ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ നഗറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമേശ് ചന്ദ് തോമര്‍ മത്സരം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നു. ഏപ്രില്‍ 10ന് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ ഇതോടെ പകരം സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനും കോണ്‍ഗ്രസിനാകില്ല. കേന്ദ്രടെക്സ്റ്റെയില്സ് മന്ത്രി കെ.എസ് റാവു കേന്ദ്രമന്ത്രിസഭയില്‍ നിന്നു രാജിവയ്ക്കുക കൂടി ചെയ്തതോടെ തിരിച്ചടികളുടെ ദിനമായിരുന്നു കോണ്‍ഗ്രസിന് ഇന്നലെ. കെ.എസ് റാവു ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം.
ഗാസിയാബാദില്‍ നിന്നും മൂന്നുതവണ ബിജെപി ടിക്കറ്റില്‍ ജയിച്ച തോമര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് കോണ്‍ഗ്രസിലേക്ക് മാറിയത്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് സീറ്റ് നല്കിയിട്ടു പോലും മത്സരത്തിനില്ലെന്ന് വ്യക്തമാക്കി തോമര്‍ പിന്മാറി ബിജെപിയില്‍ തിരിച്ചെത്തിയത് വലിയ ആഘാതമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടാക്കിയിരിക്കുന്നത്.
കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് രമേശ് ചന്ദ് തോമര്‍ സ്വന്തം വീട്ടിലേക്ക് തിരികെയെത്തിയതായി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ് സിങ് പറഞ്ഞു. മോദിയുടെ വികസനവും സദ്ഭരണവും പ്രതീക്ഷിച്ചുകൊണ്ടാണ് പാര്‍ട്ടിയിലേക്ക് തിരികെയെത്തിയിരിക്കുന്നതെന്ന് തോമര്‍ പറഞ്ഞു.
വര്‍ഗ്ഗീയതയും വിഭജനവാദവുമാണ് കോണ്‍ഗ്രസിന്റെ കൈമൂതലെന്നും തോമര്‍ പറഞ്ഞു. മധ്യപ്രദേശിലെ ബിന്ദിലെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ഭാഗീരഥ് പ്രസാദ് ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് വിടുന്നത്.
ഇന്നലെ രാജിവെച്ച കെ.എസ് റാവു അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി ഡി. പുരന്തരേശ്വരിയെ പിന്തുടര്ന്ന് പാര്‍ട്ടിയിലെത്തുമെന്ന സൂചനകള്‍ ബിജെപി നേതൃത്വം നല്‍കുന്നുണ്ട്. തെലങ്കാന രൂപീകരണത്തെ എതിര്‍ത്ത റാവു എല്ലുരുവില്‍ നിന്നും രണ്ടുവട്ടം ലോക്സഭയിലെത്തിയ ആളാണ്. തെലങ്കാനയില്‍ ബിജെപി-ടിഡിപി സഖ്യ സാധ്യതകള്‍ സജീവമായതോടെയാണ് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്കെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: