ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുമായി മതേതരത്വം സംബന്ധിച്ച ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ബിജെപി. മതേതര പാര്‍ട്ടിയെന്ന് അവകാശപ്പെട്ട് മതവിടേവഷത്തിനും മതവേര്‍തിരിവിനും നേതൃത്വം നല്കുന്ന കോണ്‍ഗ്രസിന്റെ നിലപാടുകള്‍ തുറന്നു കാട്ടാനുള്ള അവസരമായി ചര്‍ച്ചയെ കരുതുന്നുവെന്നും ബിജെപി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
കോണ്‍ഗ്രസ് അദ്ധ്യക്ഷയെ സന്ദര്‍ശിച്ച ബുഖാരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധികളോട് മുസ്ലിംവോട്ടുകള് ഭിന്നിച്ചുപോകരുതെന്നും കോണ്‍ഗ്രസിന് മാത്രമേ വോട്ട് ചെയ്യാവൂ എന്നും സോണിയ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. മതം ഉപയോഗിച്ച് വോട്ട് തേടരുതെന്ന കാര്യം സോണിയാഗാന്ധി പാലിക്കുന്നില്ല. ഇത്തരത്തില്‍ വോട്ടഭ്യര്‍ത്ഥിച്ചത് മുസ്ലിം സമൂഹത്തോട് തന്നെയുള്ള അവഹേളനമാണ്, ജാവധേക്കര്‍ പറഞ്ഞു.
ഇത്തവണ പൊതു തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നോട്ടു നീങ്ങുമ്പോള്‍ വ്യക്തമാകുന്ന ചിത്രം ബിജെപി രാജ്യത്തിനു വേണ്ടിയും കോണ്‍ഗ്രസ് മത-ജാതികളോടും വോട്ടഭ്യര്‍ത്ഥിക്കുന്നു എന്നതാണ്. ഇതാണോ കോണ്‍ഗ്രസ് എപ്പോഴും പറയുന്ന മതേതരത്വം. ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയ്ക്ക് ബിജെപി തയ്യാറാണ്. യഥാര്‍ത്ഥ മതേതര രാഷ്ട്രീയ പാര്‍ട്ടി ഏതെന്ന് ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ ഒരു അവസരമാണ് ചര്‍ച്ച. കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചതുകൊണ്ട് മുസ്ലിങ്ങള്‍ വോട്ട് നല്‍കുമെന്ന പ്രതീക്ഷ ഇത്തവണ അവര്‍ക്ക് വേണ്ടെന്നും ബിജെപിക്കനുകൂലമായി രാജ്യത്തെ മുസ്ലിം സമൂഹം ചിന്തിച്ചു തുടങ്ങിയ തെരഞ്ഞെടുപ്പാണിതെന്നും ജാവ്ദേക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: