ന്യൂദല്‍ഹി: തെലങ്കാനയിലും സീമാന്ധ്രയിലും തെലുങ്കുദേശം പാര്‍ട്ടിയുമായി ഉടന്‍ ബിജെപിയുടെ സഖ്യം നിലവില്‍ വരും. ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും ഇരു സംസ്ഥാനങ്ങളിലും സഖ്യത്തിന് മികച്ച വിജയം നേടാനാവുമെന്നും ബിജെപി ദേശീയ നേതൃത്വം അറിയിച്ചു.
തെലങ്കാനയില്‍ ഏപ്രില്‍ 30നും സീമാന്ധ്രയില്‍ മെയ് ഏഴിനുമാണ് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇരു സംസ്ഥാനങ്ങളിലുമായി 42 ലോക്സഭാ സീറ്റുകളിലും 294 നിയമസഭാ സീറ്റുകളിലും ബിജെപി-ടിഡിപി സഖ്യം മത്സരിക്കുമെന്നാണ് സൂചന.
ലോക്സഭയിലേക്ക് 42ല്‍ 14 സീറ്റുകള്‍ ബിജെപിക്കും ബാക്കി ടിഡിപിക്കുമായി നല്‍കിക്കൊണ്ടുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. നിയമസഭയില്‍ വിജയസാധ്യതയുള്ള 70 സീറ്റുകള്‍ ബിജെപിക്ക് നല്‍കുമെന്ന് ടിഡിപി നേതൃത്വം സമ്മതിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശ് വിഭജനക്കാര്യത്തില്‍ ബിജെപി സ്വീകരിച്ച നിലപാടുകള്‍ തെലങ്കാന മേഖലയില്‍ പാര്‍ട്ടിക്ക് വലിയ നേട്ടമുണ്ടാക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇവിടെ ഒമ്പതു ലോക്സഭാ സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചേക്കും. നിയമസഭാ സീറ്റുകളിലും തെലങ്കാന മേഖലയില്‍ ബിജെപി കൂടുതല്‍ ആവശ്യപ്പെടുന്നുണ്ട്.
സീമാന്ധ്ര മേഖലയില്‍ സംസ്ഥാന വിഭജനം നീതിപൂര്വ്വകമല്ലെന്ന നിലപാട് സ്വീകരിച്ച ടിഡിപിക്ക് വലിയ സ്വീകാര്യതയാണ് ഉണ്ടായിട്ടുള്ളത്. ടിഡിപി സഖ്യത്തില്‍ മത്സരിക്കുന്നത് സീമാന്ധ്രയില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും ദേശീയ നേതൃത്വം കരുതുന്നു.
മുന്‍ദേശീയ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു, പ്രകാശ് ജാവധേക്കര്‍ തുടങ്ങിയ നേതാക്കളാണ് ടിഡിപിയുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ദേശീയ തലത്തില്‍ നരേന്ദ്രമോദി അധികാരത്തിലെത്തണമെന്ന ചന്ദ്രബാബു നായിഡുവിന്റെ നിലപാടിന്റെ അടിസ്ഥാനത്തില്‍ വിജയസാധ്യതയുള്ള കൂടുതല്‍ ലോക്സഭാ സീറ്റുകള്‍ ബിജെപിക്ക് നല്‍കിയേക്കും.
ആന്ധ്രാപ്രദേശിന്റെ ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ലാത്തവിധം ജനങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കുന്നതായും നേതൃത്വം പറയുന്നു. ടിഡിപി സഖ്യം ഉണ്ടായില്ലെങ്കില്‍ പോലും പാര്‍ട്ടിക്ക് സംസ്ഥാനത്ത് മികച്ച വിജയം നേടാനാവുമെന്നാണ് സംസ്ഥാന ഘടകത്തിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: