ഇടംവലം നോക്കാതെയുള്ള ഉദാരവല്ക്കരണവും സ്വകാര്യവല്‍ക്കരണവും ഭാരതത്തിന്റെ സാമ്പത്തിക നയങ്ങളായി മാറിയിരിക്കെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക കാര്‍ഷിക, തൊഴില്‍ മേഖലകളില്‍ പ്രതീക്ഷകളുണര്‍ത്തുന്നു. കൃഷിക്കാരും തൊഴിലാളികളും ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭക്ഷ്യവസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം തന്നെയാണ്. ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ വില നിയന്ത്രണ ഫണ്ടിന് രൂപം നല്‍കും എന്നു പ്രകടനപത്രിക പറയുന്നു. അതോടൊപ്പം ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ എന്ന പൊതുമേഖലാ സ്ഥാപനത്തിന് കാര്യക്ഷമതയും പ്രവര്‍ത്തനവ്യാപ്തിയും വര്‍ധിപ്പിക്കും. പുത്തന്‍ സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ വിളകളുടെ ഉല്‍പ്പാദനം സംബന്ധിച്ചും വില സംബന്ധിച്ചും കര്‍ഷകര്‍ക്ക് അതാതുസമയം വിവരങ്ങള്‍ ലഭ്യമാക്കും. ദേശീയ കാര്‍ഷിക മാര്‍ക്കറ്റിനു രൂപം നല്‍കും. ഇത്തരം നടപടികള്‍ ഭക്ഷ്യമേഖലയിലെ കരിഞ്ചന്ത ഇല്ലാതാക്കുവാന്‍ ഉപകരിക്കും. കരിഞ്ചന്തക്കാരെ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികളും പ്രകടനപത്രിക വിഭാവനം ചെയ്യുന്നു.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നല്കുന്ന ഒന്നാണ് പ്രകടനപത്രികയിലെ തൊഴില്‍ സംബന്ധിച്ചും തൊഴില്‍ സംരംഭങ്ങള്‍ സംബന്ധിച്ചുമുള്ള വാഗ്ദാനങ്ങള്‍. കഴിഞ്ഞ പത്തുവര്ഷമയി നാം കാണുന്ന “തൊഴില്‍രഹിത വളര്‍ച്ചയ്ക്ക്” അന്ത്യമുണ്ടാകും. ഉല്‍പ്പാദനമേഖലകളില്‍ തൊഴിലവസരങ്ങള്‍ കൂടുതല്‍ നല്കുന്ന വ്യവസായങ്ങളെയായിരിക്കും പ്രോത്സാഹിപ്പിക്കുക എന്നു പ്രകടനപത്രിക പറയുന്നു. പരമ്പരാഗത തൊഴില്‍ദാതാക്കളായ കൃഷി, ചെറുകിട വ്യാപാര മേഖലകളെ ആധുനികവല്‍ക്കരിച്ചു ശക്തമാക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കിക്കൊണ്ടായിരിക്കും.
സ്വയംതൊഴില്‍ കണ്ടെത്തുന്ന സംരംഭകര്‍ക്ക് സാമ്പത്തികസഹായമടക്കമുള്ള സഹായങ്ങള്‍ നല്‍കും. നഗരങ്ങളിലും ഗ്രാമങ്ങളിലും സ്വയംതൊഴില്‍ കണ്ടെത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. അസംഘടിത തൊഴിലാളികള്‍ക്ക് തൊഴില്‍ വൈദഗ്ദ്ധ്യം നല്‍കുന്നതിന് ഊന്നല്‍ നല്‍കും. നമ്മുടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ കരിയര്‍ സെന്ററുകളാക്കി മാറ്റും.
സാധാരണക്കാരന്റെ ഭക്ഷ്യസുരക്ഷയ്ക്കും പ്രകടനപത്രിക പ്രാധാന്യം നല്‍കുന്നുണ്ട്. ഇടക്കാലത്തു തകര്‍ന്ന പൊതുവിതരണ ശൃംഖലയെ സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുംവിധം ശക്തിപ്പെടുത്തും. പോഷകാഹാരക്കുറവുള്ള ജനവാസ സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയെ അടിമുടി ഉടച്ചുവാര്‍ക്കുമെന്ന് പ്രകടന പത്രിക ആവര്‍ത്തിച്ചുപറയുന്നു.
ഇന്ത്യയിലെ തൊഴില്‍ശക്തിയെ ലോകോത്തരമാക്കുവാനുള്ള പദ്ധതികളാണ് പ്രകടനപത്രികയില്‍ കാണുന്നത്. വിദഗ്ദ്ധ തൊഴിലാളികളുടെ മാപ്പിങ്ങ് നടത്തും. നാഷണല്‍ മള്‍ട്ടി സ്കില്‍ മിഷന് ആരംഭിക്കും. അഭ്യസ്തവിദ്യര്‍ക്കും തൊഴിലാളികള്‍ക്കും ഉയര്‍ന്ന നിലവാരമുള്ള തൊഴില്‍ ലഭ്യമാക്കുവാന്‍ അവര്‍ക്കുവേണ്ടി ഹ്രസ്വകാല പരിശീലന കോഴ്സുകള്‍ തുടങ്ങും.
തൊഴിലാളികളുടെ ശക്തി രാജ്യവികസനത്തിന്റെ നെടുംതൂണാണെന്ന് പ്രകടനപത്രിക അംഗീകരിക്കുന്നു. അസംഘടിത മേഖലയിലുള്ള എല്ലാ തൊഴിലാളികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. മികച്ച വിദ്യാഭ്യാസവും ആരോഗ്യരക്ഷയും തൊഴിലാളി കുടുംബങ്ങള്‍ക്കു ലഭ്യമാക്കും.
തൊഴിലാളികള്‍ക്കുവേണ്ടി മാത്രം “വര്‍ക്കേഴ്സ് ബാങ്ക്” ആരംഭിക്കും. കാലഹരണപ്പെട്ട തൊഴില്‍ നിയമങ്ങള്‍ അടിമുടി മാറ്റിയെഴുതും. എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും പെന്‍ഷനും ആരോഗ്യ ഇന്‍ഷുറന്‍സും ലഭ്യമാക്കും.
രാജ്യത്തെ പ്രമുഖ തൊഴില്‍ദാതാക്കളായ പൊതുമേഖലകളെ തകര്‍ക്കുന്ന പദ്ധതികളൊന്നും പ്രകടനപത്രികയില്‍ കാണുന്നില്ലെന്ന് മാത്രമല്ല, സ്വകാര്യവല്‍ക്കരണം, ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയ പദങ്ങള്‍ പോലും പ്രകടനപത്രികയിലില്ല. ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കില്ലെന്ന് പ്രകടനപത്രിക വ്യക്തമാക്കുന്നു. എന്നുമാത്രമല്ല, തൊഴിലവസരങ്ങളുണ്ടാക്കുന്നതോ, അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കുന്നതോ, പുത്തന്‍ സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതോ ആയ മേഖലകളില്‍ മാത്രമായിരിക്കും വിദേശനിക്ഷേപം അനുവദിക്കുക എന്നു പ്രകടനപത്രിക വ്യക്തമാക്കുന്നു.
ചുരുക്കത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അന്ധമായ ആഗോളവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ നടപടികള്‍ ഉണ്ടാവുകയില്ല. വിദേശനിക്ഷേപങ്ങളുടെ കാര്യത്തില്‍ രാജ്യത്തിന്റെ ഉത്തമതാല്പ്പര്യങ്ങള്ക്കായിരിക്കും പ്രാധാന്യം നല്‍കുക. ബിജെപി പ്രകടനപത്രിക സൂക്ഷ്മമായി പരിശോധിച്ചാല്‍ മന്മോഹന് സിംഗ് സര്‍ക്കാര്‍ പിന്തുടര്ന്നുവന്ന ഉദാരവല്‍ക്കരണ നയങ്ങളില്‍ നിന്നും സ്വദേശി സാമ്പത്തിക നയങ്ങളിലേക്കുള്ള തിരിച്ചുവരവാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് വ്യക്തമാകും.
അഡ്വ. നഗരേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: