മാറ്റത്തിന് ഒരു വോട്ട്: സൗമ്യസതീഷ്
(നര്‍ത്തകി, അഭിനേത്രി)
രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപാടുകളുണ്ട് സൗമ്യ സതീഷിന്. പ്രത്യേകിച്ച് കേരള രാഷ്ട്രീയം. കേരളത്തിലെ നിലവിലെ രാഷ്ട്രീയത്തെക്കുറിച്ച് എന്തുപറയാനാണെന്ന് പുഞ്ചിരിച്ചുകൊണ്ട് ആദ്യം ഒരു മറുപടി.
“സാധാരണക്കാരായ എല്ലാവരേയും പോലെ ഞാനും മാറ്റം ആഗ്രഹിക്കുന്നു.” ഇതായിരുന്നു സൗമ്യയുടെ പിന്നീടുള്ള പ്രതികരണം. കേരളത്തില്‍ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തില്‍പോലും അത്തരമൊരു മാറ്റം വരണമെന്നും സൗമ്യ പറയുന്നു. “ഒരു രാഷ്ട്രീയപാര്‍ട്ടിയോടുള്ള വിശ്വാസം നഷ്ട്ടപ്പെടുന്ന സാഹചര്യത്തില്‍ മറ്റൊരു പാര്‍ട്ടി അധികാരത്തില്‍ വരേണ്ടത് ആവശ്യമാണ്. എന്നാല്‍ ആം ആദ്മി അധികാരത്തില്‍ വരുന്നതിനോട് യോജിപ്പില്ല. അവര്‍ എത്ര കണ്ട് വിജയിക്കുമെന്ന് പറയാന്‍ പറ്റുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. നമ്മുടെ രാജ്യത്തിനുവേണ്ടത് പരിചയസമ്പന്നനായ നേതാവിനെയാണ്. ഏത് രാഷ്ട്രീയപാര്‍ട്ടി എന്നതല്ല. രാഷ്ട്രീയത്തില്‍ തഴക്കവും പഴക്കവും ഉള്ള ഒരു വ്യക്തിയായിരിക്കണം ഇനി വരേണ്ടത്. അതിന് ഏറ്റവും അനുയോജ്യന്‍ നരേന്ദ്രമോദി തന്നെയാണ്.” സൗമ്യ പറഞ്ഞു.
“രാജ്യത്ത് ഒരു പാട് പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാവുമ്പോള്‍ അതൊക്കെ കൈകാര്യം ചെയ്യേണ്ടി വരും. ഒരു സംസ്ഥാനത്തെ അല്ലെങ്കില്‍ ഒരു നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച ഒരാള്‍ക്കുമാത്രമേ അതിനു സാധിക്കൂ. അതുകൊണ്ട് തന്നെ ഭരണമാറ്റം വരുന്നതിനോടൊപ്പം മോദി പ്രധാനമന്ത്രിയാകണമെന്നാണ് എന്റെ ആഗ്രഹം.” മോദിയെ കരുത്തനായ സാരഥി എന്നുവിശേഷിപ്പിക്കുവാനാണ് സൗമ്യക്ക് ഇഷ്ടം. ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവും ആര്‍ജ്ജവവും ഉള്ളത് മോദിക്കാണെന്ന് ഈ കലാകാരി പറയുന്നു. “ഏതൊരു വിഷയവും ജനങ്ങളെ പറഞ്ഞ് ധരിപ്പിക്കാന്‍ കഴിയുന്ന വ്യക്തിയായിരിക്കണം യഥാര്‍ത്ഥ നേതാവ്. അവിടെയാണ് വിജയം. അത് മോദിക്കുണ്ട്.” വോട്ട് ചെയ്യാന്‍ ഒരവസരം ഇത്തവണ ലഭിക്കുകയാണെങ്കില്‍ അത് മാറ്റത്തിനുള്ള വോട്ടായിരിക്കുമെന്നും സൗമ്യ പറഞ്ഞു.
ഭാമയുടെ സ്ത്രീരാഷ്ട്രീയം…
സ്ത്രീ സുരക്ഷ മുന്‍ നിര്‍ത്തിയായിരിക്കും ഇത്തവണ നടി ഭാമയുടെ വോട്ട് പെട്ടിയില്‍ വീഴുക. എത്രയോ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും വീണ്ടും വീണ്ടും അത് ആവര്‍ത്തിക്കുന്നതല്ലാതെ സ്ത്രീകള്‍ക്കെതിരായ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലല്ലോ എന്നാണ് യുവനടിയുടെ ചോദ്യം. “സ്ത്രീകള്‍ക്കുവേണ്ടി എത്രയോ പദ്ധതികള്‍ കൊണ്ടുവന്നു എന്നാല്‍ ഇന്ന് ആ പദ്ധതികളുടെ അവസ്ഥ എന്താണ്. നിര്‍ഭയ, ഷീ ടാക്സി, വുമണ്‍ ഹെല്പ്പ്ലൈന്… കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തതല്ലാതെ ഇപ്പോള്‍ ഇതിന്റെയൊക്കെ അവസ്ഥ എന്താണെന്ന് മനസിലാകുന്നില്ല. എത്രയൊക്കെ വിദ്യാ സമ്പന്നരാണ് രാഷ്ട്രീയക്കാര്‍. എന്നാല്‍ പലരും ഉപയോഗിക്കുന്ന ഭാഷ വളരെ മോശമാണ്. സ്ത്രീകളെ അഭിസംബോധന ചെയ്യേണ്ടത് ഇങ്ങനെയാണോ, ഇവരുടെ ഉള്ളില്‍ ഒരു സ്വഭാവം ഒളിഞ്ഞുകിടക്കുന്നുണ്ടാകും. നേഴ്സറി കുട്ടികളെ പോലെയാണ് ചിലരുടെ പെരുമാറ്റം”- ഭാമ പറയുന്നു.
ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞാല്‍ പിന്നീട് ലഭിക്കുന്ന സമയം ടിവിക്കുമുന്നിലാണ് ഭാമ വിനിയോഗിക്കുന്നത്. ഇത്തരം നേഴ്സറി കുട്ടികളുടെ സ്വഭാവം കാണിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ നടി കൃത്യമായും വീക്ഷിക്കാറുണ്ട്. അവരുടെ സ്ത്രീപക്ഷ കാഴ്ചപ്പാടുകള്‍, സ്ത്രീകളെ അഭിസംബോധന ചെയ്യുന്ന രീതി തുടങ്ങിയവയൊക്കെ. സ്ത്രീകളെ കുറച്ചെങ്കിലും ബഹുമാനിക്കണമെന്നാണ് ഭാമയുടെ ആവശ്യം.
“സമൂഹത്തിനോട് എത്രപേര്‍ക്ക് പ്രതിബദ്ധത ഉണ്ടെന്ന് അറിയില്ല. എന്നാല്‍ എല്ലാവരില്‍ നിന്നും മെച്ചപ്പെട്ട ഒരാളെ കണ്ടെത്തി അയാള്‍ക്കായിരിക്കും വോട്ട് നല്‍കുക”-ഭാമ പറഞ്ഞു.
ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഭരണമാറ്റം വേണമെന്നും യുവനടി അഭിപ്രായപ്പെട്ടു. “ഇത്രയും കാലം ഭരിച്ച ഒരു സര്‍ക്കാരില്‍ നിന്നും അനുകൂലമായി ഒന്നും ലഭിച്ചിട്ടില്ലായെന്ന് അവര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ പുതിയൊരു ഭരണം വേണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. ബിജെപിയുടെ വക്താവ് എന്ന നിലയില്‍ ഇന്ത്യ മുഴുവന്‍ നരേന്ദ്രമോദി എന്ന നേതാവില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ്. ഗുജറാത്തില്‍ അദ്ദേഹം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ തെളിയിക്കപ്പെട്ടതാണ്. ഇന്ത്യ മുഴുവന്‍ അദ്ദേഹത്തില്‍ വിശ്വാസം അര്പ്പിച്ചിരിക്കുമ്പോള് പ്രതീക്ഷക്കുവകയുണ്ട്. ശക്തമായ ഒരു മനസിനുടമയാണ് മോദി. അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മോദി അധികാരത്തില്‍ വന്നാല്‍ പ്രതീക്ഷക്കുവകയുണ്ട്-“ഭാമ പറഞ്ഞു.
അഭിനയത്തെ സ്നേഹിക്കുന്നതുപോലെ രാഷ്ട്രീയത്തെ ഏറെ ഇഷ്ട്ടപ്പെടുന്ന കലാകാരി ആണ് ഭാമ. രാഷ്ട്രീയ ചര്‍ച്ചകള്‍ കേള്‍ക്കാന്‍ പ്രത്യേകം സമയവും കണ്ടെത്താറുണ്ട്. കേരളത്തില്‍ മാത്രമല്ല നിലവില്‍ ദേശീയ രാഷ്ട്രീയ അന്തരീക്ഷം പോലും അത്ര സുരക്ഷിതമല്ലെന്നാണ് നടിയുടെ അഭിപ്രായം. “പലരും അവരുടെ രാഷ്ട്രീയത്തെ മാത്രം പൊതിഞ്ഞുകെട്ടി നടക്കുന്നു. മറ്റുള്ളവരെ ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ക്കാണ് അവര്‍ മുന്‍തൂക്കം നല്‍കുന്നത്. ഈ പ്രവണത യുക്തിപരമല്ല-” ഭാമ പറയുന്നു.
“ഇത്തവണത്തെ തെരഞ്ഞെടുപ്പിന് ഏറെ പ്രത്യേകതകളുണ്ട്. ഭരണമാറ്റം ആഗ്രഹിച്ചാണ് എല്ലാവരും തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നത്. അതിലുപരി വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തേക്ക് കടന്നുവരുന്നു എന്നുള്ളതില്‍ ഏറെ സന്തോഷമുണ്ട്. സമൂഹത്തിന്റെ ഭാഗമാകണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് അവര്‍ തെരഞ്ഞെടുപ്പിലേക്ക് കടന്നുവരുന്നത്. അത് നല്ല കാര്യമാണ്, എന്നാല്‍ തോല്‍ക്കുന്ന മണ്ഡലത്തില്‍ മാത്രം ഇവരെ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തുന്നത് ശരിയായ നടപടിയല്ല. ഇത്തരം സമീപനത്തില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ മാറിചിന്തിക്കണം.”
ആം ആദ്മി എന്ന പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ പ്രതീക്ഷയേക്കാള്‍ ആകാംഷയായിരുന്നു ഭാമക്ക്. എന്നാല്‍ ഇപ്പോഴും ആം ആദ്മിയുടെ കാര്യത്തില്‍ അവ്യക്തതയുണ്ടെന്നാണ് ഈ കലാകാരി പറയുന്നത്. ചലച്ചിത്ര മേഖലയിലെ നിരവധി പേര് പ്രത്യേകിച്ച് നടിമാര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് ആശാവഹമാണെങ്കിലും കലാരംഗത്തുള്ളവരെ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തുന്നതിനു പിന്നില്‍ പാര്‍ട്ടികള്‍ക്ക് ചില ലക്ഷ്യമുണ്ടാകുമെന്നും ഭാമ പറയുന്നു. എന്നാല്‍ വെറുമൊരു പ്രഹസനമാകാതെ പൊതുസമൂഹത്തോട് നൂറ് ശതമാനം കൂറ് പുലര്‍ത്തിവേണം കലാരംഗത്തുള്ളവര്‍ മുന്നോട്ടുപോകാനെന്നും നടി പറയുന്നു.
രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയ പ്രകൃതിയെക്കുറിച്ചും വ്യക്തമായ കാഴ്ച്ചപ്പാടുകളുള്ള ഭാമയ്ക്ക് ഈ മേഖലയിലേക്ക് കടന്നുവരണമെന്നാണ് ആഗ്രഹം. “ഇന്ന് നടക്കില്ലായിരിക്കും. എന്നാല്‍ നാളെ ഒരു ദിനം രാഷ്ട്രീയത്തില്‍ ഞാന്‍ തീര്‍ച്ചയായും വരും” വിദേശത്തെ ഷൂട്ടിങ് തിരക്കുകളുടെ ഇടവേളയില്‍ ജന്മഭൂമിയോട് മനസ്സ് തുറന്ന ഭാമ പറഞ്ഞു നിര്‍ത്തിയത് ഇങ്ങനെ…
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: