ന്യൂദല്‍ഹി: ബിജെപി നേതാവ് വരുണ്‍ഗാന്ധി കോണ്‍ഗ്രസ് അനുകൂലമായി പ്രസംഗിച്ചുവെന്ന ആക്ഷേപം പ്രചരിപ്പിച്ചവര്‍ക്ക് പക്ഷേ ഉദ്ദേശിച്ച ഫലം കാണാനായില്ല. മാത്രമല്ല, വരുണ്‍ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള താരതമ്യത്തിനും അത് കളമൊരുക്കി. രാഹുലിനെ പ്രകീര്‍ത്തിച്ചെന്ന വ്യാജവാര്‍ത്തയുടെ പ്രചാരണം വഴി വരുണിന് കൂടുതല്‍ സ്വീകാര്യത കിട്ടിയെന്നതാണ് വാസ്തവം. അതേ സമയം മാന്യമായ ഒരു പ്രതികരണം കൊണ്ട് രാഷ്ട്രീയം കളിക്കാനിറങ്ങിയ കോണ്‍ഗ്രസ് വിമര്‍ശിക്കപ്പെടുകയാണ്.
ഉത്തര്‍പ്രദേശില്‍ വരുണ്‍ഗാന്ധി നടത്തിയ ഒരു പ്രസംഗം വിവാദമായതായിരുന്നു ഒടുവില്‍ വരുണ്‍ഗാന്ധി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വാര്‍ത്ത. കഴിഞ്ഞ യുപി നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു ഇത്. വരുണ്‍ നടത്തിയ പ്രസംഗം ഹിന്ദുക്കളെ മുസ്ലിങ്ങള്‍ക്കെതിരെ തിരിച്ചുവിടുന്നതായെന്ന ആരോപണമായിരുനനു അന്ന്. കേസ് കോടതിയിലെത്തുകയും ഒടുവില്‍ വരുണിനെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സുല്‍ത്താന്‍പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് വരുണ്‍.
മണ്ഡലത്തില്‍ ടീച്ചര്‍മാരുടെ ഒരു യോഗത്തെ അഭിസംബോധന ചെയ്യവേ വരുണ്‍ ചോദ്യത്തിന് നല്കിയ മറുപടിയാണ് വിവാദ വാര്‍ത്തയായി പ്രചരിപ്പിച്ചത്. വരുണ്‍ വിശദീകരിക്കുന്നതിങ്ങനെ- “ചോദ്യത്തിന് മറുപടിയായിരുന്ന ഏക പ്രതികരണം. അമേഠിയില്‍ വനിതകളുടെ സ്വാശ്രയവകുപ്പിന്റെ പ്രവര്‍ത്തനം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഞാനത് നേരിട്ടു കണ്ടിട്ടില്ലെങ്കിലും അതേക്കുറിച്ച് കേട്ടിട്ടുണ്ടെന്നും വനിതകളുടെ സ്വയം ശാക്തീകരണം ആവശ്യമാണ് എന്നും പ്രതികരിച്ചു. അത് ഏതെങ്കിലും പാര്‍ട്ടിയുടെയോ വ്യക്തികളുടെയോ രാഷ്ട്രീയ പ്രവര്‍ത്തനത്തെ പിന്താങ്ങലല്ല.”
വരുണിന്റെ പ്രസ്താവനയെ തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ പ്രശംസയായി കോണ്‍ഗ്രസ് വ്യാഖ്യാനിക്കുന്നുണ്ട്. എന്നാല്‍ വരുണിന്റെ പ്രശസ്തിയാണ് ഈ സംഭവം ഉയര്‍ത്തുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.
ബിജെപിയില്‍ ചേര്‍ന്നുകൊണ്ട് വരുണ്‍ നടത്തിയ ന്യൂദല്‍ഹി പത്രസമ്മേളനത്തില്‍ അന്ന് വരുണ്‍ നയം വ്യക്തമാക്കിയിരുന്നു. അമ്മായിയുടെ സ്ഥാനത്തുള്ള സോണിയക്കും സഹോദരതുല്യനായ രാഹുലിനും എതിരെ ഒരു രഷ്ട്രീയ പ്രസ്താവനയും വിമര്‍ശനവും നടത്തില്ലെന്ന്. അത് ബിജെപി നേതാക്കള്‍, വാജ്പേയിയും അദ്വാനിയും മറ്റു മുതിര്‍ന്നവരും ഉള്‍പ്പെട്ട സമിതിക്കുമുന്നില്‍ വച്ച വ്യവസ്ഥയും അവര്‍ അംഗീകരിച്ച തീരുമാനവുമായിരുന്നു. വരുണിന്റെ മറുപടി തെറ്റായി വ്യാഖ്യാനിച്ച് മാധ്യമങ്ങള്‍ വിവാദമാക്കിയപ്പോഴും നിലപാടുകളില്‍ ഇളക്കം വരുത്താതെ അതീവ മാന്യമായി പ്രതികരിച്ച വരുണിന്റെ നിലപാടിന് പ്രശംസകള്‍ കിട്ടിക്കൊണ്ടിരിക്കുകയാണ്. പറഞ്ഞത് പാലിക്കുന്നയാളെന്നാണ് അഭിനന്ദനങ്ങള്‍.
ഞാന്‍ പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു. അതു സംബന്ധിച്ച എന്റെ വിശദീകരണം ഞാന്‍ പറഞ്ഞു. ഇപ്പോഴുള്ളത് ഇല്ലാത്ത വിവാദമാണ്. അതു താല്കാലികമാണ്, അതങ്ങനെ തീര്‍ന്നുകൊള്ളും, വരുണ്‍ പ്രതികരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: