കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇത്തവണ തെരഞ്ഞെടുപ്പ് ചൂട് അല്‍പ്പം കൂടുതല്‍ തന്നെ. പതിവിനു വിപരീതമായി ശക്തമായ ചതുഷ്കോണ മത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. പക്ഷേ, മത്സരച്ചൂടിനെ കടത്തിവെട്ടും വേനല്ച്ചൂടെന്ന് സകല രാഷ്ട്രീയ കക്ഷികളും ഒരേ സ്വരത്തില്പ്പറയുന്നു. സൂര്യന്റെ ഉഗ്രതാപത്തെ തോല്‍പ്പിക്കാന്‍ അവര്‍ പതിനെട്ട് അടവുകളും പയറ്റുന്നുണ്ട്.
ഗ്രാമ-നഗര വ്യത്യാസമില്ലാതെ ബംഗാളിനെ കൊടുംവേനല്‍ പിടികൂടിക്കഴിഞ്ഞു. കഴിഞ്ഞ തവണ ഈസമയം 32.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചൂട്. എന്നാല്‍ ഇക്കുറി 40 ഡിഗ്രിവരെയായി അതുയര്‍ന്നു. ഈ സാഹചര്യത്തില്‍ സ്ഥാനാ ര്‍ത്ഥികളില്‍ പലരും പ്രവര്‍ത്തകരുടെ ദാഹം ശമിപ്പിക്കാന്‍ പ്രചാരണ വാഹനങ്ങളില്‍ വാട്ടര്‍ ടാങ്കും കരുതുന്നുണ്ട്. കാല്‍നട പ്രചാരണമാണെങ്കില്‍ വെള്ളം നിറച്ച കന്നാസുകള്‍ കൂടെ കൊണ്ടുപോകും. കരിക്കിന് വെള്ളം, ലസി തുടങ്ങിയ പരമ്പരാഗത പാനീയങ്ങളും ഏറെ കുടിച്ചുവറ്റിക്കുന്നു, നേതാക്കളും അണികളും. പ്രചാരണ സമയക്രമം മാറ്റി ചൂടില്‍ നിന്ന് രക്ഷനേടാനാണ് ചില സ്ഥാനാര്‍ത്ഥികളുടെ ശ്രമം. ചിലര്‍ രാവിലെ മാത്രം പ്രചാരണത്തിനിറങ്ങും; മറ്റുചിലര്‍ വൈകിട്ടും. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും വോട്ടുചോദിച്ച് ഇറങ്ങുന്നവര്‍ മറ്റൊരു കൂട്ടര്.
പല പാര്‍ട്ടികളും സ്വന്തം ചിഹ്നം പതിച്ച തൊപ്പികള്‍ക്കും കുടകള്‍ക്കും ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. ചൂടിനെ അതീജിവിക്കാന്‍ മുന്‍ കരുതല്‍ സ്വീകരിക്കാനും അതല്ലെങ്കില്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതകൂടുതലാണെന്നും പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാഹുല്‍ സിന്‍ഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: