മാതൃകാപരമായ രാഷ്ട്രീയപ്രവര്‍ത്തനമാണ് മഹിളാമോര്‍ച്ചയിലൂടെ ബിജെപിയുടെ സംസ്ഥാന സെക്രട്ടറി പദം വരെയെത്തിനില്‍ക്കുന്ന ബി.രാധാമണിയുടെ കരുത്ത്. രണ്ടര പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയമാണ് കൊല്ലത്ത് നിന്നുള്ള ഈ മഹിളാനേതാവ് സമ്പത്തായി കരുതുന്നത്. കോട്ടാത്തലയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ബി.രാധാമണി വിവാഹിതയായ ശേഷം ഭര്‍ത്താവ് രാധാകൃഷ്ണപിള്ളയോടൊപ്പമാണ് ബിജെപിയില്‍ ചേരുന്നത്.
1987ല്‍ പുനലൂരിലെ കല്‍പ്പക ഓഡിറ്റോറിയത്തില്‍ നടന്ന പാര്‍ട്ടിയോഗത്തില്‍ വച്ച് ബിജെപിയുടെ സമുന്നത നേതാവ് കെ.ജി.മാരാരില്‍ നിന്നുമാണ് രാധാമണിയും ഭര്‍ത്താവും പാര്‍ട്ടിയംഗത്വം സ്വീകരിച്ചത്. അന്നുവരെ വെറുമൊരു വീട്ടമ്മയായി ഒതുങ്ങികൂടിയിരുന്ന രാധാമണി സജീവ പ്രവര്‍ത്തകയായി പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ നാന്ദിയായിരുന്നു അത്. ബൂത്തുതലത്തില്‍ തന്നെ സ്ത്രീകളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പോലുമറിയാതിരുന്ന ആരംഭദശയിലെ ആശയക്കുഴപ്പങ്ങള്‍ പതുക്കെ നീങ്ങിയപ്പോള്‍ അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് ബി.കെ.ശേഖറുമായുള്ള കൂടിക്കാഴ്ചയായിരുന്നു സജീവപാര്ട്ടിപ്രവര്ത്തനത്തിന് കാരണമായത്. പുനലൂര്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ പാര്‍ട്ടിയുടെ സമരപരിപാടിക്കെത്തിയ അദ്ദേഹം മഹിളകളെ ജില്ലാ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കാനുള്ള ചുമതല രാധാമണിക്ക് നല്കി.
ഇന്നത്തെ പോലെ സ്ത്രീകള്‍ പൊതുരംഗത്തേക്ക് കടന്നുവരാന്‍ ഒട്ടും ഉത്സുകരല്ലാത്ത കാലം. മൊബെയില്‍ ഫോണ്‍ കണികാണാനാവാത്ത അക്കാലത്ത് ദിവസംതോറും വീടുവീടാന്തരം കയറിയുള്ള സമ്പര്‍ക്കത്തിലൂടെയായിരുന്നു രാധാമണി പാര്‍ട്ടിയിലേക്ക് സ്ത്രീകളെ കൈപിടിച്ചുകൊണ്ടുവന്നത്.
സംഘപ്രവര്‍ത്തകരുടെ വീടുകളിലെ അമ്മമാരെയും സഹോദരിമാരെയും മഹിളാമോര്‍ച്ചയില്‍ കൊണ്ടുവന്നായിരുന്നു ഇതെല്ലാം സാധ്യമായത്.
കിഴക്കന്‍മേഖലയില്‍ ഉള്‍പ്പെട്ട കുളത്തൂപ്പുഴ, അഞ്ചല്‍, പുനലൂര്‍, കൊട്ടാരക്കര എന്നിവടങ്ങളില്‍ നിന്നും സ്ത്രീകളെ സംഘടിപ്പിച്ചുകൊണ്ട് മൂന്ന് മാസത്തിനുള്ളില്‍ തന്നെ സമരപരിപാടികളും പാര്ട്ടികണ്വന്ഷനുകളും സംഘടിപ്പിക്കാന്‍ രാധാമണിയിലെ പ്രവര്‍ത്തകയ്ക്ക് സാധിച്ചു.
അന്നത്തെ വനിതാവിഭാഗം ജില്ലാനേതാക്കളായ ലതികാസോമന്, സൂര്യാരാമചന്ദ്രന്, ശുഭ എന്നിവരില്‍ നിന്നെല്ലാം മികച്ച പ്രോത്സാഹനം ലഭ്യമായതാണ് കൂടുതല്‍ പേരിലേക്ക് ഇറങ്ങി ചെല്ലാന്‍ രാധാമണിയെ പ്രേരിപ്പിച്ചത്. മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റായി ആദ്യം ചുമതലയേറ്റെടുത്തു.
പടിപടിയായി ഉയര്‍ന്ന് രണ്ട് തവണ മോര്‍ച്ച ജനറല്‍ സെക്രട്ടറിയായും രണ്ട് തവണ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും രാധാമണി പ്രവര്‍ത്തിച്ചു.
ഏറ്റെടുക്കുന്ന ചുമതലകള്‍ പരമാവധി ഭംഗിയായി നിര്‍വഹിച്ച് മറ്റുള്ളവര്‍ക്കും മാതൃക കാട്ടിയ രാധാമണി ചുരുങ്ങിയ കാലയളവിലൂടെ തന്നെ പാര്‍ട്ടിയില്‍ ശ്രദ്ധേയയായി. 2001ലും 2011ലും പുനലൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും അസംബ്ലി മണ്ഡലത്തിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാധാമണിക്ക് ജനങ്ങള്‍ക്കിടയില്‍ നല്ല തരംഗമുണ്ടാക്കാനും സാധിച്ചു.
രാഷ്ട്രീയപ്രതിയോഗികള്‍ പോലും അംഗീകരിക്കുന്ന പ്രവര്‍ത്തനമികവാണ് ഇന്നും രാധാമണിയെ മുന്നോട്ടുകൊണ്ടുപോകുന്നത്. തികഞ്ഞ കൃഷ്ണഭക്തയായ രാധാമണിയ്ക്ക് സജീവരാഷ്ട്രീയപ്രവര്ത്തനത്തിന് കുടുംബത്തില്‍ നിന്നുള്ള പിന്തുണ പറഞ്ഞറിയിക്കാനാവാത്തതാണ്. പ്രിയ, കവിത എന്നീ രണ്ട് പെണ്മക്കളാണ് രാധാമണിക്ക്. ഇരുവരുടെയും വിവാഹം കഴിഞ്ഞു. ഭഗവാന് കൃഷ്ണന്റെ കാരുണ്യം കൊണ്ട് പൊതുപ്രവര്‍ത്തനം ആരോഗ്യത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കണമെന്ന പ്രാര്‍ത്ഥനയാണ് രാധാമണിക്ക് എല്ലാ ദിവസവുമുള്ളത്.
ചെറുപ്പകാലത്ത് സംഗീതത്തില്‍ അഭിരുചിയുണ്ടായിരുന്ന രാധാമണി കഥാപ്രസംഗവും അഭ്യസിച്ചിട്ടുണ്ട്. നൂറോളം സ്റ്റേജുകളില്‍ കഥാപ്രസംഗം നടത്തിയ വീട്ടമ്മ കൂടിയാണിവര്‍. രാഷ്ട്രീയം വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നാണ് രാധാമണിയുടെ പക്ഷം. എത്ര ഉന്നതസ്ഥാനത്തെത്തിയാലും സംശുദ്ധരാഷ്ട്രീയത്തില്‍ ഉറച്ചുനില്ക്കുന്നവര് സാമ്പത്തികനേട്ടത്തിന്റെ പിന്നാലെ പോകില്ല.
രാഷ്ട്രീയത്തിലേക്ക് പുതുതായി കടന്നുവരുന്നവര്ക്കെന്ത് ഗുണമെന്ന ചോദ്യത്തിന് ചില മറുപടികള്‍ രാധാമണിക്കുണ്ട്. സമൂഹത്തിന്റെ നന്മതിന്മകള് തിരിച്ചറിയാനും വിവിധ മേഖലകളിലുള്ളവരുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പഠിക്കാനും അവയ്ക്ക് പരിഹാരം തേടി അവിശ്രമം നിറഞ്ഞമനസോടെ പ്രവര്‍ത്തിക്കാനും സാധിക്കും എന്നതുമാത്രമാണത്.
കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥി പി.എം.വേലായുധന് വേണ്ടിയും മാവേലിക്കര സ്ഥാനാര്‍ത്ഥി പി.സുധീറിനു വേണ്ടിയും സജീവമായി രംഗത്തുള്ള രാധാമണി തെരഞ്ഞെടുപ്പില്‍ മോദിയുടെ പ്രഭാവം കേരളത്തിലും പ്രതിഫലിക്കുമെന്ന് ദൃഡമായി വിശ്വസിക്കുന്നു.
എ. ശ്രീകാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: