ലക്നൗ: ലക്നൗവിലെ ചില പോളിങ്ങ് ബൂത്തുകളില്‍ വോട്ടുചെയ്യാന്‍ എത്തുന്നവര്‍ക്ക് ക്ഷീണമകറ്റാന്‍ ശീതളപാനീയങ്ങളും വിശപ്പടക്കാന്‍ ലഘുഭക്ഷണവും റെഡി.
സംസ്ഥാനത്തെ 1,400 ബൂത്തുകളില്‍ തിരഞ്ഞെടുത്തവയിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. നാഷണല്‍ സോഷ്യല്‍ സര്‍വ്വീസ് (എന്‍എസ്എസ്), നാഷണല്‍ കേഡറ്റ് കോര്‍ (എന്‍സിസി) എന്നീ സന്നദ്ധ സംഘടനകളില്‍ നിന്നുള്ള അഞ്ചോളം പ്രവര്‍ത്തകരാണ് ഓരോ ബൂത്തുകളിലും ശീതളപാനീയങ്ങളും ലഘുഭക്ഷണവും വിതരണം ചെയ്യുന്നത്. ഒരു സമ്മതിദായകന്പോലും ക്ഷീണംമൂലം വോട്ട് രേഖപ്പെടുത്താതെ മടങ്ങരുതെന്ന ലക്ഷ്യമാണിതിനു പിന്നില്‍.
വോട്ടര്‍മാരെ സന്നദ്ധപ്രവര്‍ത്തകര്‍ തണലുള്ള പ്രദേശത്തേയ്ക്ക് മാറ്റുകയും അവിടെവെച്ച് വോട്ടിങ്ങ് സ്ലിപ് ശേഖരിക്കുകയും തുടര്‍ന്ന് ക്രമത്തില്‍ ഓരോരുത്തരെയും വോട്ട് രേഖപ്പെടുത്താന്‍ പേരുകള്‍ വിളിക്കുകയും ചെയ്യുന്ന രീതിയാണ് നടപ്പാക്കുക. 15 മുതല്‍ 20 വോട്ടര്‍മാരെ ക്യൂവില്‍ ഉണ്ടാകുകയുള്ളൂ. വോട്ടര്‍ന്മാരെ നിയന്ത്രിക്കാന്‍ എന്‍എസ്എസ്, എന്‍സിസി പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്കികഴിഞ്ഞു. ഇവര്‍ക്ക് യൂണിഫോമും നല്കിട്ടുണ്ട്. ലക്നൗ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ബൂത്തുകളില്‍ ശീതളപാനീയങ്ങളുടെയും ലഘുഭക്ഷണത്തിന്റെയും ലഭ്യത ഉറപ്പുവരുത്തുന്ന ഉത്തരവാദിത്തം. ചില സ്ഥലങ്ങളില്‍ അംഗവൈകല്യമുള്ളവര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ 30നാണ് ലക്നൗവില്‍ വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: