പാറ്റ്ന: ബീഹാറില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം കലക്കാന്‍ മാവോയിസ്റ്റുകളുടെ പുതിയ തന്ത്രം. ബള്‍ക്ക് എസ്എംഎസുകളിലൂടെ വോട്ടര്‍മാരെയും പോലീസുകാരെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയാണ് വിധ്വംസക പ്രവര്‍ത്തകര്‍. ദക്ഷിണ ബീഹാറിലെ ഗയ, നവാഡ, ജാമുയ്, ഔറംഗാബാദ്, സസറാം, കരാകത് തുടങ്ങി ആറ് മണ്ഡലങ്ങളില്‍ ഏപ്രില്‍ 10ലെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. മാവോയിസ്റ്റ് സ്വാധീനം ഏറെയുള്ള ഇടങ്ങളാണിവ.
വോട്ടുചെയ്യാന്‍ പോകരുതെന്നാണ് സമ്മതിദായകരോട് മാവോയിസ്റ്റുകള്‍ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പോലീസുകാരെ ആക്രമിക്കാന്‍ സ്വന്തം പ്രവര്‍ത്തകരോട് മാവോയിസ്റ്റ് നേതൃത്വം നിര്‍ദേശിക്കുന്നു. ജീവനില്‍ കൊതിയുണ്ടെങ്കില്‍ പോലീസ് വാഹനങ്ങളില്‍ സഞ്ചരിക്കരുതെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള മുന്നറിയിപ്പ്. മാവോയിസ്റ്റ് വക്താവ് അവിനാഷിന്റെ പേരിലാണ് എസ്എംഎസുകള്‍ പ്രചരിക്കുന്നത്. തൊഴിലാളികള്‍, കര്‍ഷകര്‍, ബുദ്ധിജീവികള്‍ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്ക് ഇത്തരത്തിലെ സന്ദേശങ്ങള്‍ നിത്യവും ലഭിക്കുന്നു.
മാവോയിസ്റ്റുകളുടെ പുതിയ വിദ്യയിത്. പോസ്റ്ററുകളും ലഘുലേഖകളും ഉപേക്ഷിച്ച അവര്‍ മൊബെയില്‍ ഫോണ്‍ സന്ദേശങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഡിജിപി അഭയാനന്ദ് പറഞ്ഞു. മെസേജുകളുടെ പ്രഭവകേന്ദ്രത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: