ന്യൂദല്‍ഹി: ഇരുപത്തഞ്ചോളം ലോക്സഭാ സീറ്റുകളുണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍. ഭൂരിപക്ഷവും കോണ്‍ഗ്രസിന്റെ പക്കല്‍. സ്വാതന്ത്ര്യം ലഭിച്ച ശേഷം കോണ്‍ഗ്രസ് മാത്രമാണ് ഇവിടങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ചരിത്രം ഇത്തവണ നരേന്ദ്രമോദിക്കുവേണ്ടി വഴിമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന മോദിയുടെ റാലികളിലെ ലക്ഷങ്ങളുടെ സാന്നിധ്യം തന്നെ തെളിവ്.
എ.ബി വാജ്പേയി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ വികസനങ്ങള്‍ കൃത്യമായി ജനങ്ങളിലെത്തിക്കുന്നതിനൊപ്പം മോദിയുടെ വികസന ആശയങ്ങള്‍ കൂടി ഈ സംസ്ഥാനങ്ങളില്‍ പ്രചാരണ വിഷയമാകുന്നുണ്ട്. ചൈന ഉള്‍പ്പെടെയുള്ള വിവിധ അയല്‍ രാജ്യങ്ങളുമായി ചേര്‍ന്നു കിടക്കുന്ന ഇവിടെ സുരക്ഷാ പ്രശ്നങ്ങളും മുഖ്യപ്രചാരണ ആയുധങ്ങളാണ്.
വടക്കു കിഴക്കന്‍ സംസ്ഥാന വികസനത്തിന് 2001 സപ്തംബര്‍ 1ന് വടക്കുകിഴക്കന്‍ മേഖലാ വികസന വകുപ്പ് ആരംഭിച്ചാണ് എന്‍ഡിഎ സര്‍ക്കാര്‍ പ്രദേശത്തെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള സജീവമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എല്ലാ മന്ത്രാലയങ്ങളിലേയും ബജറ്റ് വിഹിതത്തിന്റെ പത്തു ശതമാനം വടക്കു കിഴക്കന്‍ മേഖലയ്ക്കായി എന്‍ഡിഎ സര്‍ക്കാര്‍ മാറ്റിവെച്ചിരുന്നു. ഇരുപത്തെട്ടിന അജണ്ട മേഖലയുടെ വികസനത്തിനായി വാജ്പേയി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 1998-99 മുതല്‍ 2002-03 വരെയുള്ള കാലഘട്ടത്തില്‍ 44,000 കോടി രൂപയാണ് മേഖലയില്‍ ചെലവഴിച്ചത്.
ഇതിനു പുറമേ 2003 ഒക്ടോബറില്‍ മേഖലയുടെ സാമൂഹ്യ-സാമ്പത്തിക പുരോഗതിക്കായി 1050 കോടി രൂപയുടെ പ്രത്യേക പാക്കേജും നടപ്പാക്കി. ദേശീയ പാതയുടെ വികസനം സില്‍ച്ചാര്‍ വരെയെത്തിച്ചു. ഇംഫാലിലേക്ക് റെയില്‍വേ എത്തിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്ക്കരിച്ചു. കല്‍ക്കരി-ജല വൈദ്യുത പദ്ധതികളില്‍ നിന്നും കൂടുതല്‍ വൈദ്യുതോല്‍പ്പാദനത്തിന് നടപടികള്‍ സ്വീകരിച്ചതോടെ ഗ്രാമങ്ങളിലേക്ക് വൈദ്യുതി എത്തിത്തുടങ്ങി.
മേഖലയിലെ ശുദ്ധീകരണശാലകള്‍ക്ക് അമ്പത് ശതമാനം എക്സൈസ് ഡ്യൂട്ടിയില്‍ ഇളവ് നല്കി. മേഖലയ്ക്കായി പ്രത്യേക സെല്ല് ദല്‍ഹിയില്‍ പ്രവര്‍ത്തിച്ചു. നാഗാലാന്റിനെ സമാധാന മേഖലയാക്കുന്നതിനായി വെടിനിര്‍ത്തല്‍ കരാര്‍ നടപ്പില്‍ വരുത്താന്‍ സാധിച്ചു. ബോഡോ ലാന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ബോഡോലാന്റ് ടെറിറ്റോറിയല്‍ കൗണ്‍സില്‍ രൂപീകരിച്ചു. സിക്കിമിനെക്കൂടി ചേര്‍ത്ത് വടക്കുകിഴക്കന്‍ കൗണ്‍സില്‍ വീണ്ടും സജീവമാക്കി. 1998 മുതല്‍ 2003 വരെ കൗണ്‍സില്‍ 2018.55 കോടി രൂപ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു. മേഖലയിലെ 12 എയര്‍പോര്‍ട്ടുകള്‍ ഉയര്‍ത്തുകയും ചെലവിന്റെ 60 ശതമാനവും കൗണ്‍സില്‍ വഹിക്കുകയും ചെയ്തു. ഈ കാലത്ത് 1016 കിലോമീറ്റര്‍ റോഡുകളാണ് കൗണ്‍സില്‍ മേഖലയില്‍ നിര്‍മ്മിച്ചത്. പത്തുവര്‍ഷത്തെ യുപിഎ ഭരണത്തില്‍ കീഴില്‍ ഒരു കിലോമീറ്റര്‍ പോലും ദേശീയപാതയും റെയില്‍പാതയും മേഖലയില്‍ നിര്‍മ്മിച്ചില്ല. പ്രധാനമന്ത്രി ആസാമില്‍ നിന്നുള്ള രാജ്യസഭാംഗമായിട്ടും മേഖലയിലെ പ്രശ്നങ്ങളില്‍ യാതൊരു താല്‍പ്പര്യവും കാണിച്ചില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്.
ബംഗ്ലാദേശ് മേഖലയില്‍ മുള്ളുവേലി നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും മറ്റ് അതിര്‍ത്തി പ്രദേശങ്ങളുടെ സംരക്ഷണം കൃത്യമായി നിര്‍വഹിച്ചു തുടങ്ങിയതും എന്‍ഡിഎ ഭരണകാലത്താണ്. തെക്കു കിഴക്കന്‍ ഏഷ്യയുമായി ബന്ധിക്കുന്ന സാമ്പത്തിക ഇടനാഴിയായിട്ടാണ് മേഖലയെ എ.ബി വാജ്പേയി കണ്ടത്.
നരേന്ദ്രമോദി മേഖലയിലെത്തി നടത്തിയ പ്രസംഗങ്ങളില്‍ ചൈനയ്ക്കും ബംഗ്ലാദേശിനും ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടാക്കിയ ആത്മവിശ്വാസം വലുതാണ്. മേഖലയിലെ സമ്പന്നമായ ജല ലഭ്യതയെ ഫലപ്രദമായി ഉപയോഗിക്കണമെന്ന മോദിയുടെ നിര്‍ദ്ദേശത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വാജ്പേയി തുടങ്ങിവെച്ച വികസന പദ്ധതികള്‍ വിജയപ്രദമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് മോദി നല്കിയ വാക്കില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് വടക്കുകിഴക്കന്‍ മേഖലയിലെ എട്ട് സംസ്ഥാനങ്ങള്‍.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: