ന്യൂദല്‍ഹി: ടീം ഇന്ത്യയെന്ന നരേന്ദ്രമോദിയുടെ സങ്കല്‍പ്പം ബിജെപിയുടെ പ്രകടന പത്രികയെ ശ്രദ്ധേയമാക്കി. കേന്ദ്രഭരണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യപങ്കാളിത്തം നല്കുന്ന രീതി ആവിഷ്ക്കരിക്കുമെന്ന പ്രഖ്യാപനമാണ് ബിജെപിയുടെ പ്രകടന പത്രികയെ ശ്രദ്ധേയമാക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബന്ധം മെച്ചപ്പെടുത്തുമെന്ന പതിവു പല്ലവിക്കുപരിയായി രാജ്യത്തിന്റെ വികസനമാതൃക സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാകും നടപ്പാക്കുക.
ദല്‍ഹിയില്‍ പ്രധാനമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് ഭരിക്കുന്ന രീതിക്കു പകരമായി സംസ്ഥാന മുഖ്യമന്ത്രിമാരേയും പ്രധാന ഉദ്യോഗസ്ഥരേയും ചേര്‍ത്തുള്ള സംവിധാനമാണ് നടപ്പാക്കുക. യുപിഎ സര്‍ക്കാര്‍ ഭരണത്തില്‍ ഗുജറാത്ത് സംസ്ഥാനം കേന്ദ്രത്തില്‍ നിന്നും അനുഭവിച്ച അവഗണനയാണ് ടീം ഇന്ത്യയെന്ന പുതിയ മാതൃകയേപ്പറ്റി ചിന്തിക്കാന്‍ നരേന്ദ്രമോദിയെ പ്രേരിപ്പിച്ചതെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്.
സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ടുള്ള സാമ്പത്തിക സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കും. പൊതു പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി സംസ്ഥാനങ്ങളുടെ റീജിയണല്‍ കൗണ്‍സിലുകള്‍ രൂപീകരിക്കും. സുരക്ഷ, അന്തര്‍ സംസ്ഥാന തര്‍ക്കങ്ങള്‍ എന്നീ വിഷയങ്ങളിലെ ഭിന്നത അവസാനിപ്പിക്കും. വിവിധ മേഖലകളിലെ സാമ്പത്തിക അസമത്വങ്ങള്‍ ഇല്ലാതാക്കല്‍, ടൂറിസം എന്നിവയ്ക്ക് മുന്‍ഗണന. മലനിരകളും മരുഭൂമികളും ഉള്ള സംസ്ഥാനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം. കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന. ദ്വീപ് സമൂഹങ്ങള്‍ക്ക് വികസന പദ്ധതികള്‍. വ്യവസായം,കൃഷി, അടിസ്ഥാന സൗകര്യ മേഖല എന്നിവയില്‍ നിക്ഷേപം കൊണ്ടുവരുന്നതിന് സംസ്ഥാനങ്ങള്‍ക്ക് കൃത്യമായ സഹായം എന്നിവ പ്രകടന പത്രിക ഉറപ്പ് നല്കുന്നു.
വിവിധ പ്രദേശങ്ങള്‍ തമ്മില്‍ വൈരുദ്ധ്യങ്ങള്‍ ഏറെയാണെങ്കിലും ‘ആദ്യം ഇന്ത്യ’ എന്ന വികാരത്തെ ശക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പ്രാദേശിക വികാരത്തെ മേഖലയുടെ വികസനത്തിനായുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കും. പ്രാദേശികാടിസ്ഥാനത്തില്‍ ചെറു സംസ്ഥാനങ്ങള്‍ രൂപീകരിക്കുക വഴി അധികാര വികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാനാകും.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി വാജ്പേയി മന്ത്രിസഭ രൂപീകരിച്ച മന്ത്രാലയത്തെ പുനരുജ്ജീവിപ്പിക്കും. നദീജല നിയന്ത്രണം വഴി ആസാമിലെ വെള്ളപ്പൊക്ക പ്രശ്നം പരിഹരിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി വിനോദസഞ്ചാര മേഖല,ഐ.ടി മേഖല എന്നിവയുടെ വികസനത്തിനായി പ്രത്യേക പദ്ധതികള്‍. ഇന്ത്യാ-ബംഗ്ലാദേശ്, ഇന്ത്യാ-മ്യാന്മാര് അതിര്‍ത്തിയിലെ മുള്ളുവേലി നിര്‍മ്മാണം പൂര്‍ത്തീകരിക്കും. വടക്കുകിഴക്കന്‍ മേഖലയിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ സുരക്ഷ രാജ്യത്താകമാനം ഉറപ്പുവരുത്തും. വിഘടനവാദ സംഘടനകളുമായി ദൃഢമായ നിലപാടിലുറച്ച ഇടപെടലുകള്‍ നടത്തും.
ജമ്മുകാശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമെന്ന് വ്യക്തമാക്കുന്ന പ്രകടന പത്രികയില്‍ കാശ്മീരി പണ്ഡിറ്റുകള്‍ക്ക് നഷ്ടപ്പെട്ട ഭൂമിയില്‍ എല്ലാ അഭിമാനത്തോടും സുരക്ഷിതത്വത്തോടുമുള്ള പുനരധിവാസം ഉറപ്പു നല്‍കുന്നുണ്ട്. ജമ്മു, കാശ്മീര്‍, ലഡാക്ക് എന്നീ മൂന്ന് മേഖലകളിലും തുല്യ വികസനം ഉറപ്പാക്കും. പാക്കധീന കാശ്മീരിലെ അഭയാര്‍ത്ഥി പ്രശ്നത്തില്‍ പരിഹാരം ഉണ്ടാക്കും. ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 വകുപ്പിനേപ്പറ്റിയുള്ള മുന്‍നിലപാടിലുറച്ച് വകുപ്പ് പിന്‍വലിക്കുന്നതിനാവശ്യമായ ചര്‍ച്ചകള്‍ ശക്തമാക്കും. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയും വിദ്യാഭ്യാസ അവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചും ആരോഗ്യമേഖല ശക്തമാക്കിയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും കാശ്മീര്‍ താഴ്വരയിലെ ജീവിതനിരവാരം വര്‍ദ്ധിപ്പിക്കും.
സീമാന്ധ്രയ്ക്കും തെലങ്കാനയ്ക്കും പൂര്‍ണ്ണ നീതി ഉറപ്പു നല്‍കിക്കൊണ്ട് വികസനവും ഭരണവും നിര്‍വഹിക്കുമെന്നും ബിജെപി പ്രകടന പത്രികയില്‍ പറയുന്നു. അധികാര വികേന്ദ്രീകരണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെക്കൂടി പങ്കാളികളാക്കി പൊതുസ്വകാര്യ പങ്കാളിത്ത(പിപിപി) മാതൃകയ്ക്ക് പകരം പീപ്പീള്‍-പബ്ലിക്,പ്രൈവറ്റ് പാര്‍ട്ട്നര്‍ഷിപ്പ്(പിപിപിപി) മാതൃകയാണ് മുന്നോട്ട് വയ്ക്കുന്നത്. പഞ്ചായത്തിരാജ് സംവിധാനങ്ങളെ കൂടുതല്‍ ശക്തമാക്കിയും കൂടുതല്‍ ഫണ്ടനുവദിച്ചും ഗ്രാമസഭകളിലെ നിര്‍ദ്ദേശങ്ങളെ വികസന പദ്ധതികള്‍ക്കായി കത്യമായി ഉപയോഗിച്ചും നിലപാട് സ്വീകരിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: