കുകയാണ്. വീണ്ടും താമര വിടരുന്നതുകാണാന്. ജനസഹസ്രങ്ങളെ ആവേശക്കൊടു മുടിയിലെത്തിച്ച, ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഭാരതീയന്റെ ശബ്ദം ഉയര്‍ത്തിയ ആ രാഷ്ട്ര കവി ഇന്ന് ഒരുപക്ഷേ നിശബ്ദനായിരിക്കാം. എന്നാല്‍ പുതിയസര്ക്കാരിെന്റ വരവിന് അദ്ദേഹം കാതോര്ക്കുന്നുണ്ടെന്നുറപ്പ്.
അടല്‍ ബിഹാരി വാജ്പേയി എന്ന വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനും പ്രധാനമന്ത്രിയായിരുന്ന കാലമാണ് സ്വതന്ത്ര ഇന്ത്യയിലെ തിളങ്ങുന്ന കാലഘട്ടം എന്ന് ആരും സമ്മതിക്കും.എന്നിട്ടും വികസനത്തിലുപരി വര്‍ഗ്ഗീയത ആരോപിച്ചാണ് ബി.ജെ.പിയെ 2004ല്‍ അകറ്റിയത്.
പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം, അതിലും ശക്തമായ ആരോപണങ്ങളെ അതിജീവിച്ച്, നരേന്ദ്രമോദിയെന്ന മറ്റൊരു മികച്ച ഭരണാധികാരിയെ മുന്നില്‍ നിര്‍ത്തി ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ രാജ്യതലസ്ഥാനത്തെ കൃഷ്ണമേനോന് മാര്‍ഗ്ഗിലെ 6-എ വസതിയില്‍ വിശ്രമജീവിതത്തിലാണ് എ.ബി വാജ്പേയി.
2005ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചു.വാജ്പേയിയെ 2009ല്‍ പക്ഷാഘാതവും പിന്നീട് വന്ന മറവിരോഗവും ശയ്യാവലംബിയാക്കി. എങ്കിലും എന്നും ടി.വി കാണിച്ചും പത്രവാര്‍ത്തകള്‍ വായിച്ചു കൊടുത്തും ഓര്‍മ്മകളുടെ ലോകത്തെക്ക് അദ്ദേഹത്തെ മടക്കിയെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. മുന്‍ ലോ കമ്മീഷന് വൈസ് ചെയര്‍മാനും ആറു പതിറ്റാണ്ടായി സുഹൃത്തുമായ എന്‍എം ഖടാടെ, എല്‍.കെ അദ്വാനി, ബി.സി ഖണ്ഡൂരി എന്നിവര്‍ നിത്യേനയെന്നോണം വാജ്പേയിയെ സന്ദര്‍ശിക്കാറുണ്ട്. സന്ദര്‍ശനം കഴിഞ്ഞ് പിരിയുമ്പോള്‍ കണ്ണുകള്‍ നിറയുന്ന വാജ്പേയിയെ പറ്റി അദ്വാനി പലവട്ടം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്. വളര്‍ത്തുമകളായ നമിത സദാസമയവും വാജ്പേയിക്കൊപ്പമുണ്ട്.
വാജ്പേയിയുടെ മനസ്സിനെ പക്ഷാഘാതം ബാധിച്ചിട്ടില്ലെന്ന് ഖടാടെ പറയും. എന്നാല്‍ പക്ഷാഘാതം സംസാരശേഷിയെ ഉള്‍പ്പെടെ തളര്‍ത്തിക്കളഞ്ഞു. അദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണമായ ചൈനീസ് വിഭവങ്ങളും ചെമ്മീനും ചെറിയ അളവില്‍ നല്‍കും, അദ്ദേഹം പറഞ്ഞു.
2004ലെ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി നേതൃത്വവും പ്രതിപക്ഷ നേതൃസ്ഥാനവും എല്‍.കെ അദ്വാനിയെ ഏല്‍പ്പിച്ച് സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറി വാജ്പേയി മാതൃക കാണിച്ചിരുന്നു. പിന്നീട് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതിരുന്ന അദ്ദേഹം വിശ്വാസ വോട്ടെടുപ്പ് വേളയില്‍ ഒരുതവണ വീല്‍ചെയറില്‍ ലോക്സഭയിലുമെത്തി. ജനങ്ങളുടെ മുഴുവന്‍ വിശ്വാസവും നഷ്ടപ്പെടുത്തിയ യുപിഎ സര്‍ക്കാരിന്റെ ഭരണത്തെ തൂത്തെറിയുന്നതിനായി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി മുന്നേറുമ്പോള്‍ എല്ലാം അറിഞ്ഞുകൊണ്ട് വാജ്പേയി ഇന്ദ്രപ്രസ്ഥത്തില്ത്തന്നെയുണ്ട്. നവതിയിലേക്ക് അടുക്കുകയാണ് അദ്ദേഹം.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: