ഭാഷയാണ് ഒരാളെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. ഏതു നാട്ടുകാരനാണെന്നു മനസിലാക്കാന്‍ ഭാഷ സഹായിക്കും. എങ്കിലും അതിനേക്കാള്‍ കൂടുതല്‍ ഒരാളിന്റെ ഉള്ളറിയാന്‍ ഭാഷ സഹായകമാണ്. അതായത് പൊതു നിരത്തില്‍ ഉപയോഗിക്കുന്ന ഭാഷ സ്വഭാവ വിശേഷം വ്യക്തമാക്കുമെന്നര്ത്ഥം.
തെരഞ്ഞെടുപ്പു വേദികളില്‍ പ്രസംഗിക്കുന്നവര്‍ വീരവാദങ്ങള്‍ നിരത്തും. അതിശയോക്തികള്‍ അടിച്ചുവിടും. എന്നാല്‍ രാഷ്ട്രീയ എതിരാളികളെക്കുറിച്ചു പറയുമ്പോള്‍ യഥാര്‍ത്ഥ സ്വഭാവം കാണിക്കും. ഗുജറാത്ത് തെരഞ്ഞെടുപ്പുകാലത്ത് സോണിയ മുഖ്യമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചു പറഞ്ഞത് മരണത്തിന്റെ വ്യാപാരിയെന്നാണ്്. സോണിയയുടെ കുടുംബത്തിലും രാഷ്ട്രീയ ജീവിതത്തിലും സംഭവിച്ച മരണ, ദുരന്തങ്ങളുടെ പശ്ചാത്തലമാണ് മോദിക്കെതിരേ അങ്ങനെയൊരു പ്രയോഗം നടത്താന്‍ അന്ന് അവരെ പ്രേരിപ്പിച്ചതെന്ന് ചില മനശ്ശാസ്ത്ര വിശാരദന്മാര് പറഞ്ഞിരുന്നു. മോദിയുടെ ഭരണകാലത്ത് ഗുജറാത്തില്‍ നടന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങളാണ് സോണിയ വിഷയമാക്കിയതെന്ന് രാഷ്ട്രീയക്കാര്‍ പറഞ്ഞെങ്കിലും അതല്ലായിരുന്നു യഥാര്‍ത്ഥ കാരണം. രാജീവുമായുള്ള വിവാഹത്തിനു ശേഷം ഇന്ദിരാ കുടുംബത്തിലുണ്ടായ ദുരന്തങ്ങള്‍, സോണിയയെ പരസ്യമായി എതിര്‍ത്ത കോണ്‍ഗ്രസ് രാഷ്ട്രീയക്കാര്‍ക്ക് ഉണ്ടായ ദുരന്തങ്ങള്‍ ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ മരണത്തിന്റെ വ്യാപാരിയെന്ന വിളിയില്‍ വെളിപ്പെട്ടത് സോണിയയുടെ മനോ വ്യാപാരമായിരുന്നുവെന്നാണ് അതു വിശകലനം ചെയ്യുന്നവര്‍ പറയുന്നത്.
മോദിയെ ചായവില്പ്പനക്കാരന് എന്നു വിളിച്ച മണിശങ്കര്‍ അയ്യര്‍ പിന്നെ മിണ്ടിയതായി കേട്ടിട്ടില്ല. എന്നാല്‍ ചായക്കാരന് എന്ന വിളിവഴി മണിശങ്കര്‍ അയ്യര്‍ സ്വയം വെളിപ്പെടുകയായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയ മേല്ജാതിക്കാരനായ പരിഷ്കാരി കോണ്‍ഗ്രസ് നേതാവിന് ഗ്രാമീണനായ, ജാതിയില്‍ പിന്നാക്കക്കാരനായ ഒരാള്‍ നേതാവായി കാണുന്നതിലുള്ള ആത്മ രോഷമാണ് ആ വിശേഷണത്തിലൂടെ പുറത്തുവന്നത്. അയ്യരുടെ വിളി മോദിക്കും ബിജെപിക്കും വലിയ ഗുണകരമായി ഭവിക്കുകയാണ് ചെയ്തതെന്നത് മറ്റൊരു കാര്യം.
പ്രതിപക്ഷ നേതാവ് അച്യുതാനന്ദന് ആര്‍എംപി നേതാവ് കെ. കെ. രമയെക്കുറിച്ചു നടത്തിയ വിശേഷണം അവര്‍ കോണ്‍ഗ്രസിന്റെ വാലാട്ടിയാണെന്നാണ്. വാലാട്ടി നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്നതു നായാണ്. അതായത് മമതയും ചാര്‍ച്ചയും പ്രകടിപ്പിക്കലാണ് അതിന്റെ ഉദ്ദേശ്യം. അച്യുതാനന്ദന് രമയെക്കുറിച്ച് അങ്ങനെ പറഞ്ഞപ്പോള്‍ വാസ്തവത്തില്‍ പുറത്തുകൊണ്ടുവന്നത് പ്രതിപക്ഷ നേതാവിന്റെ അപ്പോഴത്തെ മനോ വ്യാപാരമാണ്. അതായത് കോണ്‍ഗ്രസിനോടു തന്റെ പാര്‍ട്ടി കാണിക്കുന്ന വിധേയത്വവും മമതയും സംബന്ധിച്ച് അച്യുതാനന്ദനുള്ള വിയോജിപ്പാണ് അതിലൂടെ പുറത്തുവന്നത്. ഇങ്ങനെ പറയാതെതന്നെ ഉള്ളിലുള്ളതു പുറത്തുകൊണ്ടുവരുന്നുവെന്നതാണ് ഭാഷയുടെ വിശേഷം.
മോദിയെക്കുറിച്ച് സിപിഎം നേതാവ് കെ. സുധാകരന് നടത്തിയ പ്രസ്താവന മോദി കരടിയെപ്പോലെയാണെന്നാണ്. മോദിയുടെ രൂപത്തേയും ഭാവത്തേയും വിമര്‍ശിച്ചുകൊണ്ടുള്ള ഈ പ്രസ്താവനക്കു പിന്നില്‍ താടിയും മുടിയും നീട്ടിയ മാര്‍ക്സ്-ഏംഗല്‍സ് മുതല്‍ എം. എ. ബേബിവരെയുള്ള സ്വന്തം നേതാക്കളോടുള്ള വിയോജിപ്പാണെന്നാണ് മനോവ്യാപാരവും ഭാഷയും സംബന്ധിച്ച വിശകലനക്കാര്‍ പറയുന്നു.
മോദിക്ക് വ്യക്തിത്വത്തില്‍ അപാകതകള്‍ ഏറെ ഉണ്ടെന്നു പറയുന്ന ചിദംബരവും മോദിക്കു മനോരോഗത്തിനു ചികിത്സിക്കണമെന്നു പറയുന്ന ശരദ്പവാറും പരസ്യപ്പെടുത്തുന്നതു സ്വന്തം മനോ വിഭ്രാന്തികളാണ്. പവാറിന്റെ രാഷ്ട്രീയക്കളികളെല്ലാം അടുത്തിടെ വിഭ്രാന്തി കലര്‍ന്നതാണ്. അടിതെറ്റിയ ചിദംബരത്തിന്റെ വിശേഷാവസ്ഥയും വിഭ്രാമകമാണ്.
സിപിഎം നേതാവ് പിണറായി വിജയന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ തെളിയിക്കുന്നതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു ചോദിച്ച ചോദ്യം. വി.എസ്. അച്യുതാനന്ദനും പിണറായിയും തമ്മിലുള്ള ഗ്രൂപ്പു വിരോധം കുപ്രസിദ്ധമാണ്. അവര്‍ പക്ഷേ ഒന്നിച്ചു നില്ക്കാന് തീരുമാനിച്ചതു സംബന്ധിച്ച വാര്‍ത്തകളോടു പിണറായി പ്രതികരിച്ചതിങ്ങനെ, “വിഎസിനെ നിങ്ങള്‍ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുന്നു.” വളഞ്ഞിട്ട് ആക്രമിക്കുന്ന സായുധാക്രമണത്തെ ഓര്‍മ്മിപ്പിക്കുന്ന ഈ പ്രയോഗം ടി.പി വധക്കേസും പാര്‍ട്ടിയിലെ തന്നോടുള്ള വ്യാപകമായ എതിര്‍പ്പും മറ്റും പ്രകടമാക്കുന്നതാണെന്നതാണ് യാഥാര്‍ത്ഥ്യം.
നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളില്‍ ഭരണ കാര്യങ്ങളും ഭരണ രംഗത്തു വരുത്തേണ്ട പരിഷ്കാര കാര്യങ്ങളും മറ്റും കടന്നു വരുന്നത് താന്‍ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പ്രധാനമന്ത്രിയാണെന്ന ഉറച്ച ആത്മ വിശ്വാസം അദ്ദേഹത്തെ ഭരിക്കുന്നതുകൊണ്ടാണെന്നാണ് വിശകലനം ചെയ്യപ്പെടുന്നത്.
എന്നാല്‍ ഏറ്റവും കൗതുകകരമായ തെരഞ്ഞെടുപ്പു പ്രസംഗവാചകം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ വകയാണ്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് അദ്ദേഹം പറയുന്നത് ബിജെപിയുടെ പ്രചാരണ ബലൂണ്‍ പൊട്ടിപ്പോകുമെന്നാണ്. ഭാഷാ വിശാരദന്മാര് പറയുന്നത് രാഹുല്‍ ഗാന്ധിയുടെ കുട്ടിക്കളി രാഷ്ട്രീയ മനസാണ് ഇത് വെളിപ്പെടുത്തുന്നതെന്നാണ്. ബലൂണ്‍, ബലൂണ്‍ പൊട്ടല്‍ തുടങ്ങിയ കുട്ടിക്കളിയിലെ കൗതുകങ്ങള്‍ക്കപ്പുറം ഒരു ദേശീയ നേതാവിന്റെ രാഷ്ട്രീയ മനസിലേക്ക് രാഹുല്‍ ഇനിയും കടന്നിട്ടില്ലെന്ന് ഇത്തരം പ്രയോഗങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: